പ്രീമിയം ഹാച്ച്ബാക്കായ ആൾട്രോസിന്റെ മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടെന്നു ടാറ്റ മോട്ടോഴ്സ്. കോവിഡ് 19ഉം ലോക്ക്ഡൗണും തുടർന്നുള്ള പ്രതിസന്ധികൾ സപ്ലൈ ചെയിനിൽ സൃഷ്ടിച്ച വെല്ലുവിളികളെ അതിജീവിച്ചാണു ആൾട്രോസ് ഈ നേട്ടം സ്വന്തമാക്കിയത്. നിരത്തിലെത്തി 20 മാസത്തിനകമാണ് ആൾട്രോസ് ഈ നേട്ടം കൈവരിക്കുന്നത്.
വെല്ലുവിളി നിറഞ്ഞ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ആൾട്രോസ് വിൽപന ഒരു ലക്ഷം യൂണിറ്റ് കടന്നത് കാർ കൈവരിച്ച മികച്ച വിജയത്തിന്റെ സാക്ഷ്യപത്രമാണെന്ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് വൈസ് പ്രസിഡന്റ്(സെയിൽസ്, മാർക്കറ്റിങ് ആൻഡ് കസ്റ്റമർ കെയർ) രാജൻ അംബ അഭിപ്രായപ്പെട്ടു. പുണെയിലെ നിർമാണശാലയിൽ നിന്നു പുറത്തിറങ്ങിയ, ചുവപ്പ് നിറമുള്ള കാറാണ് ആൾട്രോസ് ഉൽപ്പാദനത്തിലെ ആദ്യ ലക്ഷം തികച്ച വാഹനം.
ആൾട്രോസ് ഗ്ലോബൽ എൻ സി എ പിയുടെ സുരക്ഷാ പരിശോധനയിൽ ഫൈവ് സ്റ്റാർ റേറ്റിങ് നേടിയിരുന്നു. പ്രീമിയം ഹാച്ച്ബാക്ക് വിൽപനയിൽ നടപ്പു സാമ്പത്തിക വർഷം രണ്ടാം സ്ഥാനത്താണ് ആൾട്രോസ്. കാറിന് 20% വിപണിവിഹിതവും ടാറ്റ മോട്ടോഴ്സ് അവകാശപ്പെടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം പ്രതിമാസം ശരാശരി ആറായിരത്തോളം ആൾട്രോസ് ടാറ്റ മോട്ടോഴ്സ് വിൽക്കുന്നുണ്ട്. ഏറ്റവും ഉയർന്ന വിൽപന കഴിഞ്ഞ മാർച്ചിലാണ് കൈവരിച്ചത്: 7,550 യൂണിറ്റ്.






