പി.ടി.ഉഷയുടെ മെഡലുകൾക്കപ്പുറം ഒരു അംഗീകാരവും ഇല്ലെന്നു വിശ്വസിച്ച , ഒരു ബഹുമതിക്കും പിന്നാലെ പോകാത്ത ഒ.എം.നമ്പ്യാരിലൂടെ കേരളത്തിൽ ആദ്യമായൊരു കായിക പരിശീലകന് പത്മശ്രീ ബഹുമതി . ദ്രോണാചാര്യ പുരസ്കാരം നേടിയ ആദ്യ മലയാളിയും ഒ.എം. നമ്പ്യാർ തന്നെ.
ഇന്നലെ രാത്രി മംഗളം ചീഫ് ന്യൂസ് എഡിറ്റർ ഷാജുദീൻ ആണ് ആദ്യം വിളിച്ചു സന്തോഷ വാർത്ത അറിയിച്ചത് . പിന്നാലെ പല മാധ്യമ സുഹൃത്തുക്കളും വിളിച്ചു .
നമ്പ്യാർ സാറിന്റെ പുത്രൻ മുരളിയെ വിളിച്ചപ്പോൾ അച്ഛനെ അറിയിച്ചെന്നു പറഞ്ഞു.
ഏതാനും വർഷമായി നമ്പ്യാർ സാർ കിടപ്പിലാണ്. ഇടയ്ക്ക് ഓർമ പോകും.
നമ്പ്യാർ സാറിനെക്കുറിച്ച് കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഞാൻ മാതൃഭൂമി ഓൺ ലൈനിലും മംഗളം പത്രത്തിലും എഴുതിയിരുന്നു.
ഇടയ്ക്ക് ബെംഗളുരുവിൽ നിന്ന് അശ്വിനി നാച്ചപ്പ വിളിച്ചിട്ട് നമ്പ്യാർ സാർ അവശനിലയിൽ കിടക്കുന്നൊരു ചിത്രം വാട്സാപ്പ് ചെയ്തതു നോക്കണമെന്നും സാറിന് ചികിത്സാ സഹായം വേണ്ടതുണ്ടോയെന്നു തിരക്കണമെന്നും പറഞ്ഞു. അതിന് രണ്ടുനാൾ മുമ്പ് ഷൈനി വിൽസൻ ഇതേ ചിത്രം അയച്ചത് അപ്പോഴാണ് ഓർത്തത്. ഷൈനി ആരുടെയോ പടം തെറ്റി അയച്ചതാണെന്നാണു ഞാൻ കരുതിയത്.
നമ്പ്യാർ സാർ തന്റെ ഭൂമിയുടെ ഒരു ഭാഗം നാട്ടിൽ സ്വന്തമായി ഭൂമിയില്ലാത്തവർക്കു നൽകിയ കഥ മാതൃഭുമിയിൽ വിശ്വനാഥ് എഴുതിയ കാര്യം ഞാൻ അശ്വിനിയോട് പറഞ്ഞു.
1980 കളുടെ തുടക്കം മുതൽ സാറിനെ അറിയാമെങ്കിലും 1986ലാണ് ഞങ്ങളുടെ സൗഹൃദം ദൃഢമായത്. സോൾ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണവുമായി വരുന്ന പി.ടി.ഉഷയെ തേടി ഞാൻ രണ്ടുനാൾ മുമ്പേ പയ്യോളിയിൽ എത്തി.ഉഷയുടെ കുടുംബാംഗങ്ങളുമായി സൗഹൃദത്തിലായി. സ്വീകരണം റിപ്പോർട്ട് ചെയ്യാൻ മനോരമയിൽ നിന്നു ഡോ. പോൾ മണലിൽ, മാതൃഭൂമിയിലെ വി. രാജഗോപാൽ തുടങ്ങിയവരൊക്കെയുണ്ട്. ഞാൻ ഇവരിൽ നിന്നെല്ലാം മാറി ഉഷയുടെ വീട്ടുകാർക്കൊപ്പം വീടിനടുത്തൊരു കയ്യാലപ്പുറത്ത്. നല്ലൊരു ഫോട്ടോയ്ക്ക് പോൾ മണലിൽ എന്റെ കയ്യിൽ ക്യാമറ തന്നത് ഓർക്കുന്നു. അന്നത്തെ തിരക്കു കാരണം നമ്പ്യാർ സാറിനോട് അധികം സംസാരിക്കാൻ സാധിച്ചില്ല.
ഏതാനും ദിവസം കഴിഞ്ഞ് കോട്ടയത്ത് ഏഷ്യാഡിലെ മലയാളി താരങ്ങൾക്ക് സ്വീകരണം ഒരുക്കാൻ മംഗളം വാരിക തീരുമാനിക്കുന്നു. അന്നു ഞാനവിടെ പബ്ളിക്കേഷൻ അസിസ്റ്റൻ്റും എം.സി. വർഗീസ് സാറിന്റെ സെക്രട്ടറിയുമാണ് .
