
അസ്വസ്ഥതകള്‍ നിറഞ്ഞതാവും ഗര്‍ഭകാലത്തിന്റെ ആദ്യം ഘട്ടം. ഇത്തരം ബുദ്ധിമുട്ടുകളാണ് ഗര്‍ഭിണികളെ ഏറെ വലയ്ക്കുന്നത്. ഇതൊഴിവാക്കാന്‍ തുടക്കം മുതല്‍ ജീവിതരീതിയിലും ഭക്ഷണരീതിയിലും ശ്രദ്ധിക്കണം.
ഗര്‍ഭിണിയായിരുക്കുമ്പോള്‍ യാത്ര ചെയ്യുന്നതിലും മരുന്നുകള്‍ കഴിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഈ നിയന്ത്രണങ്ങളെല്ലാം ഗര്‍ഭകാലത്തെ അസ്വസ്ഥതകളും മറ്റ് ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ വേണ്ടിയുള്ളതാണ്.
1. വ്യക്തി ശുചിത്വവും വസ്ത്രധാരണവും
ഗര്‍ഭിണികള്‍ എല്ലാ ദിവസവും കുളിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയും വേണം. കൈകാലുകളിലെ നഖങ്ങള്‍ വൃത്തിയായി വെട്ടി സൂക്ഷിക്കുക. നെയില്‍ പോളിഷ് ഒഴിവാക്കുക. എണ്ണ തേച്ചു കുളി നല്ലതാണ്. യോനി വൃത്തിയായി വയ്ക്കുക. രണ്ടു നേരം പല്ലു തേയ്ക്കുക. പൊടിപിടിച്ച റോഡുകളില്‍ യാത്ര ചെയ്യാതിരിക്കുക. പച്ചക്കറികളിലും പഴങ്ങളിലും കീടാശിനികള്‍ ഉണ്ടാവാം എന്നതിനാല്‍ നന്നായി കഴുകി മാത്രം ഉപയോഗിക്കുക.
ഭക്ഷണത്തിന് മുന്‍പും ശേഷവും കൈ വൃത്തയായി സോപ്പിട്ട് കഴുകണം. പനി, ജലദോഷം, മറ്റ് പകര്‍ച്ച വ്യാധികള്‍ എന്നിവയുള്ളവരുമായി അടുത്ത് ഇടപഴകാതിരിക്കുക. തിരക്കുള്ള സ്ഥലങ്ങളില്‍ പോകാതിരിക്കുക. മുലയൂട്ടുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ സ്തനങ്ങളും മുലക്കണ്ണുകളും വൃത്തിയാക്കി വയ്ക്കുക. രോഗാണുക്കള്‍ പകരാനിടയുള്ളതിനാല്‍ ചര്‍മം, കണ്ണുകള്‍, പല്ലുകള്‍, നഖങ്ങള്‍, ജനനേന്ദ്രിയം എന്നിവ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. പല്ലുതേക്കുമ്പോള്‍ മോണയില്‍ നിന്നും കൂടുതല്‍ രക്തം വന്നാല്‍ ദന്ത ഡോക്ടറെ കാണുക.
അയഞ്ഞതും കോട്ടണ്‍ കൊണ്ടുണ്ടാക്കിയതുമായ വസ്ത്രങ്ങള്‍ ധരിക്കുക. സ്തനങ്ങള്‍ക്ക് താങ്ങ് നല്‍കുന്നതും അധികം ഇറുക്കമില്ലാത്തതുമായ ബ്രാ ധരിക്കണം. വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ ധരിക്കുക. ഹൈഹീല്‍ഡ് ചെരുപ്പുകള്‍ ധരിക്കരുത്. പരന്ന പ്രതലമുള്ള ചെരുപ്പുകള്‍ ഉപയോഗിക്കുക.
