
‘‘അമ്മേ നാരായണ, വെടിക്കെട്ട് ആരംഭിക്കാന്‍ പോകുകയാണ്. ഗ്രൗണ്ടില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കേണ്ടതാണ്.’’ ഇങ്ങനെയൊരു അനൗണ്‍സ്മെന്റും ഒപ്പം ബാക്ക്ഗ്രൗണ്ടില്‍ ഒരു ദേവിഭക്തിഗാനവും. ബിബിന്‍ ജോര്‍ജ്ജിന്റെയും വിഷ്ണു ഉണ്ണിക്കൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയായ ‘വെടിക്കെട്ട്’ സിനിമയുടെ മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റിലീസ് ചെയ്തത് ഇങ്ങനെയാണ്. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ്. എല്ലാവരുടെയും അനുഗ്രഹം ഉണ്ടാവണം എന്ന ക്യാപ്ഷനും ബിബിന്‍ നല്‍കിയിട്ടുണ്ട്.
ബാലതാരമായാണ് വിഷ്ണു ഉണ്ണികൃഷ്ണൻ സിനിമാ ലോകത്തേക്ക് കടന്നു വന്നത്. എന്റെ വീട് അപ്പൂൂന്റെയും എന്ന സിനിമയിൽ തുടങ്ങി ഇയ്യോബിന്റെ പുസ്തകം എത്തിയതാണ് വിഷ്ണു. പിന്നീട് വിഷ്ണുവും ബിബിനും ചേര്‍ന്ന് 2015-ൽ ഇന്ദ്രജിത്ത്, പൃഥ്വിരാജ്, ജയസൂര്യ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥയെഴുതി അരങ്ങേറ്റം നടത്തി. അതിനു ശേഷം കട്ടപ്പനയിലെ ഹൃത്വിക് റോഷൻ, ദുൽഖർ സൽമാൻ നായകനായ ഒരു യമണ്ടൻ പ്രേമകഥ എന്നിവയും അവർ എഴുതി, ഒപ്പം രണ്ടു പേരും അഭിനയ മേഖലയിലേക്കും കടന്നു. കട്ടപ്പനയിലെ ഹൃത്വിക് റോഷനിലൂടെ വിഷ്ണു നായകനുമായി. ശിക്കാരി ശംഭു, എവർഗ്രീൻ ഹീറോ തുടങ്ങിയ സിനിമകൾ നായക സങ്കൽപ്പത്തിന്റെ പുതിയ രൂപങ്ങളും മാനങ്ങളും കൈവരിച്ചു. തിരക്കഥയ്ക്ക് പുറമെ അഭിനയ ലോകത്തും ബിപിന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഒരു ചെറിയ ബോംബ് കഥയില്‍ നായകനായും ഒരു യമണ്ടന്‍ പ്രേമകഥയില്‍ വില്ലനായും ബിപിന്‍ കൈയ്യടി നേടിയിട്ടുണ്ട്.
ഇപ്പോൾ അഭിനയത്തിനും തിരക്കഥയ്ക്കും അപ്പുറം സംവിധാനത്തിലേക്ക് ചുവടുവെക്കുകയാണ് നടൻ-ഹിറ്റ് മേക്കിംഗ് തിരക്കഥാകൃത്തുക്കള്‍ ഒക്കെയായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും. ബാദുഷ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പറിന്റെയും ബാനറിൽ എൻഎം ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് ഇവരുടെ ആദ്യ സിനിമ നിർമ്മിക്കുന്നത്. പുതുമുഖങ്ങളെ കേന്ദ്രീകരിച്ചുള്ള ചിത്രമാണിത്. കോമഡിയിലും കുടുംബ അഭിരുചികളിലും ശ്രദ്ധ കേന്ദ്രീകരിച്ച വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.






