
പട്ടൗഡിയിലെ നവാബാണ് അഭിനേതാവായ സെയ്ഫ് അലി ഖാന്. സെയ്ഫിന് ഹരിയാനയിലെ പട്ടൗഡി കൊട്ടാരവും ഭോപ്പാലിലെ മറ്റ് പൂര്‍വ്വിക സ്വത്തുക്കളും ഉള്‍പ്പെടെ 5000 കോടി രൂപയുടെ ആസ്തിയുണ്ട്. എന്നിരുന്നാലും, തന്റെ മക്കളായ സാറ, ഇബ്രാഹിം, തൈമൂര്‍, ജഹാംഗീര്‍ അലി ഖാന് എന്നിവര്‍ക്ക് ഈ 5000 കോടി രൂപയുടെ ഒരു ചില്ലിക്കാശും നല്കാന് സെയ്ഫിന് കഴിയില്ലെന്നുള്ളതാണ് ഏറ്റവും രസകരമായ കാര്യം. സെയ്ഫിന്റെ അച്ഛന് ഇന്ത്യന്‍ ക്രിക്കറ്റ് താരമായ മന്‍സൂര്‍ അലി ഖാന് പട്ടൗഡിയാണ്, അമ്മയാകട്ടെ ഒരു കാലത്ത് ഹിന്ദി സിനിമയിലെ മുന്‍നിര നായികയായിരുന്ന ശര്‍മ്മിള ടാഗോറും. സെയ്ഫിന്റെ ഭാര്യ കരീന കപൂര്‍ പ്രശസ്ത സിനിമാതാരവും കപൂര്‍ കുടുംബത്തിലെ അംഗവുമാണ്. കരീനയും സെയ്ഫും സിനിമയില്‍ ഒരേപോലെ സജീവവുമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയില്‍ ഇരുവരുമുണ്ട്.
സിനിമയില്‍ എത്തുന്നതിനു മുമ്പു തന്നെ സെയ്ഫ് സമ്പന്നതയിലാണ് വളര്‍ന്നത്. സെയ്ഫിന് മുന്‍ഭാര്യ അമൃതയില്‍ സാറ അലി ഖാന്, ഇബ്രാഹിം ഖാന്, ഇപ്പോഴത്തെ ഭാര്യ കരീനയില്‍ തൈമൂര്‍ അലിഖാന്, ജഹാംഗീര്‍ അലി ഖാന് എന്നീ ആണ്‍മക്കളുമുണ്ട്. പക്ഷേ ഇവര്‍ക്കാര്‍ക്കും ഒരു രൂപ പോലും കൈമാറാന്‍ സെയ്ഫിന് അധികാരമില്ല.
പട്ടൗഡി കുടുംബത്തിന്റെ സ്വത്തുക്കളെല്ലാം 1968ലെ ഇന്ത്യന്‍ ഗവണ്മെന്റിന്റെ വിവാദ ശത്രു തര്‍ക്ക നിയമത്തിന് കീഴിലാണ് വരുന്നത്. 1965ല്‍ ഇന്ത്യ - പാക് യുദ്ധത്തിനുശേഷമാണ് ഈ ആക്ട് പാസാക്കിയത്. അതിനാല്‍ കോടികള്‍ മൂല്യമുള്ള കുടുംബ സ്വത്തില്‍ അവകാശം നേടുന്നതിനു നിലവില്‍ ഇന്ത്യയിലുള്ള കുടുംബാംഗങ്ങള്‍ക്ക് എനിമി പ്രോപ്പര്‍ട്ടി ആക്ട് തടസമാണ്. പ്രസ്തുത നിയമത്തിന്റെ പരിധിയില്‍ വരുന്ന അത്തരം സ്വത്തിന്റെ അവകാശിയാണെന്ന് ആര്‍ക്കും അവകാശപ്പെടാനാവില്ല.
സെയ്ഫിന്റെ മുതുമുത്തച്ഛന് ഹമീദുള്ള ഖാന് ബ്രിട്ടീഷ് ഭരണകാലത്ത് ഭോപ്പാലില്‍ അവസാന നവാബായിരുന്നു. തന്റെ സ്വത്തുക്കളുടെ അവകാശികളെ നിശ്ചയിക്കുന്ന വില്പത്രം തയ്യാറാക്കാതെയായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിനാല്‍ കുടുംബത്തിനുള്ളില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം, പ്രത്യേകിച്ച് പാകിസ്ഥാനിലുള്ള സെയ്ഫിന്റെ മുത്തശ്ശിയുടെ വംശപരമ്പരയില്‍ നിന്നുള്ള അംഗങ്ങളില്‍ നിന്ന്. ഒരു വ്യക്തിയോ വ്യക്തികളോ ശത്രു തര്‍ക്ക നിയമം നേരിട്ട്, തങ്ങളുടേതാണെന്ന് തോന്നുന്ന ഏതെങ്കിലും സ്വത്തിലേക്ക് അവകാശവാദം ഉന്നയിക്കാന്‍ ആഗ്രഹിച്ചാല്‍, അവര്‍ ഹൈക്കോടതിയെ സമീപിക്കേണ്ടിവരും. അതില്‍ പരാജയപ്പെട്ടാല്‍ സുപ്രീം കോടതിയിലേക്കും ഒടുവില്‍ ഇന്ത്യയുടെ രാഷ്ട്രപതിയുടെ മുന്നിലേക്കും ഈ അവകാശവാദവുമായി പോകേണ്ടി വരും.






