
ലണ്ടന്‍: ഓവലിലെ നാലാം ടെസ്റ്റ് മത്സരത്തില്‍ ആദ്യ ഇന്നിങ്സില്‍ ഇന്ത്യയ്ക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്ക് അഞ്ച് വിക്കറ്റ് നഷ്ടം. രണ്ടാം ദിനം 38 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. 38 റണ്‍സുമായി ഒലി പോപ്പും 31 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയുമാണ് ക്രീസില്‍.
മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സുമായി രണ്ടാം ദിനം ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ടിന് , ഒന്‍പത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് ബാറ്റ്സ്നമാരെ കൂടി നഷ്ടമായി. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 58 റണ്‍സിന് പിന്നിലാണ് ആതിഥേയര്‍.
26 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന ഡേവിഡ് മലാന്, നൈറ്റ് വാച്ച്മാന് ക്രെയ്ഗ് ഓവര്ട്ടന് എന്നിവരാണ് ഇന്ന് പുറത്തായത്.
67 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 31 റൺസെടുത്ത മലാനെ ഉമേഷ് യാദവ് രോഹിത് ശർമയുടെ കൈകളിലെത്തിച്ചു. 21 പന്തിൽ ഒരു റണ്ണെടുത്ത ഓവർട്ടനെ ഉമേഷ് യാദവിന്റെ പന്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി പിടികൂടി. ഇതോടെ മത്സരത്തിലാകെ ഉമേഷ് യാദവിന് മൂന്നു വിക്കറ്റായി. ശേഷിക്കുന്ന രണ്ടു വിക്കറ്റുകൾ ജസ്പ്രീത് ബുമ്രയ്ക്കാണ്. ഓപ്പണർമാരായ റോറി ബേൺസ് (5) ഹസീബ് ഹമീദ് (0), ക്യാപ്റ്റൻ ജോ റൂട്ട് (21) എന്നിവർ ആദ്യ ദിനം തന്നെ പുറത്തായിരുന്നു.






