
കൊക്കയാര്‍ (ഇടുക്കി) : കൊക്കയാര്‍ നാരകംപുഴയില്‍ നിന്ന് പുല്ലകയാറിന്റെയും കൈത്തോടുകളുടെയും തീരത്തു കൂടി നടക്കുമ്പോള്‍ ഹൃദയം പിടയും. തോരാത്ത കണ്ണുനീരുമായി നാട്ടുകാര്‍, മണ്ണില്‍ പുതഞ്ഞുപോയ ഏഴു പേരെ കണ്ടെത്താന്‍ പ്രയത്നിക്കുന്ന രക്ഷാപ്രവര്‍ത്തകര്‍, വീടും ഒരായുസിലെ സമ്പാദ്യവും ഉരുളെടുത്തതിന്റെ ദുഃഖം നിറയുന്ന മുഖങ്ങള്‍...
അപ്രതീക്ഷിതമായ അതി തീവ്ര മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും കൊക്കയാറെന്ന കുടിയേറ്റ ഗ്രാമത്തെ തകര്‍ത്തെറിഞ്ഞപ്പോള്‍ നഷ്ടമായത് അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ഏഴു ജീവനുകളാണ്.
ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് വലിയ ശബ്ദത്തോടെ ഉരുള്‍ പൊട്ടി മലയിടിഞ്ഞ് താഴ്ഭാഗത്തുള്ള വീടുകളിലേക്കു പതിച്ചത്. മരിച്ച ഫൗസിയ സിയാദി (28) ന്റെ വീടിനു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലിരുന്ന് കളിച്ചുകൊണ്ടിരുന്ന അഞ്ചു കുട്ടികള്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ടു. വലിയ പാറക്കല്ലുകളും മരങ്ങളും ഒഴുകിവരുന്നതു കണ്ട് കുട്ടികളോടു രക്ഷപ്പെടാന്‍ അയല്‍വാസി ശാന്തമ്മ അലറിവിളിച്ചെങ്കിലും കുട്ടികളെ മലവെള്ളം കവര്‍ന്നെടുത്തു.






