
ഇപ്പോൾ ടാറ്റ നെക്സോൺ ഡീസൽ വേരിയന്റിനെ പോലെ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ് ഇലക്ട്രിക് പതിപ്പിനും എന്നാണ് റിപ്പോർട്ട്. ഇന്ത്യൻ വാഹനവിപണിയിലെ നാടകീയമായ മാറ്റത്തെയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. റിപ്പോർട്ട് അനുസരിച്ച് ഡീസൽ, പെട്രോൾ എന്നിവയുടെ വില വർദ്ധിച്ചതിനെത്തുടർന്ന് ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ നെക്സോൺ ഇവിയുടെ വിൽപന വർദ്ധിച്ചു. നെക്സൺ ഇ.വിയുടെ ഇക്കാലയളവിലെ വിൽപന 1,715 യൂണിറ്റാണ്.
ഗുജറാത്തിലും രാജ്യത്താകെയും മഹാരാഷ്ട്രയിലും നെക്സൺ ഇ.വിയുടെ വിൽപ്പന ഡീസൽ വേരിയന്റിന്റെ വിൽപ്പനയെ മറികടന്നു. 12.64 ലക്ഷം രൂപയാണ് മുംബൈയിലെ നെക്സോണിന്റെ പൂർണമായി ലോഡുചെയ്ത ഡീസൽ വേരിയന്റിന്റെ വില. എന്നാൽ 13.99 ലക്ഷം രൂപ ആണ് ഇവി പതിപ്പിന്റെ എൻട്രി വേരിയന്റിന്റെ വില. മഹാരാഷ്ട്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ സബ്സിഡി നൽകുന്നതിനാലും റോഡ് ടാക്സ് പൂർണമായും എഴുതിത്തള്ളുന്നതിനാലും നെക്സോൺ ഇ.വിയുടെ ഓൺ-റോഡ് വില ഡീസൽ വേരിയന്റിന് വളരെ അടുത്താണ്. അതുകൊണ്ടുതന്നെ ആണ് പുതിയ ഉപഭോക്താക്കൾ കൂടുതലായി ഇവി തെരഞ്ഞെടുക്കുന്നത് എന്നാണ് സൂചന.
മൂന്ന് ശതമാനമാണ് നെക്സൺ ഇവികളുടെ വിപണി വിഹിതം. പെട്രോൾ, ഡീസൽ, ബാറ്ററി ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് ഡ്രൈവ് ഓപ്ഷനുകളുള്ള ഇന്ത്യയിലെ രണ്ട് മോഡലുകളിൽ ഒന്നാണ് നെക്സോൺ ഇവി. ഇലക്ട്രിക് വാഹനങ്ങൾക്ക് സമഗ്രമായ ഡിമാൻഡ് പ്രോത്സാഹന പദ്ധതികൾ മഹാരാഷ്ട്രയും ഗുജറാത്തും ഏതാനും ആഴ്ചകൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു നെക്സൺ ഇവിക്ക് ഒരു കിലോമീറ്ററിന് ഒരു രൂപയിൽ താഴെ മാത്രമാണ് ഇന്ധന ചെലവും ഡീസൽ വേരിയന്റിന് കിലോമീറ്ററിന് 6 രൂപയോളം ചെലവ് വരാമെന്നാണ് ടാറ്റ മോട്ടോഴ്സ് രണ്ട് പവർട്രെയിനുകൾക്കും പങ്കിട്ട മൈലേജ് ഡാറ്റയിൽ സൂചിപ്പിക്കുന്നത്.






