
തൊടുപുഴ/മുണ്ടക്കയം/തിരുവനന്തപുരം : മഴ ഒഴിഞ്ഞുനിന്ന ഇന്നലെ പകലില്‍ രക്ഷാപ്രവര്‍ത്തകര്‍ മണ്ണിനടിയില്‍നിന്നു കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂട്ടിക്കലില്‍നിന്ന് എട്ടും കൊക്കയാറില്‍നിന്ന് ആറും മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. കൊക്കയാറില്‍ കാണാതായ മൂന്നു വയസുകാരനു വേണ്ടിയുള്ള തെരച്ചില്‍ തുടരുന്നു. കൂട്ടിക്കല്‍ കാവാലി ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്ട്ടിന് (48), മക്കളായ സോന (12), സ്നേഹ (10) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തി. മാര്‍ട്ടിന്റെ അമ്മ ക്ലാരമ്മ ജോസഫ് (65), ഭാര്യ സിനി (45), മകള്‍ സാന്ദ്ര (14) എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച കണ്ടെടുത്തിരുന്നു.
പ്ലാപ്പള്ളി ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ (45), മകന് അലന് (14), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (62), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (48), ഏന്തയാറില്‍ ഓട്ടോ ഡ്രൈവറായ ഷാലറ്റ് ഓലിക്കല്‍ (29), കുവപ്പള്ളിയില്‍ ശ്രാമ്പിക്കല്‍ രാജമ്മ (64) എന്നിവരാണ് മരിച്ച മറ്റുളളവര്‍. ഇടുക്കി പെരുവന്താനം നിര്മലഗിരിയില് മലവെള്ളപ്പാച്ചിലില്‍ കാണാതായ വടശേരിയില്‍ ജോജോയുടെ മൃതദേഹവും ഇന്നലെ ലഭിച്ചു.വെള്ളക്കെട്ടില്‍ വീണു മരിച്ച ഒന്നര വയസുകാരനുള്‍പ്പെടെ മൂന്നു പേരെയാണ് ഇന്നലെ വെള്ളം കവര്‍ന്നത്. ഇതോടെ, രണ്ടു ദിവസത്തിനിടെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി.
കോഴിക്കോട് ഏറാമലയില്‍ പെരിയാട്ടു നൂര്ജഹാന്- മുഹമ്മദ് ഷംജാസ് ദമ്പതികളുടെ ഒന്നരവയസുള്ള മകനാണു വെള്ളക്കെട്ടില്‍ വീണു മരിച്ചത്. തിരുവനന്തപുരം വിതുര കല്ലാറില്‍ ഒഴുക്കില്‍പ്പെട്ട് മണക്കാട് സ്വദേശി അഭിലാഷ് (24) മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ സൈനികനായ ജോണ്‍ സെബാസ്റ്റ്യന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു.
പ്ലാപ്പള്ളിയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നും തുടരാനാണു തീരുമാനം. ദുരന്തത്തില്‍പ്പെട്ട അലന്റെ മൃതദേഹത്തിനൊപ്പം കണ്ടെത്തിയ കാല് മറ്റാരുടേയോ ആണെന്നു വ്യക്തമായിരുന്നു. ഇതേത്തുടര്‍ന്നു മറ്റാരെങ്കിലും പ്രദേശത്തു കുടുങ്ങികിടപ്പുണ്ടോയെന്ന നിഗമനത്തിലാണു തെരച്ചില്‍ തുടരാനുള്ള തീരുമാനം. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞു. പാലക്കാടും തൃശൂരിലും മഴ തുടരുകയാണ്. നദികളില്‍ ജലനിരപ്പ് ഉയരുന്നു. മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാലു ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് മന്ത്രി കെ. രാജന് അറിയിച്ചു. തുക വിതരണത്തിനു കാലതാമസമുണ്ടാകരുതെന്നു നിര്‍ദേശിച്ചു.






