
കാബൂള്‍ : യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാനെ പുനര്‍നിര്‍മ്മിക്കാന്‍ വന്‍തോതിലുള്ള ചെമ്പ് ശേഖരം ഉപയോഗപ്പെടുത്താനും താലിബാന് ഉറ്റുനോക്കുന്നത് ചൈനയെ. താലിബാന് കാബൂള്‍ പിടിച്ചതോടെ രാജ്യഗ കടുത്ത സാമ്പത്തീക പ്രതിസന്ധിയെ നേരിടുമോ എന്ന ആശങ്കയും വ്യാപകമായി ദാരിദ്ര്യം ഉടലെടുക്കുമോ എന്ന ആശങ്കയും നില നില്‍ക്കേ ചൈനയെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളി എന്നാണ് താലിബാന് വിശേഷിപ്പിച്ചിരിക്കുന്നത്.
തുറമുഖങ്ങളും റെയില്‍വേയും റോഡും വ്യവസായ പാര്‍ക്കുകളും അടക്കം യൂറോപ്പിനെയും ഏഷ്യയേയും ആഫ്രിക്കയേയും ചൈനയുമായി ബന്ധിപ്പിക്കുന്ന ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍റോഡ് സംവിധാനത്തെ തങ്ങള്‍ പിന്തുണയ്ക്കുന്നതായി താലിബാന് വക്താവ് സബീഹുള്ളാ മുജാഹിദ് പറഞ്ഞു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്ത് വന്‍ തോതില്‍ നിക്ഷേപം നടത്താനും രാജ്യത്തെ പുനര്നിര്മ്മിക്കാനുംചൈന തയ്യാറാണ്. അഫ്ഗാനിസ്ഥാനെ ആധുനിക വല്ക്കരിക്കുമ്പോള് അവിടുത്തെ സമൃദ്ധമായ ചെമ്പുശേഖരം ചൈനയ്ക്ക് എടുക്കാനുമാകും. താലിബാന് അനുകൂലമായ പ്രസ്താവന ചൈനയും നടത്തിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തെ ബഹുമാനിക്കുന്നെന്നും അവരുമായി സൗഹാര്‍ദ്ദം പിന്തുടരുമെന്നും അവരുടെ കാര്യത്തില്‍ ഇടപെടില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.
ചൈനയ്ക്കൊപ്പം റഷ്യയേയും പ്രധാന പങ്കാളിയായി തന്നെ ചൈന കാണുന്നുണ്ട്. മോസ്കോയുമായി നല്ല ബന്ധം തുടരുമെന്ന് മുജാഹിദ് പറഞ്ഞു. ആഗസ്റ്റ് 15 നായിരുന്നു കാബൂള്‍ താലിബാന് പിടിച്ചത്. ആഗസ്റ്റ് 31 ന് വിദേശശക്തികള്‍ രാജ്യം വിട്ടതിന് ശേഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറാകുകയും ഉടനീളം ദാരിദ്ര്യം ഉടലെടുക്കാനും തുടങ്ങിയിരിക്കുകയാണ്. ആളുകള്‍ നാടുവിട്ടോടാന് തുടങ്ങിയതോടെ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ നല്കി വന്നിരുന്ന സഹായവും നിര്‍ത്തിവെച്ചിരിക്കുകയാണ്.