താരങ്ങൾ വരാമെന്നു സമ്മതിച്ച ദിവസം വർഗീസ് സാർ സ്ഥലത്തില്ല. ചുമതലകൾ രണ്ടാമത്തെ മകൻ, ഇപ്പോഴത്തെ മാനേജിങ് ഡയറക്ടർ സാജൻ വർഗീസിനെ ഏല്പിച്ചു. ഞാനും സാജനും കൂടി സാർ അറിയാതെ സംഭവം വിപുലപ്പെടുത്തി. മലയാളി താരങ്ങൾക്കൊപ്പം റിലേയിൽ സ്വർണം നേടിയ വന്ദന റാവുവിനെയും തമിഴ്നാടിൻ്റെ ഹൈ ജംപ് താരം അണ്ണാവിയെയുമൊക്കെ ക്ഷണിക്കാൻ തീരുമാനിച്ചു. സുഭാഷ് ജോർജ് ഉൾപ്പെടെ മറ്റു മലയാളി താരങ്ങളും(അന്ന് മംഗളം ജനറൽ എഡിറ്റർ ആയിരുന്ന കെ.എം. റോയ് സാർ പറഞ്ഞ കമൻ്റ് ഓർക്കുന്നു . "വന്ദന റാവുവിൻ്റെ കാര്യം സനിൽ ഏൽക്കണം. അണ്ണാവി യെ കിട്ടിയില്ലെങ്കിൽ ആ ഛായയുള്ളൊരു തമിഴ് നാട്ടുകാരനെ ഞാൻ റയിൽവേ സ്റ്റേഷനിൽ നിന്നു സംഘടിപ്പിച്ചു കൊള്ളാം )
പാലക്കാട്ടൊരു സ്വീകരണം കഴിഞ്ഞാണ് പിറ്റേന്നു രാവിലെ കോട്ടയത്തും തുടർന്ന് പാലായിലും സ്വീകരണം. ട്രെയ്ൻ സമയത്തിനില്ല. പുലർച്ചെ നാലരയ്ക്ക് രണ്ടു കാറിൽ തിരിക്കാമെന്നു കോച്ച് എ.കെ. കുട്ടി പറഞ്ഞു.
രാവിലെ നാലിനു നമ്പ്യാർ സാറിനെ വിളിച്ചുണർത്താൻ ചെന്നു.
മുറിയിൽ രണ്ടു കട്ടിലുകളിൽ പി.ടി.ഉഷയും വന്ദന റാവുവും. തറയിൽ കിടക്ക വിരിച്ച് നമ്പ്യാർ സാർ. സംഘാടകർ വേറെ മുറി ബുക്ക് ചെയ്യാൻ ഒരുങ്ങിയപ്പോൾ വെറുതെ കാശു കളയേണ്ട "ഞാൻ ഈ മൂലയിലെങ്ങാനും ചുരുണ്ടോളാം" എന്നു സാർ പറയുകയായിരുന്നു.
നേരം പുലരും മുമ്പേ റോഡ് സൈഡിലെ ഒരു നാടൻ ചായക്കടയിൽ കയറി. ആവി പറക്കുന്ന പുട്ട് കണ്ടപ്പോൾ ഷൈനിക്കു വിശപ്പ്. മറ്റാർക്കെങ്കിലും വിശക്കുന്നുണ്ടോയെന്നു ഷൈനിയുടെ അന്വേഷണം. നമ്പ്യാർ സാർ കടക്കാരനോട് പറഞ്ഞു. " ഷൈനിക്ക് രണ്ടു കുറ്റി പുട്ട്. ഞങ്ങൾ ക്കൊക്കെ കാലിച്ചായ ".ഗൗരവക്കാരനായ നമ്പ്യാർ സാർ രസികനുമാണെന്ന് അന്നാണു ബോധ്യമായത്.
(ഷൈനിയും വിൽസനും മോളി ചാക്കോയും ഒരുനാൾ എൻ്റെ വീട്ടിൽ താമസിച്ചപ്പോൾ ഞാൻ ഷൈനിയോടു പറഞ്ഞു. അതിരാവിലെ പുട്ട് വേണമെങ്കിൽ നേരത്തെ പറയണം )
കോട്ടയത്ത് സ്വീകരണം കഴിഞ്ഞ് ഉച്ചഭക്ഷണത്തിന് കയറിയപ്പോൾ നമ്പ്യാർ സാർ എന്നെ കെട്ടിപ്പിടിച്ചൊരു ഉമ്മ തന്നു; ചടങ്ങ് ഏറെ ഇഷ്ടപ്പെട്ടെന്നു പറഞ്ഞ്.
ഇതിനിടെ വന്ദന റാവു എത്തിയതറിഞ്ഞ് കോട്ടയത്ത് കോർപറേഷൻ ബാങ്കുകാർക്ക് വന്ദനയെ ആദരിക്കണം. ഞാൻ കൂടെ ചെല്ലണമെന്ന് വന്ദനയ്ക്ക് നിർബന്ധം. ഒടുവിൽ മംഗളത്തിലെ സ്വീകരണ യോഗത്തിനിടയ്ക്ക് വന്ദനയെ ബാങ്കിൽ എത്തിച്ചു. ബാങ്കുകാർക്ക് സന്തോഷമായി.
