
അന്തരിച്ച നടന് ഇന്നസെന്റിന്റെ പേരിലുളള '' CAN INNOCENT AWARD 2025- BEST COMEDIAN' അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കിട്ട് മലയാളികളുടെ പ്രിയപ്പെട്ട താരം അജു വര്‍ഗീസ്. സര്‍വം മായ എന്ന സിനിമയിലെ പ്രകടനത്തിനാണ് അജുവിന് അവാര്‍ഡ് ലഭിച്ചത്. സിനിമയുടെ സംവിധായകന് അഖില്‍ സത്യന്, നടന് നിവിന്‍ പോളി, എന്നിവര്‍ക്കും സിനിമ എന്ന തന്റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ വിനീത് ശ്രീനിവാസനും നടന് ദിലീപിനും ഫേസ്ബുക്ക് കുറിപ്പിലൂടെ അജു വര്‍ഗീസ് നന്ദി അറിയിച്ചു.
അജു വര്‍ഗീസിന്റെ കുറിപ്പ്:
ഇതിഹാസ താരം ഇന്നസെന്റ് ഏട്ടന്റെ പേരിലുള്ള പ്രഥമ 'CAN INNOCENT AWARD 2025- BEST COMEDIAN' അവാര്‍ഡ് ലഭിച്ചത് ഒരു അനുഗ്രഹം ആയി ഞാന്‍ കരുതുന്നു.
നര്‍മ്മം പലപ്പോഴും ആഴമേറിയ അറിവിന്റെയും, ദീര്‍ഘ വീക്ഷണത്തിന്റെയും ''മുഖംമൂടി'' ആണെന്ന് അദ്ദേഹം നമ്മള്‍ക്ക് കാണിച്ചുതന്നിരുന്നു. ജീവിതത്തില്‍ വേദനകളും, ബുദ്ധിമുട്ടുകള്‍ വന്നപ്പോള്‍ അദ്ദേഹം പലവട്ടം വിദഗ്ധമായി ആ മുഖം മൂടി ധരിച്ചും നമ്മള് കണ്ടിട്ടുണ്ട്.
പലപ്പോഴും ഷോട്ടില്‍ എന്ത് ചെയ്യണം എന്ന് അറിയാതെ വരുമ്പോള്‍ ഞാന്‍ പ്രതിഭകളാല്‍ സമ്പന്നമായ നമ്മുടെ ഇന്ഡസ്ടറിലെ സീനിയേഴ്സില്‍ നിന്നുകോപ്പി അടിക്കും, ലൈബ്രറിയില്‍ പോയി നമ്മള് ഗ്രന്ഥങ്ങള്‍ റെഫര്‍ ചെയുന്ന പോലെ.അങ്ങനെ ഞാന്‍ അദ്ദേഹത്തെയും പലവട്ടം റെഫര്‍ ചെയ്തിട്ടുണ്ട്.
നന്ദി, കാന്ചാനല്മീഡിയയിലെ സുരേഷ് ഏട്ടന് അണിയറ പ്രവര്‍ത്തകര്‍ ജൂറി ചെയര്മാന് ശ്രി.രാജീവ് കുമാര്‍ സര് മറ്റ് മെംബേര്‍സ്, ഇന്നസെന്റ് ഏട്ടന്റെ ഓര്‍മ്മകളെ ഇത്രയും വ്യക്തമായി ഒരിക്കല്‍ കൂടി അവതരിപ്പിച്ചതിന്. വരും വര്‍ഷങ്ങളില്‍ ഇതിലും പ്രൗഢഗംഭീരമായി ഈ അവാര്‍ഡ് ചടങ്ങു സംഘടിപ്പിക്കാന്‍ അങ്ങേക്ക് സാധിക്കട്ടെ.
സര്‍വംമായ സിനിമയുടെ സംവിധായകന് അഖില്‍, രൂപയുടെ റോളിലേക്ക് എന്നെ suggest ചെയ്ത നിവിന്‍, അത് പോലെ സര്‍വം മായയുടെ മുഴുവന്‍ ടീമിനും നന്ദി പറയാന്‍ ഞാന്‍ ഈയവസരത്തില്‍ ആഗ്രഹിക്കുന്നു.ഒപ്പം എന്നും എപ്പോളും പിന്തുണച്ച എന്റെ കുടുംബത്തിനും, എന്റെ എല്ലാ പോരായ്മകളെയും സ്വീകരിച്ച പ്രേക്ഷകര്‍ക്കും, സിനിമ എന്ന എന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ വിനീതിനും ദിലീപേട്ടനും ഇതിനെല്ലാം കാരണം ആയ ദൈവത്തിനും ഒരായിരം നന്ദി.
ഈ അവാര്‍ഡ് അതിന്റെ യഥാര്‍ത്ഥ 'ലക്ഷ്യസ്ഥാനം' കണ്ടിട്ടില്ല എന്ന് എനിക്കറിയാം, പക്ഷെ ആത്മാര്‍ത്ഥമായി ഒരു ലക്ഷ്യസ്ഥാനം തേടി പോകുന്ന ഒരാള്‍ക്കുള്ള പ്രോല്ത്സാഹനമായി തല്കാലം കരുതിയാല്‍ മതി.






