
കൊച്ചി: ഇരുകൈകളും ഇല്ലാതെ ആശുപത്രിയിലെത്തിയ ബാസവണ്ണ ഇനി നേവിസിന്റെ കൈകളുമായി മടങ്ങും. കൊച്ചി അമൃത ആശുപത്രിയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ഒന്‍പതാമത്തെ കൈമാറ്റല്‍ ശസ്ത്രക്രിയയായിരുന്നു കര്‍ണാടക സ്വദേശി ബാസവണ്ണ ഗൗഡയുടെത്.
സെപ്റ്റംബര്‍ 25-ന് എറണാകുളം അമൃത ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രമണ്യ അയ്യര്‍, ഡോ. മോഹിത് ശര്‍മ എന്നിവരുടെ നേതൃത്വത്തില്‍ ബാസവണ്ണയില് നേവിസിന്റെ കൈകള്‍ തുന്നി ചേര്‍ത്തത്.
റൈസ് മില്ലില്‍ ബോയ്ലര്‍ ഓപ്പറേറ്ററായിരുന്ന കര്‍ണാടക ബെല്ലാരി സ്വദേശിയായ ബാസവണ്ണ ഗൗഡയ്ക്ക്(34) 2011 ജൂലൈയില്‍ ജോലി സ്ഥലത്തുവെച്ച് വൈദ്യുതാഘാതമേക്കുകയും തുടര്‍ന്ന് ഇരുകൈകളും മുട്ടിനു താഴേക്ക് മുറിച്ചുമാറ്റേണ്ടിയും വന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ കോട്ടയം വടവാതൂര്‍ സ്വദേശി നേവിസിനെ സെപ്തംബര്‍ 16-ന് ആണ് ആശുപത്രിയിലെത്തിച്ചത്. പിന്നീട് 25-ന് നേവിസ് മരിച്ചു. അന്നുതന്നെ നേവിസിന്റെ കൈകള്‍ ബാസവണ്ണ ഗൗഡയില്‍ തുന്നിച്ചേര്ക്കകയായിരുന്നു.






