
ന്യൂഡൽഹി: ഒന്നരവർഷത്തോളം നീണ്ട കടുത്ത നിലപാടുകൾക്കൊടുവിൽ കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് അയവ്.
ഗോഗ്രയിൽ (പട്രോളിങ് പോയന്റ് 17എ) നിന്ന് ഇരുരാജ്യങ്ങളും സൈനികരെ പൂർണമായും പിൻവലിച്ചു.
500 മീറ്റർ വ്യത്യാസത്തിലാണ് ഇവിടെ ഇരു സൈന്യങ്ങളും നിലയുറപ്പിച്ചിരുന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായിട്ടാണ് ഇരുവിഭാഗത്തെയും സൈനികർ മുൻ സ്ഥിരതാവളങ്ങളിലേക്ക് മടങ്ങിയത്. ഏകപക്ഷീയമായ മാറ്റമൊന്നും മേഖലയിൽ വരുത്തിയിട്ടില്ലെന്നും സംഘർഷത്തിനുമുമ്പുള്ള നിലയിലേക്ക് ഗോഗ്രയെത്തിയെന്നും വെള്ളിയാഴ്ച ഇന്ത്യൻ സൈന്യം അറിയിച്ചു.
പി.പി. 17എ-യിലെ താത്കാലിക സംവിധാനങ്ങളും നിർമാണങ്ങളും ഇരുവിഭാഗങ്ങളും പൊളിച്ചുമാറ്റി. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു.
പിൻവാങ്ങൽ കരാർ പ്രകാരം ഗോഗ്രയിലെ യഥാർഥ നിയന്ത്രണരേഖ ഇരുവിഭാഗങ്ങളും കർശനമായി നിരീക്ഷിക്കും. പ്രശ്നത്തിന് അന്തിമപരിഹാരമാവും വരെ ഇരുരാജ്യങ്ങൾക്കും പട്രോളിങ് നടത്താൻ അധികാരമില്ലാത്തവിധം ഇവിടം ബഫർ സോണായി തുടരും.






