
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിര്‍ണയ മാനദണ്ഡം മാറ്റുമെന്ന് സൂചന. ഇന്ന് ചേരുന്ന അവലോകന യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുക. ടി.പി.ആര്‍ അടിസ്ഥാനത്തില്‍ നാല് തലങ്ങളില്‍ ഇതുവരെ നടത്തിവന്നിരുന്ന ലോക്ഡൗണ്‍ രീതി മാറും. രോഗികളുടെ എണ്ണം തദ്ദേശ സ്ഥാപനങ്ങളിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ മുകളിലാണെങ്കില്‍ അവിടെ കടുത്ത നിയന്ത്രണണം ഏര്‍പ്പെടുത്തും.
വാരാന്ത്യ ലോക്ഡൗണില്‍ നിന്ന് ശനിയാഴ്ചയെ ഒഴിവാക്കും. ഞായറാഴ്ച മാത്രമായിരിക്കും നിയന്ത്രണം. അവലോകന യോഗത്തിനു ശേഷം ഏഴ് മണിയോടെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിക്കുമെന്നാണ് സൂചന.
ഇതുവരെ ടി.പി.ആര്‍ അടിസ്ഥാനത്തില്‍ ഡി, സി, ബി, എ എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. ടി.പി.ആര്‍ 15% ന് മുകളിലുള്ള 'ഡി' വിഭാഗത്തില്‍ കടുത്ത നിയന്ത്രണം നിലനിന്നിരുന്നു. ഒരു കടകള്‍ പോലും തുറക്കാന്‍ അനുവദിച്ചിരുന്നില്ല. 10-15% വരെയുള്ള 'സി' വിഭാഗത്തില്‍ ആഴ്ചയില്‍ ഒരിക്കല്‍ ഇളവ് നല്‍കിയിരുന്നു. ടിപിആര്‍ 6-10% വരുന്ന 'ബി' വിഭാഗത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസം ഇളവ് നല്‍കി. 0-5% വരുന്ന 'എ' വിഭാഗത്തില്‍ എല്ലാ ദിവസവും ഇളവ് നിന്നിരുന്നു.






