
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ പുതിയ പ്രസിഡന്റിന് വേണ്ടി മുറവിളി ശക്തമായിരിക്കേ സീനിയര്‍ നേതാവ് കമല്‍നാഥ് അദ്ധ്യക്ഷനായേക്കുമെന്ന് റിപ്പോര്‍ട്ട്. സോണിയാഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങുമെന്നും കമല്‍നാഥിനെ ഇടക്കാല പ്രസിഡന്റാക്കിയേക്കുമെന്നുമാണ് സൂചനകള്‍. വ്യാഴാഴ്ച കമല്‍നാഥ് സോണിയഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും സന്ദര്‍ശിച്ചതായും ഇക്കാര്യം ചര്‍ച്ച ചെയ്തതായുമാണ് വിവരം.
പാർട്ടിയിലെ നേതൃമാറ്റം സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് സോണിയയും കമല്‍നാഥും കൂടിക്കാഴ്ച നടത്തിയതെന്നാണ് ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത്. അധ്യക്ഷനെ തെരഞ്ഞെടുക്കാനായി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനു തൊട്ടുപിറകെയായി കോൺഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേരുമെന്നാണ് വിവരം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ 2019 ജൂലൈയില്‍ രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചതോടെയാണ് സോണിയാഗാന്ധി താല്‍ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. അതേസമയം ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പാര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനായി പാര്‍ട്ടിയില്‍ ആവശ്യം ശക്തമായത്.
തുടര്‍ച്ചയായി ബിജെപിയില്‍ നിന്നും തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം സംവിധാനം വേണമെന്ന് സീനിയര്‍ നേതാക്കളായ 23 പേര് ചേര്‍ന്ന് കത്തയച്ചിരുന്നു. പാർട്ടി നേതൃത്വത്തിൽ തുടരുന്ന അനിശ്ചിതാവസ്ഥ കോൺഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുകയും പ്രവർത്തകരുടെ ആത്മവിശ്വാസം തകര്‍ക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയുമായി 23 മുതിർന്ന കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഗുലാം നബി ആസാദ്, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി തുടങ്ങിയ നേതാക്കള്‍ നേതൃമാറ്റ കാര്യം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തന് എന്ന നിലയില്‍ കമല്‍നാഥിനെ പാര്‍ട്ടിയുടെ ചുമതല ഏല്‍പ്പിച്ചേക്കുമെന്നാണ് കരുതുന്നത്.
പാര്‍ട്ടിക്കുള്ളിലും സര്‍വ്വസമ്മതി ഉണ്ടെന്നത് അദ്ദേഹത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. 2002 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടയാളാണ് കമല്‍നാഥ്. മൻമോഹൻ സിങ് മന്ത്രിസഭയിൽ നഗരവികസന മന്ത്രിയായിരുന്നു. പാർലമെന്റിലെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാൾ കൂടിയായിരുന്നു. 16-ാം ലോക്സഭയില്‍ പ്രോടേം സ്പീക്കറായിരുന്നു. 2017 മുതല്‍ 2019 വരെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി രാഹുല്‍ ഇരുന്നപ്പോഴും രാഹുലിനും ഇഷ്ടപ്പെട്ടയാളായിരുന്നു കമല്‍നാഥ്.
മദ്ധ്യപ്രദേശിലെ ചിന്ദ്വാരയില് നിന്നും ഒമ്പതു തവണ തെരഞ്ഞെടുക്കപ്പെട്ട കമല്‍നാഥ് കൂടുതല്‍ സമയവും തലസ്ഥാനത്താണ് ചെലവഴിച്ചത്.2018ൽ മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനായ കമൽനാഥ് ആ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. അതിന്റെ അംഗീകാരമെന്നോണം പാര്‍ട്ടി അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനവും നല്കി.
2018 ഡിസംബറിൽ മുഖ്യമന്ത്രിയായി അധികാരമേ അധികാരമേറ്റ അദ്ദേഹത്തിന് അധികകാലം സ്ഥാനത്ത് തുടരാനായില്ല. സത്യപ്രതിജ്ഞ ചെയ്ത് 15 മാസം പിന്നിട്ടതോടെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കാന്‍ നിർബന്ധിതനായി.. ജ്യോതിരാദിത്യ സിന്ധ്യേയെ പോലെയുള്ള നേതാക്കള്‍ ഉള്‍പ്പാര്‍ട്ടി വിപ്ലവം നടത്തി 22 എംഎല്‍എ മാരുമായി ബിജെപിയിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് 2020 മാര്‍ച്ച് 20 ന് സ്ഥാനം രാജി വെച്ചിരുന്നു.






