അമേരിക്കൻ വാഹന ഭീമന്മാരായ ഫോർഡ് ഇന്ത്യയിലെ വാഹന നിർമാണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അമേരിക്കൻ വാഹന ഭീമൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെയാണ് ഇന്ത്യയിലെ വാഹനനിർമ്മാണം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 1995ൽ മഹീന്ദ്രയുമായുള്ള ചങ്ങാത്തത്തിൽ മഹീന്ദ്ര ഫോർഡ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ എത്തി 1998ൽ ഫോർഡ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആയി മാറുകയായിരുന്നു.
ഗുജറാത്തിലെ സനന്ദിലെയും ചെന്നൈക്കടുത്ത് മരൈമലൈ നഗറിലുമുള്ള വാഹന നിർമാണ പ്ലാന്റുകളാണ് അടച്ചുപ്പൂട്ടാലിന് ഒരുങ്ങുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ 2 ബില്യൺ ഡോളറിലധികം നഷ്ടം രേഖപ്പെടുത്തിയത്. ഇതോടെയാണ് ഫോർഡ് ഇന്ത്യയുടെ പ്രവർത്തനത്തിൽ കാര്യമായ മാറ്റം വരുത്താൻ തീരുമാനിച്ചത്. 'ഇന്ത്യയിൽ സുസ്ഥിരവും ലാഭകരമായ ബിസിനസ്സ് സൃഷ്ടിക്കാൻ' ശ്രമിക്കാനാണ് പുതിയ നീക്കം എന്ന് ഫോർഡ് പത്രക്കുറിപ്പിൽ വ്യക്തമാക്കി.
"ഇന്ത്യയിൽ സനന്ദ്, മരൈമലൈ പ്ലാന്റുകളിലെ പ്രവർത്തനം കമ്പനി ക്രമേണ അവസാനിപ്പിക്കും. പ്ലാന്റുകൾ പൂർണ തോതിൽ പ്രവർത്തിപ്പിക്കാൻ സാധിക്കാത്തതും, വർഷങ്ങളായുണ്ടായ നഷ്ടവും, ഇന്ത്യയിലെ കാർ വിപണിയിൽ പ്രതീക്ഷിച്ച വളർച്ച നേടാനാവാത്തതുമാണ് ഈ തീരുമാനത്തിലെത്താൻ പ്രേരിപ്പിച്ചത്. ഏകദേശം ഒരു വർഷത്തോടെയാണ് പ്ലാന്റുകളുടെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കുക", ഫോർഡ് ഇന്ത്യയുടെ പ്രസിഡന്റും എംഡിയുമായ അനുരാഗ് മെഹ്രോത്ര പറഞ്ഞു.






