തമിഴ് നടന് ആര്യയുടേയും നടി സയേഷയുടെയും വിവാഹം വളരെയധികം വിവാദങ്ങള്‍ക്ക് ശേഷമാണ് നടന്നത്. വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോയില്‍ നിന്ന് ആര്യ ഒരു പെണ്‍കുട്ടിയെയും തിരഞ്ഞെടുത്തിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണവുമായിരുന്നു. തുടര്‍ന്നായിരുന്നു ആര്യ-സയേഷ വിവാഹം നടന്നത്. ഗജനികാന്ത് എന്ന സിനിമയിലാണ് ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും പ്രണയത്തിലായതും.
ഇരുവരുടെയും പ്രണയകാലം അധികം ഗോസിപ്പു കോളങ്ങളില്‍ നിറയുന്നതിന് മുന്‍പേ വിവാഹം കഴിഞ്ഞു. വിവാഹശേഷം സയേഷയ്ക്കൊപ്പമുള്ള ജീവിതം എങ്ങിനെയുണ്ട് എന്നറിയാന്‍ ആരാധികമാര്‍ക്കും ആഗ്രഹമുണ്ട്. പിങ്ക് വില്ലയ്ക്ക് നല്കിയ അഭിമുഖത്തിലാണ് ആര്യയുടെ തുറന്നുപറച്ചിൽ. വിവാഹത്തിന് ശേഷം ജീവിതത്തില്‍ എന്ത് മാറ്റമാണ് സംഭവിച്ചത് എന്നായിരുന്നു ചോദ്യം. സയേഷയുമായുള്ള വിവാഹത്തിന് ശേഷം ജീവിതത്തില്‍ ഒരുപാട് നല്ല മാറ്റങ്ങള്‍ സംഭവിച്ചു എന്നായിരുന്നു ആര്യയുടെ പ്രതികരണം.
"ഞങ്ങളുടെ വിവാഹം നടന്നത് 2019 ല്‍ ആണ്. വിവാഹം കഴിഞ്ഞ് കുറച്ച് ദിവസം ആയപ്പോഴേക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് തന്നെ, കുടുംബത്തിന്റെ വില എത്രമാത്രം വലുതാണ് എന്ന് എനിക്ക് ആ സമയത്ത് മനസിലായി. ജീവിതം ഒരുപാട് മാറി. എല്ലാം നല്ലതിന് വേണ്ടിയായിരുന്നു. അതെല്ലാം തന്നെ ഞാന്‍ ആസ്വദിയ്ക്കുകയും ചെയ്യുന്നു," ആര്യ പറഞ്ഞു.
അന്തരിച്ച ഇതിഹാസ നടന് ദിലീപ് കുമാര്‍ സയേഷയുടെ ഗ്രാന്റ് അങ്കിള്‍ ആണ്. കുട്ടിക്കാലം മുതലേയുള്ള ഒരുപാട് ഓര്‍മകള്‍ സയേഷയ്ക്ക് ദിലീപ് സാബുമായി ഉണ്ട്. അദ്ദേഹത്തെ കഴിഞ്ഞ രണ്ട് വര്‍ഷമായിട്ടാണ് ഞാന്‍ അടുത്തറിഞ്ഞത് (കുടുംബപരമായി). പിന്നീട് ദിലീപ് സാബ് ചില ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നത് കാരണം അതികം സംസാരങ്ങളൊന്നും ഞങ്ങള്‍ തമ്മില്‍ നടന്നില്ല. എന്നിരുന്നാലും അദ്ദേഹത്തിനൊപ്പം ചെലഴിക്കാൻ പറ്റിയ കുറച്ചു സമയം തന്നെ സംബന്ധിച്ച് വളരെ വിലപ്പെട്ടതാണ് എന്ന് ആര്യ പറയുന്നു.






