
കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുസ്ലീം ലീഗ് മുന്‍ എം.എല്‍.എ കെ.എം ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുന്നു. കോഴിക്കോട് വിജിലന്‍സ് ഓഫീസിലേക്ക് പത്തുമണിയോടെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ഇന്നലെ ഷാജിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഷാജിയുടെ മൊഴിയും വിജിലന്‍സിന്റെ കണ്ടെത്തലുകളും തമ്മില്‍ പ്രത്യക്ഷത്തില്‍ പൊരുത്തക്കേടുകളുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും വിളിപ്പിച്ചത്.
കെ.എം ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ തിരഞ്ഞെടുപ്പിനു തൊട്ടുപിന്നാലെ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 47 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ആവശ്യത്തിനായി മണ്ഡലം കമ്മിറ്റികള്‍ പിരിച്ച പണമാണെന്നായിരുന്നു ഷാജിയുടെ മൊഴി. ഇതിന്റെ തെളിവായി രേഖകളും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് കൃത്രിമമാണോയെന്ന സംശയം വിജിലന്‍സിനുണ്ട്.
കൂടാതെ, കോഴിക്കോട്ടെ വീടിന്റെ നിര്‍മ്മാണത്തിലും ക്രമക്കേടുണ്ടെന്ന് വിജിലന്‍സ് സംശയിക്കുന്നു. കഴിഞ്ഞ ദിവസം വീട് പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ അളന്നിരുന്നു. അതിനിടെ, വീടിന്റെ ഉടമസ്ഥാവകാശം മറ്റു രണ്ടുപേരിലേക്ക കൂടി മാറ്റിയതില്‍ ദൂരൂഹതയുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നു.





