കൊച്ചി: കൊടകര കുഴല്‍പ്പണക്കേസില്‍ നിഗൂഢമായ പലതും പുറത്തുവരാനുണ്ടെന്ന് ഹൈക്കോടതി. ഇന്നലെ കേസിലെ 10 പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ട് നടത്തിയ ഉത്തരവിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.
മാര്‍ച്ച് നാലിനാണ് പണം കവര്‍ച്ച ചെയ്യപ്പെട്ടത്. എന്നാല്‍ ഏപ്രില്‍ ഏഴിനാണ് പരാതി നല്‍കുന്നത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് പരാതി. എന്നാല്‍ മൂന്നരക്കോടിയോളം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. പ്രധാനപ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കവര്‍ച്ചയാണിത്. പണത്തിന്റെ ഉറവിടം, എന്തിന് കൊണ്ടുവന്നു എന്നീ കാര്യങ്ങളും കണ്ടെത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ പത്ത് പ്രതികളുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. അരീഷ്, മാര്ട്ടിന്, ലബീബ്, അബ്ദുള്‍ ഷാഹിദ്, ബാബു, ഷുക്കൂര്‍, എഡ്വിന് ടി.ഡബ്ല്യു, മുഹമ്മദ് അലി, റൗഫ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും കവര്‍ച്ച നടത്തിയ കുഴല്‍പ്പണം പൂര്‍ണമായി കണ്ടെത്തിയിട്ടില്ലെന്നും പ്രധാനസാക്ഷികളെ ഇനിയും ചോദ്യംചെയ്യാനുണ്ടെന്നും പ്രോസിക്യൂഷന് അറിയിച്ചു.
3.5 കോടി രൂപയാണു കവര്‍ച്ചചെയ്യപ്പെട്ടത്. 1.27 കോടി രൂപ കണ്ടെടുത്തു. 2.19 കോടി രൂപ കണ്ടെടുക്കാനുണ്ടെന്നും പ്രതികള്‍ക്കു ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തിനു തടസമാവുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവു നശിപ്പിക്കാനിടയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന് ബോധിപ്പിച്ചു. സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് ജസ്റ്റിസ് കെ. ഹരിപാല്‍ ഹര്‍ജികള്‍ തള്ളിയത്






