.jpg)
ന്യുഡല്‍ഹി: പഴയ 1000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് പകരമായി പുതിയ നോട്ടുകള്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പുതിയ വ്യാപ്തിയിലും രൂപകല്പനയിലും നിറങ്ങളുമുള്ള 1000 രൂപ നോട്ടുകള്‍ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. വിപണിയില്‍ നിന്നും 500 രൂപ 1000 രൂപ നോട്ടുകള്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പുതിയ 500 രൂപ നോട്ട് ഇറക്കിയെങ്കിലും 1000 രൂപ നോട്ട് ലഭ്യമാക്കിയിരുന്നില്ല. പകരം 2000 രൂപയുടെ നോട്ട് ആണ് കൊണ്ടുവന്നത്.
നോട്ടുകളുടെ പിന്‍വലിക്കല്‍ കൊണ്ടുള്ള എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കി. എല്ലാ ബാങ്കുകളും നാളെയും മറ്റന്നാളും പ്രവര്‍ത്തിക്കും. എടിഎമ്മുകള്‍ നാളെ മുതല്‍ പ്രവര്‍ത്തിക്കും. പുതിയ നോട്ടുകള്‍ എടിഎമ്മുകളില്‍ എത്തില്ല. പകരം 100, 50, 20 രൂപ നോട്ടുകളായിരിക്കും ലഭ്യമാകുക. ഇതിനുള്ള നടപടികള്‍ ബാങ്കിംഗ് ഡിപ്പാര്‍ട്ട്മെന്റും ആര്.ബി.ഐയും സ്വീകരിച്ചിട്ടുണ്ടെന്ന് ജെയ്റ്റ്ലി അറിയിച്ചു.
എത്രയും വേഗം നോട്ടുകള്‍ മാറ്റിവാങ്ങുന്നതിന് ജനങ്ങള്‍ക്ക് എല്ലാ സൗകര്യവും ഏര്‍പ്പെടുത്തും. ആദ്യദിനങ്ങളില്‍ തന്നെ തിരക്കുകൂട്ടേണ്ട ഒരു ആവശ്യവുമില്ല. കുറച്ചുദിവസം നേരിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടിവന്നാലും അതിന്റെ നേട്ടം ഭാവിയിലുണ്ടാകുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള സര്‍ക്കാരാണ് ഇതെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. എല്ലാ തീരുമാനങ്ങളും സമവായത്തിന്റെ അടിസ്ഥാനത്തിലാണ് സ്വീകരിച്ചത്. 100, 50, 20, 10 രൂപ നോട്ടുകളും പുതുക്കി ഇറക്കും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കും ചെക്ക് വഴി കൂലി നല്കുന്ന സമ്പ്രദായം എല്ലാവരും ശീലമാക്കണമെന്നും ജെയ്റ്റ്ലി ചൂണ്ടിക്കാട്ടി.
അതേസമയം, നോട്ടുകള്‍ മാറ്റിവാങ്ങാന്‍ രാജ്യത്തെ മുഴുവന്‍ ബാങ്കുകളിലും ഇന്ന് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഡല്‍ഹിയിലെ ബാങ്കുകളില്‍ സുരക്ഷ ഏര്‍പ്പെടുത്തുന്നതിന് മൂവായിരത്തോളം വരുന്ന പോലീസ്, അര്‍ദ്ധ സൈനിക, ദ്രുതകര്‍മ്മസേന സംഘങ്ങളെയാണ് വിന്യസിച്ചിരിക്കുന്നത്.






