
പ്രശസ്ത പോപ്പ് ഗായികയും നടിയുമായ റിഹാന ശതകോടീശ്വരപട്ടികയില്‍ ഇടം നേടി. ലോകത്തിലെ ഏറ്റവും ധനികയായ ഗായിക എന്ന നേട്ടവും ഇനി റിഹാനയ്ക്ക് സ്വന്തം. 1.7 ബില്ല്യണ്‍ ഡോളറാണ് 33 വയസ്സുള്ള ഗായികയുടെ ആസ്തി എന്ന് ഫോബ്സ് പട്ടികയിലെ കണക്കുകൾ പറയുന്നു.
റിഹാനയെ കോടികളുടെ സ്വത്തിന് ഉടമയാക്കിയത് സംഗീതരംഗത്ത് നിന്നുള്ള വരുമാനം മാത്രമല്ല ലോകത്തിലെ ഏറ്റവും വലിയ മേക്കപ്പ് -ഫാഷന്‍ സാമ്രാജ്യമാണ്. 2017ലാണ് കോസ്മെറ്റിക്സ് സാമ്രാജ്യമായ ഫെൻറി ബ്യൂട്ടി ആരംഭിക്കുന്നത. റിഹാനയുടെ സ്വദേശം കരീബിയന്‍ രാജ്യമായ ബാര്‍ബഡോസാണ് . റിഹാന ലോകമെമ്പാടുമായി 20 കോടി ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുണ്ട്, അതുകൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വിറ്റഴിച്ചിട്ടുള്ള കലാകാരികളില്‍ ഒരാളാണ് റിഹാന എന്നാണ് റിപ്പോർട്ട്. ബില്‍ബോര്‍ഡ് ഹോട്ട് 100 ചാര്‍ട്ടില്‍ പതിനാല് ഒന്നാം സ്ഥാനത്ത് എത്തിയ ഗാനങ്ങള്‍ ഏറ്റവും വേഗത്തില്‍ കൈവരിച്ച കലാകാരിയാണ് റിഹാന.
കരീബിയൻ രാജ്യമായ ബാർബഡോസിൽ ജനിച്ച റിഹാന 2005ന് ശേഷമാണ് ലോകശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്. തന്റെ സംഗീത ജീവിതത്തിനിടയില്‍ 8 ഗ്രാമി, 12 അമേരിക്കന്‍ സംഗീത പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ഫോബ്സ് മാഗസിനും ടൈം മാഗസിനും ലോകത്തിലെ ഏറ്റവും സ്വാധിനമുള്ള 100 വ്യകതികളുടെ പട്ടികയിലും റിഹാനയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.






