
തൊടുപുഴ: വീര്യം കൂട്ടാന്‍ തെങ്ങിന്‍കള്ളില്‍ കഞ്ചാവ് കലര്‍ത്തിയതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഇടുക്കിയില്‍ 25 ഷാപ്പുകള്‍ അടച്ചു പൂട്ടും. തൊടുപുഴ റേഞ്ചിലെ 25 ഷാപ്പുകള്ക്കെതിരേയാണ് ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടിക്കു സാധ്യത.
സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ എക്സൈസിന്റെ നേതൃത്വത്തില്‍ കള്ളുഷാപ്പുകളില്‍ നിന്ന് ശേഖരിച്ച തെങ്ങിന് കള്ളിലാണ് കഞ്ചാവിന്റെ സാന്നിധ്യം കണ്ടെത്തിയത്. ശേഖരിച്ച സാമ്പിള്‍ കാക്കനാട്ടെ സര്‍ക്കാരിന്റെ കെമിക്കല്‍ ലാബില്‍ അയച്ചതിന്റെ ഫലം രണ്ടു ദിവസം മുന്‍പാണ് എക്സൈസിന് ലഭിച്ചത്.
പാലക്കാട് ജില്ലയില്‍ നിന്ന് എത്തിക്കുന്ന കള്ളിലാണ് കഞ്ചാവിന്റെ അംശമെന്ന് അധികൃതര്‍ പറയുന്നു. കള്ളുഷാപ്പ് ലൈസന്‍സ് നേടണമെങ്കില്‍ ഒരു ഷാപ്പിന്റെ കീഴില്‍ ചുരുങ്ങിയത് 50 തെങ്ങ് ചെത്തണം.
ഇടുക്കി പോലുള്ള പ്രദേശങ്ങളില്‍ ഇത് അസാധ്യമായതിനാല്‍ ഷാപ്പ് ഉടമകള്‍ തെങ്ങുംതോപ്പ് ഏറെയുള്ള പാലക്കാട്ട് ജില്ലയില്‍ നിന്നാണ് തെങ്ങ് ലൈസന്‍സി എടുക്കുന്നത്. ഇത്തരത്തില്‍ എടുത്ത തോപ്പുകളില്‍ നിന്നു കൊണ്ടുവന്ന കള്ളിലാണ് വീര്യം കൂട്ടാന്‍ കഞ്ചാവ് കലര്‍ത്തിയതെന്ന് കണ്ടെത്തിയിട്ടുള്ളത്.
കെമിക്കല്‍ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ക്രമക്കേട് കണ്ടെത്തിയ കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇന്ന് എക്സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വി.എ സലിം മംഗളത്തോട് പറഞ്ഞു. കള്ള് ഷാപ്പ് പൂട്ടുന്നതോടൊപ്പം ഉടമകള്‍ക്കെതിരേയും മാനേജര്മാര്ക്കെതിരേയും ക്രിമിനില്‍ കേസ് ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകാനാണ് എക്സൈസിന്റെ നീക്കം.
പി.ആര് പ്രശാന്ത്






