ചൈനീസ് വാഹന ഭീമനായ SAICന്റെ കീഴിലുള്ള ബ്രിട്ടീഷ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയുടെ ജനപ്രീയ മോഡലാണ് ഹെക്ടര്‍. 14,000 ഹെക്ടറുകൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ച് എം ജി മോട്ടോഴ്സ്. എമിഷൻ തകരാർ കണ്ടെത്തിയതിനെതുടർന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്. എല്ലാ വാഹനങ്ങളുടേയും തകരാർ ഡിസംബറോടെ പരിഹരിച്ച് നൽകുമെന്നും കമ്പനി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശ്നം കണ്ടെത്തിയിരിക്കുന്നത് മോഡലിന്റെ ബി എസ് 6 ഡി സി ടി പെട്രോൾ വേരിയൻറുകളിലാണ്. ഇത്തരം വാഹനങ്ങളിൽ ഹൈഡ്രോകാർബൻ, നൈട്രജൻ ഓക്സൈഡ് എന്നിവയുടെ പുറന്തള്ളലിൽ വ്യതിയാനമുണ്ടെന്നാണ് എം.ജിയുടെ നിഗമനം.
എമിഷൻ തകരാർ കണ്ടെത്തിയത് ഹരിയാനയിലെ മനേസർ ആസ്ഥാനമായുള്ള ഇൻറർനാഷണൽ സെൻറർ ഫോർ ഓട്ടോമോട്ടീവ് ടെക്നോളജി (iCAT)യിൽ നടത്തിയ പരിശോധനയിലാണ്. തകരാറുള്ള വാഹന ഉടമകളെ എം.ജി ഡീലർഷിപ്പുകളിൽ നിന്ന് നേരിട്ട് വിളിക്കും. ഹാർഡ്വെയർ മാറ്റങ്ങളൊന്നും വരുത്താതെ സോഫ്റ്റ്വെയർ അപ്ഡേറ്റ് വഴി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് എം.ജി എഞ്ചിനീയർമാർ പറയുന്നത്.
ഹെക്ടറിൽ പെട്രോൾ, ഡീസൽ ഓപ്ഷനും ലഭ്യമാണ്. 170 എച്ച്പി, 2.0 ലിറ്റർ യൂനിറ്റാണ് ഡീസലിലുള്ളത്. ഡീസലിൽ 6 സ്പീഡ് മാനുവൽ ഗിയർബോക്സ് മാത്രമേ ലഭിക്കു. 143 എച്ച്പി, 1.5 ലിറ്റർ ടർബോചാർജ്ഡ് യൂനിറ്റാണ് പെട്രോളിൽ. ഈ വിഭാഗത്തിൽ 6 സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് (ഡിസിടി) അല്ലെങ്കിൽ സിവിടി ഗിയർബോക്സ് എന്നിവയുണ്ട്. സ്റ്റാർട്ടർ ജനറേറ്ററിനൊപ്പം 48V ഹൈബ്രിഡ് സിസ്റ്റത്തോടുകൂടിയ പെട്രോൾ-ഹൈബ്രിഡ് പതിപ്പും ഹെക്ടറിലുണ്ട്.