2. മരുന്നുകളുടെ ഉപയോഗം
ഡോക്ടറുടെ നിര്‍ദേശപ്രകാരം ആദ്യത്തെ മൂന്നുമാസം ഫോളിക് ആസിഡ് ഗുളികകളും രണ്ടാം മൂന്നുമാസം അയണ്‍, കാത്സ്യം, ഫോളിക് ആസിഡ്, വിറ്റമിന്‍ ബി കോംപ്ലസ് ഗുളികകളും കഴിച്ചു തുടങ്ങണം. സ്വയം ഫാര്‍മസിയില്‍ നിന്ന് ഏതെങ്കിലും മരുന്നുകള്‍ വാങ്ങി കഴിക്കാന്‍ പാടില്ല. ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവര് അത് നിര്‍ത്താനും സുരക്ഷിതമായ മറ്റ് മരുന്നുകള്‍ തുടങ്ങാനും ഡോക്ടറുടെ ഉപദേശം തേടുക. കാരണം മിക്ക മരുന്നുകളും ഗര്‍ഭസ്ഥ ശിശുവിന് അപകടകാരിയായേക്കാം.
3. യാത്രകള്‍ സുരക്ഷിതമാവണം
ശരീരത്തിന് കുലുക്കമുണ്ടാകുന്ന യാത്രകളും ദീര്‍ഘയാത്രകളും ഒഴിവാക്കണം. പ്രത്യേകിച്ച് ആദ്യത്തെ മൂന്നു മാസങ്ങളില്‍. കുണ്ടും കുഴികളും ഉള്ള റോഡുകള്‍ ഒഴിവാക്കണം. സൈക്കിള്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയില്‍ യാത്ര ചെയ്യരുത്. ബസില്‍ യാത്ര ചെയ്യേണ്ടി വന്നാല്‍ മുന്‍ഭാഗത്തെ സീറ്റില്‍ ഇരിക്കുക. ഏറ്റവും പിന്നില്‍ കുലുക്കം കൂടുതലായിരിക്കും. തീവണ്ടിയിലും വിമാനത്തിലുമുള്ള യാത്രയാണ് ഏറ്റവും സുരക്ഷിതം.
കാറില്‍ ആണ് യാത്ര ചെയ്യുന്നതെങ്കില്‍ കുറഞ്ഞ വേഗത്തില്‍ ഓടിക്കുകയും ഇടയ്ക്കിടെ കാര്‍ നിര്‍ത്തി വിശ്രമിച്ച ശേഷം വീണ്ടും യാത്ര തുടരുകയും വേണം. ഒന്‍പത് മാസത്തിന് ശേഷം എപ്പോള്‍വേണമെങ്കിലും പ്രസവമോ രക്തസ്രാവമോ ഉണ്ടാകാം. എന്നതിനാല്‍ യാത്ര ചെയ്യുന്നത് ഒഴിവാക്കുക.
4. വിശ്രമവും വ്യായാമവും
ഗര്‍ഭിണികള്‍ കിടക്കയില്‍ കിടന്നുള്ള പുര്‍ണ വിശ്രമം എടുക്കേണ്ട ആവശ്യമില്ല. അപകടസാധ്യത ഉണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിശ്രമിക്കണം എന്നു മാത്രം. രാത്രിയില്‍ എട്ട് മണിക്കൂറും പകല്‍ ഉച്ചസമയത്ത് രണ്ട് മണിക്കൂറും ഉറങ്ങാം. അധികം ആയാസമുണ്ടാക്കാത്ത വീട്ടു പണികള്‍ ചെയ്യാം.
എല്ലാ ദിവസവും അല്പം നടക്കുന്നത് നല്ലതായിരിക്കും. ധ്യാനം, പ്രാണായാമം, ലഘുവ്യായാമങ്ങള്‍ എന്നിവ ഡോക്ടറുമായി ചര്‍ച്ച ചെയ്ത ശേഷം ചെയ്യാവുന്നതാണ്. കഠിന വ്യായാമങ്ങള്‍, ഭാരമുള്ള വസ്തുക്കള്‍ എടുത്ത് നടക്കുക, പടികള്‍ ഇടയ്ക്കിടെ കയറിയിറങ്ങുക എന്നിവ ചെയ്യരുത്. വ്യായാമം ചെയ്ത ശേഷം ധാരാളം വെള്ളം കുടിക്കണം.
