
'എത്രയും വേഗം ആശുപത്രിയിലെത്തുക.' ഡോ. അനീസ് എം. മുസ്തഫയ്ക്കൊരു എമര്‍ജന്‍സി ഫോണ്‍കോള്‍. ഏതോ വി.ഐ.പി വീണ് ഗുരുതരമായി പരുക്കുപറ്റി ആശുപത്രിയിലെത്തിച്ചിട്ടുണ്ടെന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. അടിയന്തര സാഹചര്യം മനസിലാക്കി ആശുപത്രിയിലേക്ക് കുതിച്ചു. അവിടെയെത്തിയപ്പോഴാണ് തമിഴ് സൂപ്പര്‍താരം വിജയ്യുടെ അച്ഛന് എസ്.എ. ചന്ദ്രശേഖറാണ് പരുക്കേറ്റ് അത്യാഹിത വിഭാഗത്തിലുള്ളതെന്ന് തിരിച്ചറിഞ്ഞത്.
കുമരകത്തെ റിസോര്‍ട്ടില്‍ സിനിമാ ചര്‍ച്ചകള്‍ക്കെത്തിയ അദ്ദേഹം കുളിമുറിയില്‍ വീഴുകയായിരുന്നു. റിസോര്‍ട്ട് ജീവനക്കാരും സഹായികളും ചേര്‍ന്നാണ് കോട്ടയം ഭാരത് ഹോസ്പിറ്റലില്‍ എത്തിച്ചത്. പ്രാഥമിക പരിശോധനയില്‍ തലയ്ക്കും നട്ടെല്ലിനും സാരമായി പരുക്കേറ്റതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ന്യൂറോ സര്‍ജറി വിദഗ്ധനായ ഡോ. അനീസിനെ വിളിച്ചു വരുത്തുകയായിരുന്നു.
അപ്പോഴേക്കും വാര്‍ത്ത പുറംലോകം അറിഞ്ഞു. ആശുപത്രിയും പരിസരവുമാകെ ജനം നിറഞ്ഞു. വിജയ്യും കുടുംബവും എത്തുമെന്ന അഭ്യൂഹം പരന്നതോടെ ആരാധകരും ഒഴുകിയെത്തി. വിശദമായ പരിശോധനകള്‍ക്കു ശേഷം അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാലഞ്ചു ദിവസത്തെ ആശുപത്രിവാസം. അതിനുശേഷം വിശ്രമത്തിനായി റിസോര്‍ട്ടിലേക്ക് മടങ്ങി. അവിടെ നിന്നും ചെന്നൈയിലേക്കും.
നടന് വിജയ്യുടെ അച്ഛന്. സിനിമാ നിര്‍മ്മാതാവും സംവിധായകനും നടനുമൊക്കെയായ എസ്.എ. ചന്ദ്ര
ശേഖറിന്റെ വീഴ്ചയും പരുക്കും ചികിത്സയും വലിയ വാര്‍ത്താ പ്രാധാന്യം നേടി. ആശങ്ക ഉണ്ടായിരുന്നോ?
ഏതാനും വര്‍ഷം മുമ്പായിരുന്നു സംഭവം. അദ്ദേഹത്തിന്റെ പരുക്ക് അല്പം ഗൗരവമുള്ളതായിരുന്നു. നട്ടെല്ലിനും തലയോട്ടിക്കും ക്ഷതമുണ്ടായിരുന്നു. വീഴ്ചയില്‍ തലയോട്ടിക്ക് പൊട്ടലുണ്ടായിരുന്നു. എന്നാല്‍ ബോധം നഷ്ടപ്പെട്ടിരുന്നില്ല. സംസാരിക്കാനാകുന്നുണ്ടായിരുന്നു. ആ സാഹചര്യത്തില്‍ മറ്റൊരിടത്തേക്ക് കൊണ്ടുപോവുക സാധ്യമായിരുന്നില്ല. ഉടന്‍ സര്‍ജറി ആവശ്യമായിരുന്നു. അതുകൊണ്ടാണ് ഭാരതില്‍ തന്നെ സര്‍ജറി ചെയ്യാന്‍ തീരുമാനിച്ചത്.
