
കുട്ടികള് മുതല് മുതിര്ന്നവര് വരെ പല കാരണങ്ങളാല് നടുവുവേദന അനുഭവിക്കുന്നവരാണ്. 85 ശതമാനം ആളുകള്ക്കും ജീവിതത്തില് ഒരിക്കലെങ്കിലും നടുവേദന അനുഭവപ്പെട്ടിട്ടുണ്ട്. നടുവേദന ഒരു ജീവിതശൈലി രോഗമായാണ് കണക്കാക്കുന്നത്. മറ്റു ജീവിതശൈലി രോഗങ്ങളായ രക്താതിസമ്മര്ദം, പ്രമേഹം, തൈറോയിഡ്, മാനസിക സമ്മര്ദം എന്നിവയും നടുവേദനയ്ക്ക് കാരണമാകുന്നുണ്ട്. പുറംവേദന പൊതുവില് നട്ടെല്ലുമായി ബന്ധമുള്ള മാംസപേശികള്, ഞരമ്പുകള്, അസ്ഥികള്, സന്ധികള് എന്നിവയുമായി ബന്ധപ്പെട്ടാണ് ഉണ്ടാകുന്നത്. കഴുത്തിലെ എല്ലുകള്, മുതുക് എല്ല്, അരക്കെട്ടിലെ എല്ലുകള്, നിതംബാസ്ഥി എന്നീ നട്ടെല്ലിന്റെ വിവിധ ഭാഗങ്ങളിലായുണ്ടാകുന്ന സമ്മര്ദങ്ങളും, നീര്ക്കെട്ടുമാണ് നടുവേദനയായി അനുഭവപ്പെടുന്നത്.
എന്തുകൊണ്ട് ഉണ്ടാകുന്നു
എല്ലിലെ ക്ഷതം, നട്ടെല്ലിന്റെ അണുബാധ എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കാവുന്ന കാരണങ്ങള്. ആന്തരികാവയവങ്ങളുടെ പ്രശ്നങ്ങള് മൂലമുണ്ടാകുന്ന 'റെഫേര്ഡ് പെയ്ന്' നടുവേദനയായി തെറ്റിധരിക്കാം. ഇരിപ്പിലും നടപ്പിലുമുള്ള ശരീരത്തിന്റെ അസന്തുലനാവസ്ഥ, പെട്ടെന്ന് ശരീരത്തിന് ഇളക്കം തട്ടുക, ഭാരം കൂടിയ വസ്തുക്കള് എടുത്തുയര്ത്തുക എന്നിവ നടുവേദനയ്ക്ക് കാരണമായേക്കാം. പെട്ടെന്നുള്ള ഇത്തരം വേദനകള് മണിക്കൂറുകള്ക്കുള്ളില് തന്നെ ശമിക്കുന്നതാണ്. എന്നാല് തുടര്ച്ചയായി ഏല്ക്കുന്ന ക്ഷതങ്ങള് മാസങ്ങള് നീണ്ടുനില്ക്കുന്ന വേദനയായി പരിണമിക്കാം (ക്രോണിക് ബാക്ക് പെയിന്). അതുകൊണ്ട് നിസാരമായി കരുതുന്ന പുറം വേദന ചിലപ്പോള് കൂടുതല് ശാരീരിക ബുദ്ധിമുട്ടുകള് ഉണ്ടാക്കിയേക്കാം.
നടുവിന്റെ ആരോഗ്യപ്രശ്നങ്ങള്
ഡിസ്ക് തള്ളുക:
നടുവുവേദനയുടെ ഏറ്റവും സാധാരണ പ്രശ്നം ഡിസ്ക് തള്ളലാണ്. ഒന്നോ അതില്കൂടുതലോ ഡിസ്കുകള് വശങ്ങളിലേക്ക് തള്ളി ഞരമ്പുകള്ക്ക് സമ്മര്ദമുണ്ടാക്കുന്നു. ഇതോടൊപ്പം കശേരുകാസ്ഥിക്ക് പൊട്ടല് സംഭവിക്കാം.
സ്പോണ്ടൈലോലിസ്തസിസ്:
ഒരു കശേരുകാസ്ഥി അതിന്റെ സ്ഥാനത്തു നിന്നു വ്യതിചലിച്ച് ഞരമ്പുകള്, സുഷുമ്നാനാഡി, എന്നിവയ്ക്ക് സമ്മര്ദമുണ്ടാക്കുന്നു. കശേരുകാസ്ഥി പൊട്ടല്, ബലക്ഷയം, എന്നിവ മൂലവും ഇത് സംഭവിക്കാം.
സ്പൈനല് സെറ്റനോസിസ്:
പ്രായമായവരില് വീഴ്ച, ആഘാതം, ഡിസ്കിന്റെ ജലാംശം നഷ്ടപ്പെടുക, തെയ്മാനം, എന്നിവ മൂലം സ്പൈനല് കനാല് ചുരുങ്ങി കാലുകളിലേക്ക് പെരുപ്പ്, വേദന എന്നിവ ഉണ്ടാകാം.
ഡിസ്ക് തെയ്മാനം:
പ്രായമായവരിലും , ധാതുക്ഷയം സംഭവിച്ചവര്ക്കും ഡിസ്കിന്റെ ഇലാസ്തികത നഷ്ടപ്പെട്ട് സമ്മര്ദങ്ങള് സഹിക്കുവാനുള്ള കഴിവ് നഷ്ടപ്പെടുന്നു. കശേരുക്കള്ക്ക് തേയ്മാനവും സംഭവിക്കുന്നു.