5. ചര്‍മ്മ സംരക്ഷണം
ഗര്‍ഭകാലത്ത് ചര്‍മ്മത്തിന് നിറംമാറ്റം, ചൊറിച്ചില്‍, മുഖക്കുരു എന്നിവ കാണാറുണ്ട്. വയറ്റിലും സ്തനങ്ങളിലും വെളുത്ത വരപോലുള്ള പാടുകള്‍ കാണാറുണ്ട്. ഇവ പ്രസവത്തിന് ശേഷവും നിലനില്ക്കാറുണ്ട്. മുഖത്ത് കവിളുകളിലും നെറ്റിയിലും കണ്ണിനു ചുറ്റും കറുത്ത പാടുകള്‍ എന്നിവയുണ്ടാകാം. മുഖം വൃത്തിയായി കഴുകുക. മോയ്ചറൈസര്‍ ഉപയോഗിക്കുക. നന്നായി ഉറങ്ങുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. വയറ്റിലെ പാട് കുറയ്ക്കാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ലോഷനുകള്‍ പുരട്ടാം.
6. സ്തനപരിചരണം
സ്തനങ്ങള്‍ വലുതാകുന്നതിനാല്‍ ഗര്‍ഭകാലത്ത് കൃത്യമായ അളവിലുള്ളതും സ്തനങ്ങള്‍ക്ക് താങ്ങു നല്‍കുന്നതുമായ ബ്രാ ധരിക്കുക. അഞ്ചാം മാസം മുതല്‍ ദിവസത്തിലൊരിക്കല്‍ വീര്യം കുറഞ്ഞ സോപ്പുകൊണ്ട് മുലകണ്ണുകള്‍ കഴുകി തുണികൊണ്ട് തുടച്ചുണക്കി അതിനു ശേഷം വിറ്റമിന്‍ ഇ കലര്‍ന്ന ലോഷന്‍ കൊണ്ട് മെല്ലെ തടവുകയും ചെയ്താല്‍ മുലകണ്ണുകള്‍ വിണ്ടു കീറുന്നത് തടയാം. സ്തനങ്ങളെ മുലയൂട്ടാന്‍ തയ്യാറാക്കണം. മുലകണ്ണുകള്‍ അകത്തേയ്ക്ക് വലിഞ്ഞിട്ടുണ്ടെങ്കില് എണ്ണയോ ക്രീമോ പുരട്ടി മെല്ലെ തടവി പുറത്തേയ്ക്കു കൊണ്ടുവരാന്‍ ശ്രമിക്കുക.
7. ലൈംഗികബന്ധം
ആദ്യത്തെയും അവസാനത്തെയും ത്രൈമാസകാലങ്ങളില് ലൈംഗികബന്ധം ഒഴിവാക്കണം. ആദ്യമാസങ്ങളില്‍ രക്തസ്രാവമോ ഗര്‍ഭഛിദ്രമോ ഉണ്ടാകാന്‍ സാധ്യത ഉള്ളതു കൊണ്ടും അവസാനമാസങ്ങളില രക്തസ്രാവം, രോഗാണു ബാധ, മാസം തികയാതെ പ്രസവം, ഗര്‍ഭസ്ഥ ശിശുവിന് അസ്വസ്ഥത, ഗര്‍ഭാശയ സങ്കോചങ്ങള്‍ എന്നിങ്ങനെ പല അപകടസാധ്യതകളും ഉള്ളതുകൊണ്ടും ലൈംഗികബന്ധം ഒഴിവാക്കണം. മറുപിള്ള ഗര്ഭപാത്രത്തിന് താഴെയായ ഗര്‍ഭാവസ്ഥയില്‍ ലൈംഗികബന്ധം പാടില്ല. ഭര്ത്താക്കന്മാര് ഇക്കാര്യങ്ങള്‍ തിരിച്ചറിയണം.
