കോട്ടയം: ജില്ലയിലെ രണ്ടിടത്തുണ്ടായ ഉരുള്‍പൊട്ടലില്‍ ആറുമരണം. മുണ്ടക്കയം, കൂട്ടിക്കല്‍ പഞ്ചായത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു. ഏഴുപേരെ കാണാതായി. ഉരുള്‍പൊട്ടലിനു പിന്നാലെയുണ്ടായ മലവെള്ളപ്പാച്ചിലില്‍ മൂന്ന് വീടുകളും ചെറുപാലങ്ങളുമടക്കം ഒലിച്ചുപോയി. മിക്ക റോഡുകളും വെള്ളത്തിലായി. ചില പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. വ്യാപകമായി കൃഷി നശിച്ചു. ഒരു കുടുംബത്തിലെ ആറുപേര്‍ പൂര്‍ണമായി മണ്ണിനടിയിലായി. കാവാലിയിലെ ഒറ്റലാങ്കല്‍ മാര്‍ട്ടിന്റെ കുടുംബമാണു ദുരന്തത്തില്‍പ്പെട്ടത്. മാര്‍ട്ടിന്റെ മാതാവ് ക്ലാര (അച്ചാമ്മ 73), ഭാര്യ സിനി (35), മകള്‍ സാന്ദ്ര (ഒന്‍പത്) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മാര്ട്ടിന്, മക്കളായ സ്നേഹ (13), സോന (11) എന്നിവരെയാണു കാണാതായത്. കൂട്ടിക്കലില്‍ രക്ഷാപ്രവര്‍ത്തനത്തിനു വ്യോമസേനയുടെ സഹായം തേടി.
പ്ലാപ്പള്ളിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി, തൊട്ടിപ്പറമ്പില്‍ മോഹന്റെ ഭാര്യ സരസമ്മ,മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി എന്നിവരാണു മരിച്ചത്. രാവിലെ പതിനൊന്നരയോടെയായിരുന്നു ഉരുള്‍പൊട്ടല്‍. എന്നാല്‍, ഉച്ചകഴിഞ്ഞ് മൂന്നോടെയാണു ദുരന്തം പുറംലോകമറിഞ്ഞത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തിമേഖലയായ ഈ പ്രദേശത്ത് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമല്ല. കൂട്ടിക്കല്‍ പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. കൂട്ടിക്കല്‍ കവലയില്‍ ഒരാള്‍പ്പൊക്കത്തില്‍ വെള്ളം കയറിയെങ്കിലും വൈകിട്ടോടെ ഇറങ്ങി .
പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറി. പലരും വീടുകളുടെ രണ്ടാംനിലയില്‍ കയറിനില്‍ക്കുകയാണ്. രാത്രി വൈകി രക്ഷാപ്രവര്‍ത്തനത്തിനു സൈന്യമെത്തിയെങ്കിലും കാലാവസ്ഥ പ്രതികൂലമായിരുന്നു. പെന്തുവന്താനം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ വെള്ളപ്പൊക്കത്തില്‍ റോഡ് മുങ്ങി.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റാന്‍ ജില്ലാ കലക്ടര്‍ എയര്‍ ലിഫ്റ്റിങ്ങിന് സഹായം തേടി. മുണ്ടക്കയം-എരുമേലി റോഡിലെ കോസ്വേയും സമീപത്തെ വീടുകളും മുങ്ങി. വീടുകളുടെ ഒന്നാംനില വരെ വെള്ളമെത്തി.






