
കൊച്ചി: ലക്ഷദ്വീപുമായി ബന്ധപ്പെട്ടതും തനിക്കെതിരേ ഉയര്‍ന്ന വിവാദവും പാകിസ്താനില്‍ സെലിബ്രേറ്റ് ചെയ്യുകയാണെന്ന് കൃത്യമായി അബ്ദുള്ളക്കുട്ടിക്ക് പറയാന്‍ കഴിയുന്നതിന് കാരണം അദ്ദേഹത്തിന് പാകിസ്താന് ബന്ധമുള്ളത് കൊണ്ടായിരിക്കാമെന്ന് ലക്ഷദ്വീപ് സാമൂഹ്യ പ്രവര്‍ത്തക ഐഷ സുല്‍ത്താന. പാകിസ്താന്ബന്ധം തനിക്കല്ലെന്നും അബ്ദുള്ളക്കുട്ടിക്കാണെന്നും ഐഷ ഒരു ചാനലില്‍ പ്രതികരിച്ചു.
തനിക്കെതിരേ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിയുടെ പ്രതികരണത്തിനായിരുന്നു ഐഷാ സുല്‍ത്താനയുടെ മറുപടി. ഐഷ സുൽത്താനയെന്ന പേരു പോലെ തന്നെയാണ് അബ്ദുല്ലക്കുട്ടി എന്നതും. വിഷയം പാകിസ്താൻ സെലിബ്രേറ്റ് ചെയ്യുകയാണെന്ന് പറയുന്ന അബ്ദുള്ളക്കുട്ടിക്കാണ് അവിടെ തീർച്ചയായും ബന്ധമുള്ളതെന്നും പറഞ്ഞു. അല്ലാഹുവിന്റെ അടുത്തു നിന്ന് വീണു കിട്ടിയ അവസരമായിട്ടാണ് അബ്ദുല്ലക്കുട്ടി ഈ പ്രശ്നത്തെ കാണുന്നത്. എന്നാല്‍ ദ്വീപിലുള്ളവര്‍ പടച്ചോന്റെ മനസ്സുള്ള ആളുകളായതിനാല്‍ അബ്ദുള്ളക്കുട്ടി ചിന്തിക്കുന്നത് പോലെ ചിന്തിക്കാനാകില്ലെന്നും പറഞ്ഞു.
കുറ്റവാളി അല്ലാത്തതിനാല്‍ കേസെടുത്തതിൽ ഭയമില്ല. തനിക്കെതിരേയുള്ള നീക്കം ഒരു അജണ്ടയുടെ ഭാഗമാണ്. മുൻകൂർ ജാമ്യം എടുക്കാതെ പോയാൽ എന്നെ അറസ്റ്റു ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നു. തങ്ങൾ ദ്വീപുകാർ ആരുമായും ശത്രുതയുള്ളവരല്ല. എന്നാല്‍ മണ്ണിന് വേണ്ടി പൊരുതുന്നതിനാല്‍ ആരൊക്കെയോ ദ്വീപ് നിവാസികളെ ശത്രുക്കളാക്കി വെച്ചിരിക്കുകയാണ്.
പ്രഫുല്‍പട്ടേല്‍ തനി ബിസിനസുകാരനാണ്. പട്ടേലിന്റെ മകനും കുടുംബത്തിനും പണമുണ്ടാകാനാണ് ലക്ഷദ്വീപിലെ കെട്ടിടങ്ങള്‍ ഇടിച്ചിട്ട് പുതിയ ബില്‍ഡിംഗുകള്‍ കൊണ്ടുവരുന്നത്. പഴയ കെട്ടിടങ്ങള്‍ പൊളിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കുതിന്റെ നിര്‍മ്മാണകരാര്‍ പോയിരിക്കുന്നത് പട്ടേലിന്റെ മകനിലേക്കാണ്. ലക്ഷദ്വീപിലെ ബിജെപി പോലും പ്രതിഷേധവുമായി എത്തിയത് ഇക്കാരണത്താലാണ്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ബയോവെപൺ എന്ന പദപ്രയോഗം നുണ കേട്ടുകൊണ്ടിരിക്കാൻ കഴിയാത്ത ഒരു സാഹചര്യത്തിൽ പറഞ്ഞുപോയ വാക്കാണെന്നും പറഞ്ഞു.
ചതിക്കുഴിയിലാണ് വീണിട്ടുള്ളത്. താൻ തെറ്റു ചെയ്ത ആളല്ല. ഇവളിനി കരകയറരുത് എന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ കരകയറിയേ തീരൂ എന്നാണ് ആഗ്രഹിക്കുന്നത്. തനിക്ക് നിലനിന്നു പോയാൽ മാത്രമേ പല കാര്യങ്ങളും ചെയ്യാൻ പറ്റൂ- അവർ വ്യക്തമാക്കി. സത്യത്തിന്റെ കൂടെ മാത്രമേ എല്ലാവരും നിൽക്കൂ. ഇന്ന് എനിക്കിത് തരണം ചെയ്യാൻ പറ്റും. വേറൊരു പെൺകുട്ടിയായിരുന്നു എങ്കിൽ അത് പറ്റുമായിരുന്നില്ല എന്നും പറഞ്ഞു. ലക്ഷ ദ്വീപിലെ അടിസ്ഥാന പ്രശ്നം മദ്യമല്ല നാട്ടുകാരുടെ സ്വാതന്ത്ര്യമാണ്. സ്വന്തം മണ്ണ് മറ്റുള്ളവക്ക് എഴുതിക്കൊടുക്കുന്നതാണ് പ്രശ്നം' എന്നും ഐഷ കൂട്ടിച്ചേർത്തു. എന്റെ ജാമ്യം റദ്ദാക്കാൻ വേണ്ടി അവർ കിണഞ്ഞു നോക്കുന്നുണ്ട്. ഞാൻ കാരണം എന്റെ നാടിന് ഒരു ബുദ്ധിമുട്ട് ഉണ്ടാകരുത്.






