
കൊല്‍ക്കത്ത : ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് അഞ്ചു ലക്ഷം രൂപ കോടതി പിഴ ചുമത്തി. ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി മമത മുന്‍കൂട്ടി നീക്കെ നടത്തിയെന്നാരോപിച്ചാണ് പിഴ ചുമത്തിയത്. നന്ദിഗ്രാം തെരഞ്ഞെടുപ്പു കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നടപടി. കേസ് കേള്‍ക്കുന്നതില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗശിക് ചന്ദ പിന്മാറി.
ജുഡീഷ്യറിയെ മോശമായ രീതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ചിത്രീകരിച്ചു. ഇതിനു പിഴയായി അഞ്ച് ലക്ഷം രൂപ കൊല്‍ക്കത്ത ഹൈക്കോടതി പിഴ ചുമത്തുകയായിരുന്നു. കോവിഡ് 19 ബാധിച്ച അഭിഭാഷകരുടെ കുടുംബങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
നന്ദിഗ്രാമില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരായ കേസ് പരിഗണിക്കുന്നതില്‍ നിന്ന് ജസ്റ്റിസ് കൗശിക് ചന്ദയെ നീക്കണമെന്ന് നേരത്തേ ടി എം സി ഉന്നയിച്ചിരുന്നു. ജസ്റ്റിസ് ചന്ദയെ പലപ്പോഴും ബിജെപി നേതാക്കളുമായി കണ്ടിട്ടുണ്ടെന്നും ചന്ദയുടെ ബെഞ്ചില്‍ നിന്ന് കേസ് കൈമാറണമെന്നും മമത ബാനര്‍ജിയുടെ അഭിഭാഷകന് കോടതിയില്‍ വാദിച്ചിരുന്നു.
കേസ് കേള്‍ക്കുന്നതില്‍ നിന്ന് കൊല്‍ക്കത്ത ഹൈക്കോടതി ജസ്റ്റിസ് കൗശിക് ചന്ദ പിന്നീട് സ്വയം പിന്മാറുകയും അപേക്ഷകന് 5 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. കേസ് പരിഗണിക്കുന്നതിനുമുമ്പുതന്നെ തന്റെ തീരുമാനത്തെ മുന്‍വിധിയോടെ ബോധപൂര്‍വമായ ശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് ചന്ദ കൊല്‍ക്കത്ത ഹൈക്കോടതി ബെഞ്ചിലെത്തും മുമ്പ് ബിജെപിയ്ക്കായി അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നതായി മറ്റ് അഭിഭാഷകര്‍ പറയുന്നു.






