
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്ജ് ഖലീഫയുടെ മുകളില് ചിരിച്ചുകൊണ്ട് നില്ക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് ഇപ്പോൾ വൈറൽ. എമിറേറ്റ്സിന്റെ ക്യാബിന് ക്രൂ യൂണിഫോം അണിഞ്ഞുകൊണ്ട് കയ്യില് പോസ്റ്ററുകളുമായി നില്ക്കുന്ന യുവതിയുടെ വീഡിയോ ആണിത്. പരസ്യ ചിത്രീകരണത്തിന്റെ ഭാഗമായിയാണ് നിക്കോള് സ്മിത്ത്-ലുഡ്വിക്കി ബുര്ജ് ഖലീഫയുടെ മുകളില് കയറിയത്.
യുകെയിലെ സ്റ്റണ്ട് വുമണ് നിക്കോള് സ്മിത്ത്-ലുഡ്വിക്കിനെയാണ് കെട്ടിടത്തിന് മുകളില് കയറാന് എയര്ലൈന് നിയമിച്ചത്. അങ്ങനെ, കെട്ടിടത്തിന്റ മുകളില് കയറിയിട്ടുള്ള ചുരുക്കം ചില വ്യക്തികളിലൊരാളായി നിക്കോള് സ്മിത്ത് മാറി. കെട്ടിടത്തിന്റ ഉയരം 828 മീറ്ററാണ്. ഒരു സ്കൈഡൈവിംഗ് ഇന്സ്ട്രക്ടറാണ് സ്മിത്ത്. സാഹസിക യാത്രകള് ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് ഇന്സ്റ്റഗ്രാം അക്കൗണ്ടില് നിക്കോള് കുറിക്കുന്നുണ്ട്. 'ലോകത്തെ ഏറ്റവും ധീരയായ സ്ത്രീ' എന്നാണു വീഡിയോ നിര്മിച്ച പ്രൈം പ്രൊഡക്ഷന്സ് എഎംജി കമ്പനി നിക്കോളിനെ വിശേഷിപ്പിച്ചത്.
സ്മിത്ത്-ലുഡ്വിക്കിന്റെ ശരീരത്തില് ഘടിപ്പിച്ചിട്ടുള്ള സുരക്ഷാ ഉപകരണങ്ങളും പരിശീലന സെഷനുകളും വീഡിയോയില് കാണാം. പ്രത്യേക ഇഫക്റ്റുകളൊന്നുമില്ലാതെയാണ് പരസ്യം ചിത്രീകരിച്ചത്. ബുര്ജ് ഖലീഫയ്ക്ക് മൊത്തം 163 നിലകളാണുള്ളത്. കെട്ടിടത്തിന്റെ ഏറ്റവും ഉയര്ന്ന സ്ഥാനം അതിനും മുകളിലാണ്. കെട്ടിടത്തിന്റെ 160-ാം നിലയില് നിന്ന് മുകളിലേയ്ക്ക് എത്താന് ക്രൂ ഒരു മണിക്കൂറോളം സമയമെടുത്തതായും വീഡിയോയില് പറയുന്നുണ്ട്. പരസ്യത്തിന്റെ മികച്ച ഷോട്ട് എടുക്കാന് ഒരൊറ്റ ഡ്രോണ് മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.







Comments