ഒറ്റ രാത്രികൊണ്ട് കോടീശ്വരിയായി ഓസ്ട്രേലിയന്‍ യുവതി. കഴിഞ്ഞദിവസം വാക്സിന് ക്യാമ്പെയിനില്‍ പങ്കെടുത്തതിലൂടെയാണ് ജോവാന് ഷു എന്ന യുവതിക്ക് ഈ സ്വപ്നനേട്ടം കൈവരിക്കാനായത്.
7,39,685 ഓസ്ട്രേലിയന്‍ ഡോളറാണ് യുവതിയെ തേടിയെത്തിയത്. ഏകദേശം 5.49 കോടി രൂപ. 2.74 ദശലക്ഷം ഓസ്ട്രേലിയക്കാര്‍ക്കിടയില്‍ നിന്നാണ് ഭാഗ്യ നറുക്കെടുപ്പില്‍ 25 കാരിയായ ജോവാന് ഷു തിരഞ്ഞെടുക്കപ്പെട്ടത്.
ലോട്ടറി അടിച്ചെന്ന് തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് നൈൻസ് വീക്കെൻഡ് ടുഡേ പ്രോഗ്രാമിനോട് പ്രതികരിക്കവേ ജോവാൻ ഷു പറഞ്ഞു. ഭാഗ്യ നറുക്കെടുപ്പിൽ വിജയി ആയതിൽ ഒരുപാട് സന്തോഷമുണ്ട്. സംഘാടകർ ആദ്യമായി തന്നെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ താൻ ജോലിസ്ഥലത്തായതിനാൽ കോൾ എടുക്കാനായില്ലെന്നും പിന്നീട് ആ നമ്പറിലേക്ക് തിരികെ വിളിച്ചപ്പോഴാണ് സന്തോഷ വാർത്ത അറിഞ്ഞതെന്നും ഷൂ വ്യക്തമാക്കി. വിജയി ആയതിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഷു അവളുടെ സുഹൃത്തുക്കളോടൊപ്പം ഒരു റെസ്റ്റോറന്റിൽ പോയി ആഘോഷം നടത്തി. ഈ പണം ഉപയോഗിച്ച് തന്റെ കുടുംബത്തെ നന്നയി പരിപാലിക്കാൻ ആഗ്രഹിക്കുന്നതായി ഷൂ പറഞ്ഞു.
കുടുംബത്തെ ഈ പുതുവത്സരത്തിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് എടുത്ത് വിമാനത്തിൽ ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നതായും ഷു വ്യക്തമാക്കി. കൂടാതെ തന്റെ കുടുംബാംഗങ്ങൾക്കായി സമ്മാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്നും ഭാവിയിൽ കൂടുതൽ പണം സമ്പാദിക്കുന്നതിനായി ബാക്കി തുക നിക്ഷേപിക്കുമെന്നും ഷു വെളിപ്പെടുത്തി. തനിക്ക് കഴിയുന്നതു പോലെ തീർച്ചയായും ആളുകളെ സാമ്പത്തികമായി സഹായിക്കുമെന്നും ഷു സൂചിപ്പിച്ചു.






