
ദോഹ: ഫാമിലി സന്ദർശക വിസാ നടപടികൾ മെട്രാഷ്2 വഴി ആരംഭിച്ചു. കഴിഞ്ഞയാഴ്ച ഫാമിലി വിസ അനുവദിക്കാൻ ആഭ്യന്തരമന്ത്രാലയം തീരുമാനിച്ചിരുന്നെങ്കിലും പുതിയ യാത്രാനയം തിങ്കളാഴ്ച നിലവിൽ വന്നതിനുശേഷമാണ് വിസ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയത്. ഇന്ത്യക്ക് പുറമെ, പാകിസ്താനിൽനിന്നുള്ളവർക്കും ഫാമിലി സന്ദർശക വിസകൾ അനുവദിച്ചുതുടങ്ങി.
മെട്രാഷ് 2 വഴി അപേക്ഷ ടൂറിസ്റ്റ് വിസ, ബിസിനസ് വിസ എന്നിവയും ലഭിക്കും. പുതിയ യാത്രാനയം സംബന്ധിച്ച നിബന്ധനകളെല്ലാം ഫാമിലി സന്ദർശകവിസയിലെത്തുന്നവർക്കും നിർബന്ധമാണ്. രണ്ട് ഡോസ് ഖത്തര്‍ അംഗീകൃത വാക്സിനെടുത്തവരായിരിക്കണം അപേക്ഷകര്‍ എന്ന് പുതിയ നിർദേശത്തിൽ പറയുന്നു.
കൂടാതെ, രണ്ടാം വാക്സിന് പൂര്‍ത്തിയാക്കി 14 ദിവസം പിന്നിട്ടിരിക്കണം. ആറു മാസത്തെ കാലാവധിയെങ്കിലും പാസ്പോര്ട്ടില് ആവശ്യമാണ്. യാത്രയുടെ പരമാവധി 72 മണിക്കൂര്‍ മുമ്പെടുത്ത ആര്.ടി.പി.സി.ആര് പരിശോധനയിലൂടെയുള്ള നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണം എന്നിവയാണ് മറ്റു നിർദേശങ്ങൾ.






