ടോക്യോ: ലോകമെങ്ങും ആരാധകരുള്ള ടെന്നിസ് താരമാണ് സാനിയ മിര്‍സ. ഇപ്പോൾ ടെന്നീസ് താരം സാനിയ മിര്‍സയും ഡിസ്കസ് ത്രോ താരം സീമ പുനിയയും നാല് ഒളിമ്പിക്സുകളില്‍ മത്സരിച്ച ഇന്ത്യന്‍ വനിതാ താരങ്ങളാകാനുള്ള ഒരുക്കത്തിലാണ്. മലയാളി അത്ലറ്റ് ഷൈനി വിത്സണാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ടെന്നീസ് വനിതാ ഡബിള്‍സില്‍ അങ്കിത റെയ്നയ്ക്കൊപ്പമാണ് സാനിയ മത്സരിക്കുന്നത്. ആദ്യ റൗണ്ടില്‍ യുക്രെയ്ന് ജോഡിയായ ല്യുദ്മയ്ല കിചെനോക്-നാദിയ കിചെനോക് സഖ്യത്തിനെതിരേയാണ് സാനിയ-അങ്കിത സഖ്യത്തിന്റെ മത്സരം. ഇപ്പോൾ ഒളിമ്പിക് വേദിയില്‍ നിന്നുള്ള ചില കിടിലൻ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്.
നാല് ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമില്‍ സാനിയ പോസ്റ്റ് ചെയ്തത്. ഒളിമ്പിക് വളയങ്ങള്‍ക്ക് മുന്നില്‍ നിന്നുള്ളതാണ് അതില്‍ ആദ്യത്തെ ചിത്രം. പരിശീലനത്തിനിടയില്‍ എടുത്തതാണ് അടുത്ത രണ്ട് ചിത്രങ്ങള്‍. ഇതിൽ അവസാന ചിത്രത്തില്‍ സാനിയ ടോക്യോ ഒളിമ്പിക് കിറ്റില്‍ മോഡലിനെപ്പോലെ പോസ് ചെയ്ത് നില്‍ക്കുന്നത് കാണാം. സാനിയ തന്റെ ഇന്‍സ്റ്റാ സ്റ്റോറിയിലും നിരവധി ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇവയിൽ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധുവിനൊപ്പമുള്ള ചിത്രവും ഉൾപ്പെടുന്നു.






