
കോഴിക്കോട് : ഐ.എന്‍.എല്ലിലെ പിളര്‍പ്പും പടലപ്പിണക്കവും പ്രയോജനപ്പെടുത്തി പാര്‍ട്ടി ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുമ്പോഴും സംഘടനാ അടിത്തറ തകര്‍ന്ന് മുസ്ലിം ലീഗ്. നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗം പോലും ചേരാന്‍ സാധിച്ചിട്ടില്ല. പലതവണ മാറ്റിവച്ച യോഗം ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റി.
ഭരണമാറ്റം പ്രതീക്ഷിച്ച് ഡല്‍ഹിയില്‍നിന്ന് കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുഞ്ഞാലിക്കുട്ടിക്കെതിരേ മുസ്ലിം ലീഗില്‍ ഉയരുന്നത് രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. പരാജയപ്പെട്ടതോടെ മുസ്ലിംലീഗ് നട്ടെല്ലൊടിഞ്ഞ അവസ്ഥയില്‍. സംസ്ഥാന രാഷ്ട്രീയ സാഹചര്യം അനുകൂലമല്ലാതായതോടെ കുഞ്ഞാലിക്കുട്ടി നടുക്കടലിലുമായി. പിണറായി വിജയനെ നേരിട്ട് എതിര്‍ക്കാന്‍ മടിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ ശൈലി മാറ്റണമെന്ന് പ്രവര്‍ത്തകരുടേയും നേതാക്കളുടേയും ആവശ്യവും ശക്തമായി.
ഇതോടെയാണ് കഴിഞ്ഞദിവസം നിയമസഭയില്‍ കിറ്റും ഫൈനും ചൂണ്ടികാട്ടി കുഞ്ഞാലിക്കുട്ടി സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പ്രായാധിക്യത്തെ തുടര്‍ന്നുള്ള അനാരോഗ്യവും വേട്ടയാടുന്നു. ഇതോടെ മലപ്പുറം ജില്ലാ പ്രസിഡന്റായ പാണക്കാട് സാദിഖലി തങ്ങള്‍ പാര്‍ട്ടിയില്‍ സ്വാധീനം വര്‍ധിപ്പിച്ച് കൂടുതല്‍ ഇടപെടലുകള്‍ നടത്തുന്നുവെന്ന പരാതിയും മറുപക്ഷം ഉന്നയിക്കുന്നു. കുഞ്ഞാലിക്കുട്ടിയോട് അടുപ്പം പുലര്‍ത്തുന്ന നേതാവാണ് സാദിഖലി. കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തെ നയിച്ച കെ.എം. ഷാജിയാകട്ടെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും വിജിലന്‍സ് കേസില്‍ കുരുങ്ങുകയും ചെയ്തതോടെ പിന്‍നിരയില്‍ ഒതുങ്ങി.
തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകളില്‍ മത്സരിച്ചിട്ടും മൂന്ന് സിറ്റിങ് സീറ്റുകള്‍ നഷ്ടമായി സാഹചര്യത്തെക്കുറിച്ച് വിലയിരുത്താന്‍ പോലും മാസങ്ങള്‍ പിന്നിട്ടിട്ടും മുസ്ലിം ലീഗിന് സാധിച്ചിട്ടില്ല.
മുസ്ലിം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് പിണറായി സര്‍ക്കാരിന്റെ തുടര്‍ച്ചയ്ക്ക് കാരണമായതെന്ന് വിലയിരുത്തുമ്പോഴും വോട്ട്ബാങ്ക് തിരിച്ചുപിടിക്കാനുള്ള പദ്ധതികളും രൂപപ്പെട്ടിട്ടില്ല. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയത്തില്‍ എ.പി. സുന്നി വിഭാഗം ഒഴികെയുള്ള മുസ്ലിം സംഘടനകളെ ഒരു പ്ലാറ്റ്ഫോമില്‍ ഒന്നിപ്പിക്കാന്‍ സാധിച്ചതുമാത്രമാണ് സമീപകാല നേട്ടം.






