
കല്ലുവാതുക്കലിൽ നിന്നു കാണാതായ രണ്ടു യുവതികളുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ മരിച്ച ആര്യയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചു. രേഷ്മയെ കുറ്റപ്പെടുത്തിയുള്ളതാണ് ആര്യയുടെ ആത്മഹത്യാക്കുറിപ്പ്.
ഒരു പേജിൽ കേവലം 10 വരികളിലാണ് ആര്യയുടെ ആത്മഹത്യാക്കുറിപ്പ്.
‘അറിഞ്ഞു കൊണ്ട് ആരെയും ചതിക്കണമെന്ന് വിചാരിച്ചിട്ടില്ല. അവൾ ഇത്രയും വഞ്ചകി അണെന്ന് അറിഞ്ഞില്ല. അവരുടെ ജീവിതം നന്നാവണമെന്നു മാത്രമേ വിചാരിച്ചിട്ടുള്ളു. എന്റെ മോനെ നല്ലപോലെ നോക്കണം. എന്റെ രഞ്ജിത്ത് അണ്ണന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല. പക്ഷേ ഒരു പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ ഞങ്ങളെ പൊലീസ് പിടിക്കുന്നതു സഹിക്കാൻ പറ്റുന്നില്ല. ഞങ്ങളോട് എല്ലാവരും ക്ഷമിക്കണം...’ കുറിപ്പിൽ പറയുന്നു. 2017 ലെ ഡയറിയിലെ ഒരു പേജിലാണു കുറിച്ചിരിക്കുന്നത്. പിഞ്ചു കുഞ്ഞിനെ കൊന്ന കേസിൽ എന്നെ എന്ന് എഴുതിയ ഭാഗം വെട്ടി, ഞങ്ങളെ എന്നാക്കി മാറ്റിയിട്ടുണ്ട്.
നവജാതശിശുവിനെ കൊന്നകേസില്‍ മൂന്നു ദിവസം മുന്‍പ് അറസ്റ്റിലായ രേഷ്മയുടെ ഭര്‍ത്താവിന്റെ ബന്ധുക്കളാണ് മരിച്ചത്. കല്ലുവാതുക്കല്‍ മേവനക്കോണം രഞ്ജിത്തിന്റെ ഭാര്യ ആര്യ, രഞ്ജിത്തിന്റെ സഹോദരിയുടെ മകള്‍ ശ്രുതി എന്ന് വിളിക്കുന്ന ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.
പ്രസവിച്ചയുടന്‍ രേഷ്മ കുഞ്ഞിനെ കൊന്ന കേസില്‍ മൊഴിയെടുക്കാന്‍ യുവതികളെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും കാണാതായത്.