8. ഉറക്കം ആവശ്യത്തിന്
രാത്രിയില്‍ 8 മുതല്‍ 10 മണിക്കൂറും പകല്‍ 1 മുതല്‍ 2 മണിക്കൂര്‍ വരെയും ഉറങ്ങാം. 5 മാസത്തിന് ശേഷം ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഇടതുവശം ചെരിഞ്ഞു വേണം കിടക്കാന്‍. ഗര്‍ഭിണികള്‍ കമിഴ്ന്ന് കിടക്കരുത്. കിടന്ന് എഴുന്നേല്ക്കുമ്പോള് വശം ചെരിഞ്ഞ് മെല്ലെ എഴുന്നേല്ക്കുക. ഉറക്കക്കുറവുണ്ടെങ്കില്‍ ചായ, കാപ്പി എന്നിവ ഒഴിവാക്കുക. ഉറങ്ങുന്നതിന് മുന്‍പ് ഇളം ചൂടുപാല് കുടിക്കുക. മാനസിക സമ്മര്‍ദം ഒഴിവാക്കുകയും ആവശ്യമെങ്കില്‍ പകലുറക്കം ഒഴിവാക്കുകയും ചെയ്യുക.
9. ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍
ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, പയറുവര്‍ഗങ്ങള്‍, പാല്, പാലുത്പന്നങ്ങള്‍, മുട്ട, മീന്‍ എന്നിവയടങ്ങിയ സന്തുലിത ആഹാരമാണ് ഗര്‍ഭിണി കഴിക്കേണ്ടത്. ചായ, കാപ്പി എന്നിവ കുറയ്ക്കുക. പഞ്ചസാര, എരിവ്, പുളി, ഉപ്പ് എന്നിവ കുറയ്ക്കണം. ഇലക്കറികള്‍ കഴിച്ചാല്‍ വിളര്‍ച്ച തടയാനും മലബന്ധം ഇല്ലാതാക്കാനും കഴിയും. ഇലക്കറികളില്‍ ഇരുമ്പു സത്തും നാരും അടങ്ങിയിട്ടുണ്ട്. ആപ്പിള്‍, ഉണക്കമുന്തിരി എന്നിവ കഴിക്കുന്നത് നല്ലതാണ്. പഴങ്ങളില്‍ അടങ്ങിയ വിറ്റമിന്‍ സി ഇരുമ്പു സത്തിന്റെ ആഗിരണം വര്‍ധിപ്പിക്കും. ആദ്യമാസങ്ങളില്‍ ഓക്കാനവും ഛര്‍ദിയും കൂടുതലാണെങ്കില്‍ കൊഴുപ്പു കൂടുതലുള്ളതും എണ്ണയില്‍ വറുത്തതുമായ ആഹാരസാധനങ്ങള്‍ ഒഴിവാക്കുക.
ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ക്രീം ബിസ്ക്കറ്റുകള്‍, ചോക്കലേറ്റ്, ഐസ്ക്രീം, ജംങ് ഫുഡ്, കോള, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കുക. കാരറ്റ്, കക്കിരിക്ക, വെള്ളരിക്ക എന്നിവ സലാഡ് രൂപത്തില്‍ കഴിക്കാം. അധികം നെയ്യ് കഴിക്കരുത്. മസാലകള്‍ കുറച്ച് ഉപയോഗിക്കുക. ചിക്കന്‍ വറുക്കാതെ കറി ഉണ്ടാക്കി കഴിക്കാം.
ഗര്‍ഭിണിയാകാന്‍ സാധ്യതയുള്ളവര്‍ മാസമുറയുടെ രണ്ടാമത്തെ പകുതിയില്‍ അനാവശ്യ മരുന്നുകളും എക്സ്റേ പരിശോധനകളും ഒഴിവാക്കണം. കാരണം ഗര്‍ഭിണിയാണെന്ന് അറിയുമ്പോഴേയ്ക്കും കുഞ്ഞിന് മൂന്ന് ആഴ്ചയുടെ വളര്‍ച്ച എത്തിയിരിക്കും. അപ്പോഴേക്കും കുഞ്ഞിന്റെ തലച്ചോറിന്റെയും സുഷുമ്നാനാഡിയുടെയും വളര്‍ച്ച തുടങ്ങിയിട്ടുണ്ടാകാം.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. (മേജര്‍) നളിനി
ജനാര്ദനന്
ഫാമിലി മെഡിസിന്, പൂനെ