അസ്ഥി സൗഷിര്യം:
ധാതു ക്ഷയം മൂലം അസ്ഥിയുടെ ബലം നഷ്ടപ്പെട്ട് പൊട്ടാനുള്ള സാധ്യത കൂടുതലാണ്. കടുത്ത വേദനയും അനുഭവപ്പെടും.
അണുബാധ:
വൃക്ക, മൂത്രസഞ്ചി, ഗര്ഭാശയം, അണ്ഡാശയം, അരക്കെട്ട് എന്നിവിടങ്ങളിലെ അണുബാധ, മൂത്രക്കല്ല്, പാന്ക്രിയാസ് വീക്കം, എന്നിവയില് നടുവേദന ലക്ഷണമായി കണക്കാക്കാം.
പലതരത്തിലുള്ള മുഴകള്:
നട്ടെല്ല്, സുഷുമ്ന, അരക്കെട്ട് എന്നിവയെ ആശ്രയിച്ചുണ്ടാകുന്ന അര്ബുദകാരികളോ അല്ലാത്തതോ ആയ മുഴകള്, അണ്ഡാശയമുഴകള്, ഫൈബ്രോയിഡ്, കാന്സര്, മെറ്റാസ്്റ്റാസിസ് മുഴകള് എന്നിവ നാഡീകോശങ്ങളെ ബാധിക്കുമ്പോള് കഠിനമായ വേദന അനുഭവപ്പെടാം.
കോഡ ഇക്വിന സിന്ഡ്രോം:
ഡിസ്കുകളുടെ തള്ളല് മൂലം നാഡീഞരമ്പുകള്ക്ക് സമ്മര്ദ മേറ്റ് കാലുകളിലേക്കുള്ള സ്പര്ശനശേഷി നഷ്ടപ്പെടുക, മലമൂത്ര വിസര്ജനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുക എന്നീ അവസ്ഥകള് ഉണ്ടാകാം.
ഫൈബ്രോ മയാള്ജിയ:
രസവഹ, മാംസഗത വാത ദുഷ്ടി മൂലം ചില പ്രത്യേക സ്ഥാനങ്ങളില് വേദന അനുഭവപ്പെടുന്നു.
പോളിമയാള്ജിയ റുമാറ്റിക്:
50 വയസിനു മേല് പ്രായമുള്ളവര്ക്ക് അസ്ഥി തെയ്മാനം മൂലം ഉണ്ടാകുന്ന കഴുത്ത്, അരക്കെട്ട് എന്നിവിടങ്ങളിലെ വേദന.

മറ്റു കാരണങ്ങള്
1. ക്ഷതം
2. പെട്ടെന്നുള്ള വീഴ്ച
3. ദീര്ഘനേരം കമ്പ്യൂട്ടര് ഉപയോഗിക്കുന്നവരില് കഴുത്ത്, തോള് വേദനയോടൊപ്പം നടുവുവേദനയ്ക്കും കാരണമാകുന്നു.
4. തോളെല്ല്, മുതുകിലെ കശേരുക്കള്, വാരിയെല്ല്, എന്നിവയുമായി ബന്ധപ്പെട്ട മാംസപേശികളുടെ ബലക്ഷയം.
5. വലിച്ചില്, ചതവ് എന്നിവ മൂലമുള്ള അസ്വസ്ഥത വേദനയായി പരിണമിക്കുക.
6. അമിതമായി വെയില് കൊള്ളുക.
7. തല വിയര്ക്കുക.
8. തണുപ്പുള്ള കാലാവസ്ഥ.
9. തണുപ്പുളള എണ്ണ തലയില് തേയ്ക്കുക.
10. താരന്, പുക, പൊടി, തലനീരിറക്കം എന്നിവ പുറംവേദന ഉണ്ടാകാനുള്ള കാരണങ്ങളാണ്.
11. വഴി നടത്തം, ശാരീരികാധ്വാനം, അമിത ഭാരം ഉയര്ത്തുക എന്നിവ കൊണ്ടുള്ള ഉളുക്ക്.
12. ബാഗിന്റെ അമിതഭാരം മൂലം കുട്ടികള്ക്കുണ്ടാകുന്ന പുറംവേദന.
13. വളരെ അപൂര്വമായി ഉണ്ടാകുന്ന പേജറ്റ്സ് ഡിസീസ്.
14. അയോര്ട്ടിക് അന്യൂറിയം
15. ഉദരം, അടിവയറ്റിലെ അണുബാധ, രക്തസ്രാവം
16. നട്ടെല്ലിലെ തരുണാസ്ഥി, കശേരുക്കള് എന്നിവയിലുണ്ടാകുന്ന അണുബാധ.
ഹെര്പസ് അണുബാധ, ഹൃദ്രോഗം എന്നിവയും നടുവേദനയ്ക്കുള്ള മറ്റു കാരണങ്ങളില് ഉള്പ്പെടുന്നു.
അനുബന്ധ ലക്ഷണങ്ങള്
1. സ്ത്രീകളിലുണ്ടാകുന്ന ക്ഷീണം.
2. വിഷാദരോഗം.
3. ഉറക്കക്കുറവ്.
4. ശരീരത്തില് പലയിടങ്ങളിലായി അനുവപ്പെടുന്ന വേദന.
5. മരവിപ്പ്
6. തലവേദന
7. ആര്ത്തവ സംബന്ധമായ പ്രശ്നങ്ങള്







Comments