വിജയ്യും ബന്ധുക്കളുമൊക്കെ ആ സമയം ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പതിവായി ചികിത്സിക്കുന്ന ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘവും ബന്ധപ്പെട്ടുകൊണ്ടിരുന്നു. അവര്‍ ആവശ്യമായ നിര്‍ദേശങ്ങളും നല്കുന്നുണ്ടായിരുന്നു. മറ്റ് സങ്കീര്‍ണതകളൊന്നും ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ പൂര്‍ണ ആരോഗ്യവാനായി തിരിച്ചയക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നു. ആ ഉറപ്പ് ബന്ധുക്കള്‍ക്കും നല്കി. നാട്ടിലെത്തിയിട്ടും അദ്ദേഹം ബന്ധം തുടര്‍ന്നു. ഒരിക്കല്‍ വിജയ്യെ ഫോണില്‍ വിളിച്ചുതന്നു. പിന്നീട് പല അഭിമുഖത്തിലും കോട്ടയത്തെ ചികിത്സാനുഭവം പങ്കുവച്ചിട്ടുണ്ട്. അടുത്തിടെ ഒരു ജീവകാരുണ്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹം വീണ്ടും ഹോസ്പിറ്റലില്‍ എത്തിയിരുന്നു.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് ന്യൂറോ സര്‍ജറി വിഭാഗം. ഈ മേഖല തെരഞ്ഞെടുക്കാന്‍ കാരണമെന്തായിരുന്നു?
വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതുതന്നെയാണ് സന്തോഷം. മുന്നിലെത്തുന്ന ഓരോ രോഗിയും, അവരുടെ വ്യത്യസ്തങ്ങളായ രോഗാവസ്ഥകളും വെല്ലുവിളികളാണ്. ഓരോ രോഗിയില്‍നിന്നും ഏറെ അറിയാനും പഠിക്കാനുമുണ്ട്. അതോടൊപ്പം ഒരു രോഗിയുടെ, അയാളുടെ കുടുംബാംഗങ്ങളുടെ, പ്രിയപ്പെട്ടവരുടെ പ്രതീക്ഷകള്‍ക്ക് കരുത്തുപകരാന്‍ കഴിയുന്നു. മരണത്തില്‍ നിന്നും ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരികെ കൈപിടിക്കാനാകുന്നു. ഗുരുതര മസ്തിഷ്ക രോഗങ്ങള്‍ ബാധിച്ച് വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവിച്ച രോഗികളെ സാധാരണ ജീവിതത്തില്‍ എത്തിക്കാനായിട്ടുണ്ട്.
ആശുപത്രിയില്‍ വീല്‍ച്ചെയറിലും സ്ട്രച്ചറിലുമെത്തിയവര് ആത്മവിശ്വാസത്തോടെ ആശുപത്രിയില്‍ നിന്നും നടന്നകലുന്ന കാഴ്ചയാണ് മനോഹരം. സര്‍ജറിയിലെ സങ്കീര്‍ണതകള്‍ മനസിലാക്കിതന്നെയാണ് ന്യൂറോ സര്‍ജറി തെരഞ്ഞെടുത്തത്. രോഗികളുമായി അടുത്തിടപഴകാനും അവരുടെ സ്നേഹവും വാത്സല്യവുമൊക്കെ വേണ്ടുവോളം ലഭിക്കാനും സാധിക്കുന്നുണ്ട്. ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ടാലും അവര്‍ ബന്ധം തുടരും. അവരുടെ വിശേഷങ്ങളൊക്കെ വിളിച്ചറിയിക്കും. പലരുടെയും ജീവിതത്തില്‍ വലിയ സ്ഥാനം നമുക്ക് തരുന്നുണ്ട്.
ന്യൂറോ സര്‍ജറിയുമായി ബന്ധപ്പെട്ട കേസുകള്‍ ചിലപ്പോഴൊക്കെ തെറ്റിദ്ധരിക്കപ്പെടുകയും വിവാദങ്ങള്‍ക്ക് കാരണവുമാകുന്നുണ്ട്?
എല്ലാ വിഭാഗത്തിലും അത്തരം സംഭവങ്ങളുണ്ടാകാറുണ്ട്. രോഗാവസ്ഥയെക്കുറിച്ചും ശസ്ത്രക്രിയാ രീതിയെക്കുറിച്ചുമുള്ള അജ്ഞതയാണ് ഇതിനു പ്രധാന കാരണം. ഇതൊഴിവാക്കാന്‍ രോഗിയുടെ അവസ്ഥ, ചികിത്സാരീതികള്‍, മരുന്നുകള്‍, ശസ്ത്രക്രിയാരീതികള്‍ എന്നിവയൊക്കെ ബന്ധുക്കളുമായി പങ്കുവയ്ക്കാറുണ്ട്. എങ്കിലും അതിന് പരിമിതികളുള്ളതായി തോന്നിയിട്ടുണ്ട്. ബന്ധുക്കള്‍ക്ക് രോഗിയുടെ കാര്യത്തില്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. എത്രയും വേഗം ജീവതത്തിലേക്ക് തിരികെ വരണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്. ശസ്ത്രക്രിയ വൈകുന്നതിനും നീണ്ടുപോകുന്നതിനുമൊക്കെ ഡോക്ടര്‍മാര്‍ക്ക് വ്യക്തമായ കാരണങ്ങളുണ്ടാകും. പക്ഷേ, ഇക്കാര്യങ്ങള്‍ രോഗിയും ബന്ധുക്കളും വേണ്ടവിധം മനസിലാക്കിയെന്നുവരില്ല. ഇത്തരം സാഹചര്യങ്ങളാണ് തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമാകുന്നത്.
