
കൊച്ചി: തലശേരി ഷുഹൈബ് വധക്കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം നിലനില്ക്കാത്തതെന്നു പ്രോസിക്യൂഷന്. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.
വിചാരണ നടപടികള്‍ ഹൈക്കോടതി 15 വരെ സ്റ്റേ ചെയ്തിരിക്കുകയാണ്. കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുമ്പോള്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ (ഡി.ജി.പി.) ടി. ആസിഫലി ഹാജരാകും. അദ്ദേഹത്തിന്റെ നിയമനം ജഡ്ജിമാര്‍ അംഗീരിക്കുന്ന നടപടി നടന്നുവരികയാണ്. ഈ നടപടി ഒരാഴ്ചയോടെ പൂര്‍ത്തിയാകും. അതോടെ മാത്രമേ ഡി.ജി.പിക്കു ഹൈക്കോടതിയില്‍ ഹാജരാകാനാകൂ. അതിനാലാണു കഴിഞ്ഞ തവണ ഡി.ജി.പിയ്ക്കു ഹാജരാകാന്‍ കഴിയാതിരുന്നതും ഇടക്കാല സ്റ്റേ വന്നതും.
വിചാരണ തലശേരി അഡീ. സെഷന്‍സ് കോടതിയില്‍നിന്നു മാറ്റണമെന്നു നിര്‍ദ്ദേശിക്കാന്‍ പ്രതിക്ക് അവകാശമില്ലെന്നു സുപ്രീംകോടതിയുടേയും ഹൈക്കോടതിയുടേയും നിരവധി റൂളിങ്ങുകളുണ്ട്. സത്യസന്ധമായ വിചാരണ എന്നതു പ്രതിയുടെ മാത്രം അവകാശമല്ല, ഭരണഘടന അനുഛേദം 21 പ്രകാരം ഇരയുടേയും കുടുംബത്തിന്റേയും പൊതുസമൂഹത്തിന്റേയും കൂടി അവകാശമാണ്. അല്ലെങ്കില്‍ ശക്തമായ കാരണം വേണം. ഈ കേസില്‍ ദുര്‍ബലമായ കാരണങ്ങളാണു പ്രതികള്‍ പറയുന്നത്.
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറ്റണമെന്നാവശ്യപ്പെട്ടു അതിജീവിതയും പ്രതികളും സുപ്രീംകോടതിയേയും ഹൈക്കോടതിയേയും സമീപിച്ചെങ്കിലും ആവശ്യം തള്ളിയതും ഇതയു കാരണമാണെന്നു പ്രോസിക്യൂഷന് ഹൈക്കോടതിയിലല നല്കുന്ന മറുപടിയില്‍ വ്യക്തമാക്കും. നിലവില്‍ വിചാരണ നടത്തുന്ന ജഡ്ജിക്ക് ഒരുവര്‍ഷം കൂടിയേ കാലാവധിയുള്ളൂവെന്നും ഇക്കാലയളവില്‍ വിധി പറയുന്നതു എങ്ങിനേയും ഒഴിവാക്കുകയാണു പ്രതികളുടെ തന്ത്രമെന്നുമാണു പോലീസ് കരുതുന്നത്.
ഒന്നും രണ്ടും സാക്ഷികള്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വസ്ത്രവും ആയുധവും ഒന്നാം സാക്ഷി തിരിച്ചറിഞ്ഞു. ഒന്നാംസാക്ഷിയുടെ പ്രതിഭാഗം ക്രോസ് വിസ്താരവും കഴിഞ്ഞു. മൂന്നാം സാക്ഷി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെ മൂന്നു പ്രതികളെ തിരിച്ചറിഞ്ഞു. രണ്ടാളെ മാറിപ്പോയി. സംഭവത്തിനു ദൃക്സാക്ഷിയായ നാലാം സാക്ഷിയുടെ വിസ്താരം 16 നു നടക്കും. ഇയാള്‍ക്കു ബോംബേറില്‍ പരുക്കേറ്റിരുന്നു.
ആക്രമണത്തില്‍ വെട്ടേറ്റവരാകണു ഒന്നും രണ്ടും സാക്ഷികള്‍. അതിനാല്‍ അവരുടെ മൊഴി നിര്ണ്ണായകമാണെന്നാണു പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. നേരത്തെ വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹര്‍ജി രണ്ടുതവണ അഡീഷണല്‍ സെഷന്‍സ് കോടതി (1) ജഡ്ജി തള്ളിയിരുന്നു.
2018 ഫെബ്രുവരി 18ന് രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പത്തരയ്ക്ക് മട്ടന്നൂര്‍ കീഴൂര്‍ തെരുവിലെ ഉറി എന്ന തട്ടുകടയില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോള്‍ മാരകായുധങ്ങളുമായി സംഘടിച്ചെത്തിയ സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മട്ടന്നൂര്‍ എടയന്നൂര്‍ സ്വദേശി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്.






