
കണ്ണൂര്‍: ‘‘മൂവായിരം മുതല്‍ നാലായിരം വരെ അഫ്ഗാനിസ്ഥാന്‍കാര്‍ ഇപ്പോഴും വിമാനത്താവളത്തിന് പുറത്തു നില്‍ക്കുന്നുണ്ട്. വാതില്‍ തുറന്നാല്‍ ഉടന്‍ ആള്ക്കാര് പുറത്തേക്ക് ഓടും. വിമാനത്തിലേക്ക് ആളുകള്‍ കൂട്ടമായി കയറാന്‍ ശ്രമിക്കുന്നതിന്റെ മുമ്പ് പുറത്തുവന്ന ദൃശ്യങ്ങളെല്ലാം അഫ്ഗാനില്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കുകയാണ്.’’ അഫ്ഗാനിലെ മരണമുഖത്തു നിന്നും രക്ഷപ്പെട്ട മലയാളി ദലീലിന്റേതാണ് വാക്കുകള്‍.
അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയ ദലീല് ഒരു മാധ്യമത്തോടാണ് അനുഭവം പങ്കുവെച്ചത്. താലിബാന്റെ പിടിയില്‍ കഴിഞ്ഞ മണിക്കൂറുകളെ ഏറെ ഭയത്തോടെയാണ് ദീദില്‍ ഓര്‍ക്കുന്നത്. ‘‘ കാബൂളിലെ വിമാനത്താവളത്തില്‍ അന്ന് താലിബാന് എത്തുമെന്നോ മറ്റൊരിടത്തേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നോ ആരും പ്രതീക്ഷിച്ചിരുന്നില്ല. അവസാന ദിവസം മരണം ഉറപ്പിച്ചാണ് താലിബാന് സേനയ്ക്കൊപ്പം പോയത്. എങ്ങനെയാണ് കൊല്ലുന്നതെന്ന് മാത്രമേ അറിയാന്‍ ബാക്കിയുണ്ടായിരുന്നുള്ളു. അവര്‍ സാധാരണ പോകുന്ന വഴിയില്‍ നിന്നും മാറിയപ്പോള്‍ തന്നെ പേടിയായി. കണ്ണുകള്‍കൊണ്ടും ആംഗ്യം കാണിച്ചുമുള്ള ആശയവിനിമയം പോലും ഭയം ഇരട്ടിപ്പിച്ചു. തീര്‍ന്നു എന്നു തന്നെ എല്ലാവരും ഉറപ്പിച്ചു.
‘‘ഈ അഞ്ച് ബസും ഇന്ത്യന്‍ പ്രതിനിധികളുടെയും യു.എസ് സേനയുടെയും അടുത്തെത്തിയതോടെയാണ് ജീവന് നേരെ വീണത്. ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം. ബസില്‍ നിന്നിറങ്ങിയതും എല്ലാവരും ഭാരത് മാതാ കീ ജയ് വിളിച്ചു. ആള്ക്കാര് കൈകൂപ്പി ദൈവത്തിന് നന്ദി പറയുന്നതായി കാണാമായിരുന്നു.’’ ദീദില്‍ പറഞ്ഞു. ഓഗസ്റ്റ് 21നായിരുന്നു ഇന്ത്യയിലേക്ക് വരാനിരുന്ന സംഘത്തെ വിമാനത്താവളത്തിന് മുന്നില്‍ നിന്നും താലിബാന് കൊണ്ടുപോയത്. ഇതില്‍ അഫ്ഗാനിലെ ഹിന്ദുക്കളും സിഖുകാരും ഉണ്ടായിരുന്നെങ്കിലും ഇന്ത്യക്കാരായിരുന്നു കൂടുതല്‍.
അഫ്ഗാന് മാധ്യമങ്ങള്‍ തട്ടിക്കൊണ്ടൂ പോകലെന്നു റിപ്പോര്‍ട്ട് ചെയ്തത് വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ചില വിവരങ്ങള്‍ അന്വേഷിക്കാനായി ഈ സംഘത്തെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതാണെന്ന് താലിബാന് അറിയിക്കുകയായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ശക്തമായതിന് പിന്നാലെ താലിബാന് ഇവരെ വിട്ടയക്കുകയായിരുന്നു. മലയാളികളായ മിക്കവരും തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ദീദില്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും ഭാഗത്തുനിന്നും മികച്ച ഇടപെടലുണ്ടായെന്നും കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് താലിബാന് കീഴില്‍ ദുരിതമാണെന്ന രീതിയില്‍ അഫ്ഗാനില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സത്യമാണെന്നും അഫ്ഗാനിലെ കോളേജുകളില്‍ പഠിപ്പിച്ചിരുന്ന ഇന്ത്യക്കാരായ വനിതാ അധ്യാപകരും തിരിച്ചുവന്നിരിക്കുകയാണെന്നും ദീദില്‍ പറഞ്ഞു. ഒമ്പത് വര്‍ഷമായി അഫ്ഗാനില്‍ ഒരു യു.എസ് കമ്പനിക്കുവേണ്ടി ജോലി ചെയ്തുവരികയായിരുന്നു ദീദില്‍.






