
തിരുവനന്തപുരം: മുട്ടില്‍ മരം മുറി വിവാദത്തില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാന്‍ ശിപാര്‍ശ. വനം കണ്‍സര്‍വേറ്റര്‍ എന്‍.ടി സാജനെ സസ്പെന്‍ഡ് ചെയ്യണമെന്ന ശിപാര്‍ശയാണു വനം പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററിന്റെ (പി.സി.സി.എഫ്) റിപ്പോര്‍ട്ടിലുള്ളത്. മരം മുറി അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചെന്നാണു കണ്ടെത്തല്‍. ശിപാര്‍ശ മുഖ്യമന്ത്രി പിണറായി വിജയനു ചീഫ് സെക്രട്ടറി വി.പി ജോയ് കൈമാറി.
മുട്ടില്‍ മരം കൊള്ള അട്ടിമറിക്കാന്‍ ഇടപെട്ടെന്നു വനംവകുപ്പ് തന്നെ കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് എന്‍.ടി. സാജന്. വയനാട്ടില്‍നിന്നും മുറിച്ച മരം പിടിച്ച മേപ്പാടി റേഞ്ച് ഓഫീസറെ കള്ളക്കേസില്‍ കുടുക്കാനും സാജന് നീക്കം നടത്തിയെന്ന് ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഡി.കെ. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സാജനെതിരേ വിജിലന്‍സ് വിഭാഗവും നേരെത്തെ റിപ്പോര്‍ട്ട് കൈമാറിയിരുന്നു.
മുട്ടില്‍ മരം മുറി കേസില്‍ നേരത്തെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുട്ടിലില്‍നിന്നു മുറിച്ച മരം കടത്തിവിട്ട ചെക്ക് പോസ്റ്റ് ജീവനക്കാരെയാണു സസ്പെന്‍ഡ് ചെയ്തിരുന്നത്. വയനാട് ലക്കിടി ചെക്പോസ്റ്റിലെ രണ്ടു ജീവനക്കാര്‍ക്കെതിരേയാണു നടപടി. ശ്രീജിത്ത് ഇ.പി, വി.എസ്. വിനേഷ് എന്നിവരെയാണ് ഉത്തരമേഖലാ സി.സി.എഫ് സസ്പെന്‍ഡ് ചെയ്തിരുന്നത്. എറണാകുളത്തേക്ക് ഈട്ടിത്തടി കടത്തിക്കൊണ്ടു പോയദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരാണ് ശ്രീജിത്തും വിനേഷും.






