
ബംഗലുരു: കാസര്‍ഗോട്ടെ ഗ്രാമപ്രദേശങ്ങളുടെ പേരുകള്‍ മലയാളീകരിക്കുന്നതിന് എതിര്‍പ്പുമായി കര്‍ണാടക. കേരളത്തിന്റെ ഭാഗമായി അതിര്‍ത്തിയിലെ ഗ്രാമങ്ങളുടെ കന്നഡ പേരുകള്‍ മലയാളീകരിക്കുന്നതില്‍ എതിര്‍പ്പുമായി ജനതാദള്‍ എസ് നേതാവ് എച്ച് ഡി കുമാരസ്വാമി രംഗത്ത് വന്നു. കേരളാമുഖ്യമന്ത്രി പിണറായി വിജയനുമായി ഇക്കാര്യം അടിയന്തിരമായി ചര്‍ച്ച ചെയ്യണമെന്നാണ് കര്‍ണാടകാ മുഖ്യമന്ത്രിയോട് പറഞ്ഞിരിക്കുന്നത്.
കേരളാസര്‍ക്കാരിന്റെ നീക്കത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച കുമാരസ്വാമി തീരുമാനങ്ങള്‍ ഉടന്‍ തിരുത്തണം എന്നും അതിര്‍ത്തി ഗ്രാമങ്ങള്‍ക്ക് അതിന്റെ യഥാര്‍ത്ഥ പേര് തന്നെ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. ഇവിടെ താമസിക്കുന്ന കന്നഡിഗരായ ആള്‍ക്കാരുടെ പാരമ്പര്യത്തെ സംരക്ഷിക്കണമെന്നും കാസര്‍ഗോഡിനെ ഭാഷാഐക്യത്തിന്റെ പ്രതീകമായി നിലനിര്‍ത്തണം എന്നും ആവശ്യപ്പെട്ടു.
കന്നഡയും തമിഴും സംസാരിക്കുന്നവര്‍ ഒരുപോലെയുള്ള പ്രദേശത്ത് എല്ലാവരും സമത്വത്തോടെയും ഐക്യത്തോടെയുമാണ് കഴിയുന്നത്. ഇവിടെ സാംസ്ക്കാരിക വേര്‍തിരിവുകള്‍ ഇല്ലെന്നും ഇവിടെ ഒരു കാലത്തും സാംസ്ക്കാരിക വൈവിദ്ധ്യത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങളോ ഭാഷാപ്രശ്നമോ ഇല്ലെന്നും പറയുന്നു. അതേസമയം കന്നഡപേരുകള് മലയാളീകരിക്കാനാണ് കേരളം ഉദ്ദേശിക്കുന്നത്. മധുരയ്ക്ക് മധുരം എന്നും മല്ല യ്ക്ക് മല്ലം എന്നും കഡഗത്തിന് കരഡ്ക എന്നുമാക്കാനാണ് ഉദ്ദേശം.
ബഡേഡ്ക ബേഡകവും കുംബ്ളേ കുമ്പളവും പീലികുഞ്ച് പീലിക്കുന്നും അനേബാഗിലു ആനവാടുക്കല്, ഹോസ്ദുര്‍ഗ് പുതിയകോട്ടയും ശശിഹിത്ലു തായ്വലപ്പും മഹാസതികുണ്ടി മസ്തിക്കുണ്ടും ആയിട്ടാണ് മാറുക. പ്രശ്നത്തില്‍ യദ്യുരപ്പ ഇടപെടണമെന്നും പിണറായി വിജയനുമായി അടിയന്തിര ചര്‍ച്ച നടത്തണമെന്നും മൈസൂരിലെ ജനപ്രതിനിധികളും ആവശ്യപ്പെട്ടിട്ടുണ്ട്.






