
ന്യൂഡല്‍ഹി: പൗരാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും അടിച്ചമര്‍ത്തി എന്നതൊഴിച്ചാല്‍ 370 അനുച്ഛേദം എടുത്തുകളഞ്ഞതിലുടെ മറ്റ് നേട്ടങ്ങള്‍ ഒന്നും തന്നെ കശ്മീരിന് ഉണ്ടായില്ലെന്ന് ജമ്മു കശ്മീരിലെ മുന്‍ എം.എല്‍.എമായ മുഹമ്മദ് യൂസഫ് തരിഗാമി. ജമ്മു കശ്മീരിലെ ജനാധിപത്യം പൂര്‍ണമായും ഇല്ലാതാക്കിയെന്നും ബി.ജെ.പിയുടെ സങ്കുചിത രാഷ്ട്രീയ അജണ്ടയാണ് ഒരു വര്‍ഷം മുമ്പ് നടപ്പില്‍ വരുത്തിയതെന്നും പറഞ്ഞു.
പാര്‍ലമെന്റ് ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയിട്ട് ബുധനാഴ്ച ഒരു വര്‍ഷമാകുന്ന പശ്ചത്തലത്തില്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ ആയിരുന്നു സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കശ്മീര്‍ ജനതയെയും രാജ്യത്തെയും അരക്ഷിതാവസ്ഥയിലേക്കും അശാന്തിയിലേക്കും നയിച്ച വഞ്ചനാപരമായ തീരുമാനമായിരുന്നു ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ബി.ജെ.പി ചെയ്തതെന്നും മേഖലയുടെ വികസനത്തിന് ആക്കംകൂട്ടുമെന്ന് പറഞ്ഞ നരേന്ദ്ര മോദിയും അമിത് ഷായും ഒരു വര്‍ഷത്തിനിടയില്‍ എന്ത് വികസനമാണ് നടന്നതെന്ന് വ്യക്തമാക്കാന്‍ ആര്‍ക്കും സാധിക്കുന്നില്ലെന്നും പറഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്തും മതനിരപേക്ഷതയെ വിലമതിച്ചും മാത്രമേ കശ്മീരിന്റെ മുറിവുണക്കാനാകുകയുള്ളൂ. ഇത് മതനിരപേക്ഷ, ജനാധിപത്യശക്തികള്‍ തിരിച്ചറിയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ട നിക്ഷേപം എവിടെ, തൊഴില്‍ സാധ്യത എവിടെ എന്നതിന് ഉത്തരമില്ല. പുതിയ വികസനമോ തൊഴിലവസരങ്ങളോ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല, നിലവില്‍ ദിവസവേതനത്തിനും താല്‍ക്കാലികമായി ജോലി ചെയ്യുന്നവര്‍ക്കും വിവിധ പദ്ധതിതൊഴിലാളികള്‍ക്കും മാസങ്ങളായി അര്‍ഹതപ്പെട്ട വേതനം നല്‍കുന്നില്ല.
ജനങ്ങള്‍ക്ക് അടിസ്ഥാന ജീവനോപാധികള്‍ ലഭ്യമാക്കുന്നതില്‍ ജമ്മു കശ്മീര്‍ ഭരണകൂടം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമ്മുവില്‍ സ്വകാര്യമേഖലയില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ജമ്മു കശ്മീരിലെ തൊഴില്‍രഹിതനിരക്ക് ദേശീയ ശരാശരിയേക്കാള്‍ രണ്ടിരട്ടിയാണ്. വിനോദസഞ്ചാരം, ഗതാഗതം, കരകൗശല മേഖലകളും കൃഷിയും അനുബന്ധമേഖലകളും കടുത്ത തകര്‍ച്ചയില്‍ ആണെന്നും പറയുന്നു. ‘ഒരു വര്‍ഷത്തെ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള കാലയളവ് താഴ്വരയുടെ സമ്പദ് വ്യവസ്ഥയെ പൂര്‍ണമായും തകര്‍ത്തെന്നും പറയുന്നു.






