
ഇന്ത്യക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കാര്‍ ബ്രാൻഡുകളിൽ ഒന്നാണ് ഹ്യുണ്ടായി. ഈ വാഹന നിര്‍മാതാക്കള്‍ 25 വര്‍ഷത്തോളമായി ഇന്ത്യക്കാര്‍ക്കൊപ്പമുണ്ട്. ഇപ്പോൾ ഹ്യുണ്ടായി ഒരു കോടി വാഹനങ്ങള്‍ ഈ നിരത്തുകളില്‍ എത്തിച്ചതിന്റെ ആഘോഷത്തിലാണ്. അല്‍കാസറാണ് ഒരുകോടി തികച്ച ആ വാഹനം. ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റില്‍ നിന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഒരുകോടി തികയുന്ന വാഹനം പുറത്തിറക്കിയത്.
ഒരു കോടി എന്ന നാഴികക്കല്ലില്‍ എത്തിച്ച മോഡല്‍ ഹ്യുണ്ടായി അല്‍കാസര്‍ എന്ന പ്രീമിയം എസ്.യു.വിയാണ്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഈ വാഹനത്തിന്റെ ബോണറ്റില്‍ കയ്യൊപ്പ് പതിപ്പിച്ചു. ആദ്യ വാഹനം സാന്ട്രോയില് നിന്ന് ഹ്യുണ്ടായി ഇന്ത്യന്‍ ആരംഭിച്ച യാത്ര ഇപ്പോള്‍ 11 മോഡലുകളുമായാണ് മുന്നോട്ട് പോകുന്നത്. 88 രാജ്യങ്ങളിലേക്ക് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് വാഹനം കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ ഉടനീളം 522 ഡീലര്‍ഷിപ്പുകളും 1310 ഷോറൂമുകളുമായാണ് ഹ്യുണ്ടായിയുടെ നെറ്റ്വര്‍ക്ക് രാജ്യത്ത് വ്യാപിച്ച് കിടക്കുന്നത്.
ലോകത്തുടനീളമുള്ള വാഹന നിര്‍മാതാക്കളെ കോവിഡ് മഹാമാരി പ്രതിസന്ധിയിലാക്കിയപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വലിയ പിന്തുണയായിരുന്നെന്ന് ഹ്യുണ്ടായി പറയുന്നു. ലോകത്തിനായി ഇന്ത്യന്‍ നിര്‍മിക്കുന്ന എന്ന മുദ്രാവാക്യത്തിലാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. രാജ്യത്തെ ഏറ്റവും വലിയ വാഹന കയറ്റുമതിക്കാര്‍, ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട് മൊബിലിറ്റി സൊല്യൂഷന്, തുടങ്ങിയ വിശേഷങ്ങള്‍ കമ്പനിക്ക് സമ്മാനിച്ച രാജ്യമാണ് ഇന്ത്യയെന്നും ഹ്യുണ്ടായി അഭിപ്രായപ്പെടുന്നുണ്ട്.






