
റോം: ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസ് വിട്ട ക്രിസ്ത്യാനോ റൊണാള്‍ഡോ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് റിപ്പോര്‍ട്ട്. താരവുമായി ക്ലബ്ബ് പ്രതിനിധികള്‍ ചര്‍ച്ച നടതതിയതായിട്ടാണ് വിവരം. 36 കാരനായ റൊണാള്‍ഡോ യുവന്റസിനായി ഇനി കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞതായി ക്ലബ്ബിന്റെ മാനേജര്‍ മാക്സിമിലിയാനോ അല്ലെഗ്രിയാണ് തന്നെയാണ് വ്യക്തമാക്കിയത്.
ശനിയാഴ്ച എംപോളിക്കെതിരേ നടക്കുന്ന മത്സരത്തില്‍ നിന്നും താരത്തെ ഒഴിവാക്കുകയും ചെയ്തു. അതേസമയം താരത്തിനായി മാഞ്ചസ്റ്റര്‍ സിറ്റിയും രംഗത്തുണ്ട്. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ക്രിസ്ത്യാനോയുടേയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും മുന്‍ ആശാന് അലക്സ് ഫെര്‍ഗൂസനെയാണ് യുണൈറ്റഡ് ഇടപെടുത്തിയിരിക്കുന്നത്. ഫെര്ഗൂസന് താരവുമായി സംസാരിച്ചെന്നും രണ്ടു വര്‍ഷ കരാറില്‍ ക്രിസ്ത്യാനോ തന്നെ താരമാക്കിയ മാഞ്ചസ്റ്ററിന്റെ ചുവപ്പ് കുപ്പായത്തിലേക്ക് മടങ്ങിയേക്കുമെന്നുമാണ് കേള്‍ക്കുന്നത്. യുവന്റസ് താരത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വെച്ചു കഴിഞ്ഞിട്ടുണ്ട്.
യുവന്റസിനായി തുടര്‍ന്ന് കളിക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും തന്നെ ശനിയാഴ്ചത്തെ കളിയില്‍ ഉള്‍പ്പെടുത്തേണ്ടെന്നും ക്രിസ്ത്യാനോ പറയുകയായിരുന്നു എന്നാണ് അലെഗ്രി കഴിഞ്ഞ ദിവസം പറഞ്ഞത്. താന്‍ ഈ മാസം തന്നെ ക്ലബ്ബ് വിടാന്‍ പോകുകയാണെന്ന് ക്രിസ്ത്യാനോ യുവന്റസിലെ തന്റെ സഹ കളിക്കാരോടും സൂചിപ്പിച്ചു. ഇതോടെയാണ് ക്ലബ്ബ് താരത്തെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ വെച്ചത്. രണ്ടു വര്‍ഷമാണ് ക്രിസ്ത്യാനോ ഇറ്റാലിയന്‍ സീരി എയിലെ സൂപ്പര്‍ ക്ലബ്ബിനൊപ്പം കളിച്ചത്.
അതേസമയം മാഞ്ചസ്റ്റര്‍സിറ്റിയും റൊണാള്‍ഡോയ്ക്ക് വേണ്ടി രംഗത്ത് വന്നിരുന്നു. താരത്തിന്റെ ഏജന്റ് ജോര്‍ജ്ജ് മെന്ഡെസുമായി സിറ്റി അധികൃതര്‍ ബന്ധപ്പെട്ടിട്ടുണ്ട്. സെര്‍ജിയോ അഗ്യൂറോ ബാഴ്സിലോണയിലേക്ക് പോയ ഒഴിവ് സിറ്റിക്ക് നികത്തേണ്ടതുണ്ട്. ക്രിസ്ത്യാനോയെ സ്വന്തമാക്കി നികത്താനായിരുന്നു അവരുടെ പരിപാടി.
എന്നാല്‍ ക്രിസ്ത്യാനോ ക്ലബ്ബ് വിടുന്ന വാര്‍ത്ത പുറത്തു വന്നപ്പോള്‍ തന്നെ തങ്ങള്‍ ഇവിടെയുണ്ടെന്ന് അദ്ദേഹത്തിന് നന്നായിട്ട് അറിയാമെന്നായിരുന്നു യുണൈറ്റഡ് പരിശീലകന് സോള്‍ഷ്യര്‍ പറഞ്ഞത്. 2003 നും 2009 നും ഇടയില്‍ ആറ് സീസണാണ് ക്രിസ്ത്യാനോ യുണൈറ്റഡിനായി കളിച്ചത്. ക്ലബ്ബിനെ തുടര്‍ച്ചയായി മുന്ന് പ്രീമിയര്‍ ലീഗ് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളിലേക്കും നയിച്ചിരുന്നു.





