
ന്യൂഡല്‍ഹി: പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന് വീണ്ടും രാഷ്ട്രീയ തിരിച്ചടി. അമരീന്ദറിന്റെ മുഖ്യ ഉപദേശക സ്ഥാനത്തുനിന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ പിന്മാറി. 2022 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ മെനയാന്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് പ്രശാന്ത് കിഷോറിനെ ഉപദേശകനായി നിയമിച്ചത്.
ഇതിനകം തന്നെ എം.എല്‍.എമാരും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി കിഷോര്‍ ചര്‍ച്ചയും നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാനിരിക്കേയാണ് കിഷോറിന്റെ പിന്മാറ്റം.
പൊതുജീവിതത്തില്‍ നിന്നും ചെറിയ ഇടവേള എടുക്കുകയാണെ്നനും താങ്കളുടെ മുഖ്യഉപദേശകനായി തുടരുന്നതിന് കഴിയില്ലെന്നും തന്നെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിക്കണമെന്നും മുഖ്യമന്ത്രിക്ക് നല്കിയ രാജിക്കത്തില്‍ പറയുന്നു.
എന്നാല്‍ രാജിക്കത്ത് ലഭിച്ചോ എന്ന് അമരീന്ദര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ബംഗാള്‍ തിരഞ്ഞെടുപ്പിനു ശേഷം ഡല്‍ഹിയില്‍ വച്ച് അമരീന്ദറിനെ കണ്ടതല്ലാതെ പ്രശാന്ത് കിഷോര്‍ ഇതുവരെ പഞ്ചാബില്‍ എത്തിയിരുന്നുമില്ല.
2017ലെ തിരഞ്ഞെടുപ്പിലും അമരീന്ദറിനു വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞത് പ്രശാന്ത് കിഷോര്‍ ആയിരുന്നു. 117 അംഗ നിയമസഭയില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസ് അധികാരത്തിലുമെത്തി. എഎപി, ബി.ജെ.പി, അകാലിദള്‍ എന്നിവയെ തകര്‍ത്തായിരുന്നു അമരീന്ദറിന്റെ കുതിപ്പ്.
അടുത്ത കാലത്ത് പാര്‍ട്ടിയിലുണ്ടായ പടലപ്പിണക്കവും എതിര്‍പ്പുകള്‍ക്കിടയിലും നവ്ജ്യോത് സിംഗ് സിദ്ദു പാര്‍ട്ടി അധ്യക്ഷ സ്ഥാനത്ത് എത്തിയതും അമരീന്ദറിന് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രശാന്ത് കിഷോറിന്റെ പിന്മാറ്റവും.






