
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടൂള്‍കിറ്റ് കേസ് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ടൂള്‍കിറ്റിനോട് താത്പര്യമില്ലെങ്കില്‍ അതിനെ അവഗണിച്ചാല്‍ മാത്രം മതിയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.ഇത്തരം നിസാര ഹര്‍ജികള്‍ പരിഗണിക്കാനാവില്ല. ഇത്തരം ഹര്‍ജികളുടെ പേരില്‍ കര്‍ശന നടപടി സ്വീകരിക്കേണ്ട സമയമായെന്നും ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് തെളിയിക്കപ്പെട്ടാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, ഹര്‍ജിക്കാരന് അതെല്ലാം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രചാരണ തന്ത്രം മാത്രമാണന്നും കോടതി പറഞ്ഞു. അതിനിടെ, ടൂള്‍കിറ്റ് വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുന്ന കാര്യം രണ്ടംഗ ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് എം.ആര്‍ ഷാ ചൂണ്ടിക്കാട്ടി. രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മോശമായി ചിത്രീകരിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍കിറ്റ് തയ്യാറാക്കിയെന്നാണ് ബിജെപിയുടെ ആരോപണം.






