
2016 ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് ഗ്രേസ് ആന്റണി വെളളിത്തിരയിലെത്തുന്നത്. ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിയായി എത്തിയ ഗ്രേസിനെ പ്രേക്ഷകരൊരിക്കലും മറക്കില്ല. ആ ഒറ്റ സിനിമയാണ് ഗ്രേസിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചത്. ഹാപ്പി വെഡിങിലെ അഭിനയമാണ് ഗ്രേസിനെ കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിലേക്ക് എത്തിച്ചത്. എന്നാല്‍ ഹാപ്പി വെഡിങില്‍ കണ്ട ഗ്രേസിനെയല്ല കുമ്പളങ്ങിയില്‍ കാണാന്‍ സാധിച്ചത്. ചിത്രത്തില്‍ ഫഹദിന്റെ ഭാര്യയായി മുഴുനീളം അഭിനയിച്ചു. ചിത്രത്തിനു പിന്നാലെ നിരവധി മികച്ച കഥാപാത്രങ്ങള്‍ നടിയെ തേടിയെത്തിയിരുന്നു. ശക്തമായ സ്ത്രീകഥാപാത്രങ്ങളായിരുന്നു ഇവയെല്ലാം.
ഹലാല്‍ ലവ് സ്റ്റോറി, സാജന് ബേക്കറി സിന്‍സ്, പ്രതി പൂവന്‍കോഴി, തമാശ, തുടങ്ങിയ സിനിമകളാണ് പിന്നീട് ഗ്രേസ് തിളങ്ങിയത്. ഇനി പുറത്തിറങ്ങാനുളളത് കനകം കാമിനി കലഹം എന്ന നിവിന്‍ പോളി സിനിമയാണ്. ഹരിപ്രിയ എന്ന സീരിയല്‍ നടിയാണ് ചിത്രത്തില്‍ ഗ്രേസ്. സിനിമയിലെ വിശേഷങ്ങളും അഞ്ച് വര്‍ഷംകൊണ്ട് ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചുമെല്ലാം തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍.
'അഞ്ച് വര്‍ഷം മുമ്പായിരുന്നുവെങ്കില്‍ ആന്റപ്പന്റെ മകള്‍ എന്ന ലൈനിലാണ് ഞാന്‍ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചോദിച്ചാല്‍ കുമ്പളങ്ങിയില്‍ അഭിനയിച്ച കുട്ടി ഞങ്ങളുടെ നാട്ടുകാരിയാണ് എന്നായിരിക്കും അവര്‍ പറയുക. ഞാന്‍ സിനിമയിലെത്തണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും മാതാപിതാക്കള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് എങ്ങനേയും ഒരു വേഷം ചെയ്യണമെന്ന ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും തന്നെ രണ്ടുപേര്‍ തിരിച്ചറിയുന്നതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് മാതാപിതാക്കള്‍ തന്നെയാണ് എന്നെ വിമര്‍ശകരും അവര്‍ തന്നെയാണ്. പക്ഷെ കുമ്പളങ്ങിക്ക് ശേഷം കുറച്ച് കൂടി ശ്രദ്ധിക്കാന്‍ തുടങ്ങി. എന്നിലെ അഭിനേത്രിക്ക് പ്രാധാന്യം നല്കി തുടങ്ങി. ഷോര്‍ട്ട് ഫിലിം എഴുതുന്നതും സംവിധാനം ചെയ്യുന്നതും എന്റെ സന്തോഷത്തിന് വേണ്ടിയാണ്. എന്നിലെ സിനിമാ സ്നേഹിയെ സന്തോഷിപ്പിക്കാനാണ്. നന്നായാലും മോശമായാലും അത് എന്നെ മാത്രം ബാധിക്കുന്ന വിഷയമാണ് എന്ന രീതിയിലാണ് ഞാന്‍ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്യുന്നത്' ഗ്രേസ് ആന്റണി പറഞ്ഞു.
ഗ്രേസ് ആന്റണിയുടെ കൈവശം അഭിനയം മാത്രമല്ല മികച്ച ഡാന്‍സര്‍ കൂടിയാണ്. ചെറുപ്പം മുതല്‍ തന്നെ ക്ലാസിക്കല്‍ ഡാന്‍സും വെസ്റ്റേണ്‍ നൃത്തവും താരം പഠിക്കുന്നുണ്ട്. എറണാകുളം സ്വദേശിയായ ഗ്രേസ് അമ്മയുടേയും അച്ഛന്റേയും ഇളയ മകളാണ്. അഭിനയവും നൃത്തവും മാത്രമല്ല ടീച്ചര്‍ കൂടിയാണ് ഗ്രേസ്.