കഴിഞ്ഞ വർഷമാണെന്നു തോന്നുന്നു ഞാൻ നമ്പ്യാർ സാറിന്റെ സ്വന്തം നമ്പറിൽ ഒന്നു വിളിച്ചു നോക്കി. പരിചയമുള്ളതുകൊണ്ട് വീട്ടുകാർ ഫോൺ സാറിനു കൊടുത്തു. " സനിൽ ഇപ്പോൾ എവിടെയാ? ഞാനിവിടെ കണ്ണൂരിൽ മൈതാനിയിൽ ഉണ്ട്". മുരളി ഫോൺ വാങ്ങിയിട്ടു പറഞ്ഞു. " അച്ഛൻ ഇവിടെ വീട്ടിൽ കട്ടിലിൽ കിടക്കുന്നുണ്ട് "
കണ്ണൂർ മൈതാനം ഓർമയിൽ വരാൻ കാര്യമുണ്ടെന്നു തോന്നി.
2004 ലോ മറ്റോ ആണെന്നു തോന്നുന്നു - ഞാൻ കണ്ണൂരിൽ മുനിസിപ്പൽ മൈതാനത്ത് സാറിനെ കണ്ടുമുട്ടി. കേരള സ്പോർട്സ് കൗൺസിലുമായി തെറ്റിയ കഥയൊക്കെ പറഞ്ഞു. എന്നെ മുറിയിൽ വിളിച്ചു കൊണ്ടുപോയി രഹസ്യമായി ഒരു കുപ്പി മിലിറ്ററി വിസ്കി തന്നു. എന്നിട്ടു പറഞ്ഞു. "ഇതു വീട്ടിൽ കൊണ്ടു പൊയ്ക്കോണം.ഇവിടെ മുറിയിൽ കാണാൻ വരുന്നവരെ സൽക്കരിക്കാൻ വേണവെങ്കിൽ വേറെ വാങ്ങിക്കൊള്ളണം. ."സാർ മദ്യപിച്ചു ഞാൻ കണ്ടിട്ടില്ല. പക്ഷേ, ക്വോട്ട വാങ്ങും .ഇഷ്ടക്കാർക്കേ കൊടുക്കൂ.
സാറിന്റെ കോച്ചിങ്ങിനെയോ ഉഷയുടെ പ്രകടനത്തെ യോ വിമർശിച്ചാൽ പരാതിയില്ല. പക്ഷേ, ഫിലിപ്പീൻസിന്റെ താരസുന്ദരി ലിഡിയ ഡിവേഗ ഉഷയെക്കാൾ മികച്ച സ്പ്രിൻ്റർ ആണെന്നു പറഞ്ഞാൽ ചൂടാകും. രണ്ടു പേരുടെയും മികച്ച സമയങ്ങളൊക്കെ അവതരിപ്പിച്ച് തർക്കിക്കും. 1994ലെ ഹിരോഷിമ ഏഷ്യാഡിന് ലിഡിയയെ കണ്ടുമുട്ടി.ഉഷയെക്കൂടി സംഘടിപ്പിച്ച് ഒരു ഫോട്ടോയ്ക്കും സ്റ്റോറിക്കു മായി ശ്രമിച്ചു. കുറച്ച് അധികം സമയം ലിഡിയ കാത്തു നിന്നു. അന്ന് മൊബൈൽ ഫോണൊന്നും ഇല്ലാത്തതിനാൽ ഉഷയെ കണ്ടെത്താൻ വൈകി. ഉഷയെ തപ്പിയെടുത്തപ്പോൾ ലിഡിയയ്ക്ക് ടീമിൻ്റെ വിളി വന്നു കഴിഞ്ഞിരുന്നു.
ബെയ്ജിങ് ഏഷ്യൻ ഗെയിംസ് വരെയായിരുന്നു ഒ.എം.നമ്പ്യാർ ഉഷയെ പരിശീലിപ്പിച്ചത് -
പിന്നീട് ബീനാ അഗസ്റ്റിൻ, സുകുമാരി, ലിനറ്റ്, ജിജി, ഷീബ, നൈസി തുടങ്ങിയവരായിരുന്നു ശിഷ്യർ . പക്ഷേ, രണ്ടാമതൊരു ഉഷയെ വളർത്തിയെടുക്കാൻ കഴിഞ്ഞില്ല. ബിനാ അഗസ്റ്റിൻ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ നല്ല പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ, എവിടെയോ കാലിടറി.
നമ്പ്യാർ സാറിനെ പത്മശ്രീക്കു നിർദേശിച്ചത് കേരളമല്ല , കേന്ദ്ര സ്പോർട്സ് മന്ത്രാലയമാണെന്നു കേട്ടു . എങ്കിൽ സ്പോർട്സ് മന്ത്രി ശ്രീ കിരൺ റിജിജുവിന് പ്രത്യേകം നന്ദി.എന്തായാലും സന്തോഷം: അഭിമാനം .