അടുത്തിടെയാണ് ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ടൊയോട്ട പുതിയ തലമുറ ലാൻഡ് ക്രൂയ്സർ എസ്യുവിയെ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഉടൻ തന്നെ ഗൾഫ് രാജ്യങ്ങളിൽ വില്പനക്കെത്തുകയും ചെയ്തു. അൻപതോളം പുത്തൻ ലാൻഡ് ക്രൂയ്സർ മോഡലുകൾ യുഎഇ പോലീസ് വാങ്ങിയതും അടുത്തിടെ വാർത്തയായിരുന്നു. ഇപ്പോളിതാ ടൊയോട്ട പുത്തൻ ലാൻഡ് ക്രൂയ്സറിനെ ജപ്പാനിലും അവതരിപ്പിക്കുകയാണ്. എന്നാൽ, പുതുതായി ടൊയോട്ട ലാൻഡ് ക്രൂയ്സർ വാങ്ങുന്നവർ വാഹനം ഒരു വർഷത്തേക്ക് മറിച് വിലക്കില്ല എന്ന കരാറിൽ ഒപ്പിടണമെന്നാണ് റിപ്പോർട്ട്.
Creative311 റിപ്പോർട്ട് അനുസരിച്ച് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് എസ്യുവി കയറ്റുമതി ചെയ്യുകയോ പുനർവിൽപ്പന നടത്തുകയോ ചെയ്യില്ലെന്ന ഉറപ്പ് കമ്പനി ഉപഭോക്താക്കളിൽ നിന്നും വാങ്ങുന്നത്. ഈ കരാർ ലംഘിച്ചാൽ ആ ഉപഭോക്താവിന് ഭാവിയിൽ ടൊയോട്ട വാഹനങ്ങൾ വാങ്ങാൻ സാധിക്കില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ടൊയോട്ട തങ്ങളുടെ ഈ നീക്കത്തിന്റെ പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, തങ്ങളുടെ വാഹനങ്ങൾ തീവ്രവാദികളുടെ പക്കൽ എത്തിച്ചേരുന്നത് തടയാനാണ് ഈ തീരുമാനം കമ്പനി എടുത്തിരിക്കുന്നതെന്നും സൂചനകളുണ്ട്.
22,000ൽ ഏറെ പേരാണ് ജപ്പാനിൽ ലാൻഡ് ക്രൂയ്സർ ബുക്ക് ചെയ്തിരിക്കുന്നതെന്നും ബുക്കിങ് ഇനിയുള്ള ദിവസങ്ങളിൽ വർദ്ധിച്ചേക്കാൻ സാധ്യതയുള്ളതിനാൽ ബുക്ക് ചെയ്തു വാഹനം ലഭിച്ച പലരും ദിവസങ്ങൾക്കുള്ളിൽ കൂടിയ വിലയ്ക്ക് മറിച്ച് വിൽക്കുമെന്നാണ് മറ്റു റിപ്പോർട്ടുകൾ. ഇത് തടയാനാണ് ഒരു വർഷത്തേക്ക് കരാർ ഒപ്പിടാൻ ടൊയോട്ട ഉപഭോക്താക്കളെ നിർബന്ധിക്കുന്നത് എന്നും പറയപ്പെടുന്നു.






