
ഇലക്ട്രിക്ക് വാഹനങ്ങൾക്കായി പ്രത്യേക ഉപകമ്പനി തന്നെ തുടങ്ങാനുള്ള പദ്ധതിയിലാണ് ടാറ്റ മോട്ടോർസ്. ഇതിന്റെ ഭാഗമായി 7,500 കോടിയുടെ വിദേശ നിക്ഷേപം ലഭിച്ചതായി ടാറ്റ മോട്ടോർസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. റിപ്പോർട്ട് പ്രകാരം അമേരിക്കൻ ഇൻവെസ്റ്റ്മെന്റ് കമ്പനിയായ ടിപിജി റൈസ് ക്ലൈമറ്റും സഹ നിക്ഷേപകരായി എഡിക്യുവും ചേർന്നാണ് 7,500 കോടി രൂപ ടാറ്റ മോട്ടോർസ് ഇലക്ട്രിക്ക് വാഹനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കുന്ന ഉപകമ്പനിയിൽ മുതൽ മുടക്കുക. പുതിയ ഉപകമ്പനിയിൽ 9.1 ബില്യൺ ഡോളർ (67,349 കോടി രൂപ) വരെയുള്ള ഇക്വിറ്റി മൂല്യത്തിൽ 11 ശതമാനം മുതൽ 15 ശതമാനം വരെ ഓഹരികളാണ് ടിപിജി റൈസ് ക്ലൈമറ്റിനുണ്ടാവുക.
ടാറ്റ മോട്ടോഴ്സിന്റെ നിലവിലുള്ള എല്ലാ നിക്ഷേപങ്ങളും സംവിധാനങ്ങളും പുതിയ കമ്പനി പ്രയോജനപ്പെടുത്തുകയും കൂടാതെ പുതിയ ഇലക്ട്രിക്ക് വാഹനങ്ങൾ, ഇൻഫ്രാസ്ട്രക്ചർ, ബാറ്ററി സാങ്കേതികവിദ്യകൾ, ബാറ്ററി ഇവി പ്ലാറ്റ്ഫോമുകൾ, നൂതന ഓട്ടോമോട്ടീവ് സാങ്കേതികവിദ്യകൾ എന്നിവയ്ക്കായി നിക്ഷേപങ്ങൾ ഉത്തേജിപ്പിക്കുകയും ചെയ്യും എന്ന് ടാറ്റ മോട്ടോർസ് പത്രക്കുറിപ്പിൽ വ്യക്തമാക്കി. 2025നുള്ളിൽ 10 ഇലക്ട്രിക്ക് വാഹനങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതിയിടുന്ന ടാറ്റ മോട്ടോഴ്സിന് പുതിയ നിക്ഷേപങ്ങൾ മുതൽക്കൂട്ടാണ്.2022 മാർച്ചോടെ നിക്ഷേപത്തിന്റെ ആദ്യ ഘട്ടവും പിന്നീടുള്ള വർഷങ്ങളിലും രണ്ടാം ഘട്ടവും പൂർത്തിയാക്കാനാണ് പദ്ധതി.