പതിനാലു വര്‍ഷമായി തുടരുന്ന സര്‍ജറി. ഇത്രയും കാലത്തിനിടയില്‍ ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന രോഗികളുണ്ടാവില്ലേ?
ഒന്നോ രണ്ടോ പേരല്ല. നിരവധിയാളുകളുണ്ട്. മസ്തിഷ്കത്തിലും നട്ടെല്ലിനും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ സംഭവിച്ച് ചലനമറ്റ് കിടന്ന എത്രയോ രോഗികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്. ന്യൂറോ സര്ജനായതില് അഭിമാനിക്കുന്ന സന്ദര്‍ഭങ്ങള്‍. കോട്ടയം സ്വദേശിയായ ബിറ്റുവിനെയും ചങ്ങനാശേരി സ്വദേശിയായ സുനിലിനെയുമൊക്കെ ഒരിക്കലും വിസ്മരിക്കാനാവില്ല. തലച്ചോറില്‍ രക്തസ്രാവമായിരുന്നു ബിറ്റുവിന്. സര്‍ജറിക്കു ശേഷം എട്ടുദിവസത്തോളം വെന്റിലേറ്ററിലായിരുന്നു. ഒരു മാസത്തിനു ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. അതുവരെ കാത്തിരിക്കാന്‍ ബന്ധുക്കള്‍ ഒരുക്കമായിരുന്നു. നാല്‍പ്പത്തഞ്ചുകാരനായ ബിറ്റു ഇന്ന് സന്തോഷകരമായ കുടുംബജീവിതം നയിക്കുന്നു. മേജര്‍ സ്ട്രോക്കായിരുന്നു സുനിലിന്. ഒരിക്കലും മടങ്ങിവരാന്‍ കഴിഞ്ഞേക്കില്ലെന്ന് കരുതിയിരുന്നവരാണ് സര്‍ജറിയിലൂടെ അത്ഭുതകരമായ മടങ്ങിവരവ് നടത്തിയത്. ന്യൂറോ സര്‍ജറി ഒരു കൂട്ടായ്മയുടെ വിജയം കൂടിയാണ്. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും സഹകരണം ഉണ്ടെങ്കില്‍ മാത്രമേ സര്‍ജറി പൂര്‍ണമാവുകയുള്ളൂ.
ഡോക്ടറാകണമെന്ന ആഗ്രഹം എപ്പോഴാണ് ഉണ്ടായത്?
ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു ഡോക്ടറാവുകയെന്നത്. കുട്ടിക്കാലത്തുണ്ടായ ഒരു വീഴ്ചയായിരുന്നു അതിനു പിന്നിലെന്ന് വേണമെങ്കില്‍ പറയാം. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു അത്. ഞാവല്പഴം പറിക്കാന്‍ മരത്തില്‍ കയറിയതായിരുന്നു. കാല് തെറ്റി താഴെ വീണു. വീഴ്ചയില്‍ വലതു കാലിന് പരുക്കുപറ്റി. കടുത്ത വേദനയും നീരും. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പോയി. എക്സ്റേ പരിശോധനയില്‍ ഒടിവുണ്ടെന്ന് കണ്ടെത്തി.
വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങാനുണ്ടായ സാഹചര്യം എന്തായിരുന്നു?
സാമ്പത്തികമായി നേട്ടം വിദേശത്തെ ജോലി തന്നെയാണ്. എന്നാല്‍ കാണുന്ന രോഗികളുടെയും ചെയ്യുന്ന ശസ്ത്രക്രിയകളുടെയും എണ്ണം വിദേശത്ത് കുറവാണ്. നാട്ടില്‍ കാണുന്ന നാലിലൊന്ന് രോഗികളെ മാത്രമാണ് ഇവിടെ കാണാന്‍ കഴിയുന്നത്.
ആഴ്ചയില്‍ രണ്ടോ, മൂന്നോ സര്‍ജറികള്‍ മാത്രം. അവിടുത്തെ ആരോഗ്യരംഗത്തിന്റെ പ്രത്യേകതയാകാമത്. നാട്ടുകാര്‍ ചികിത്സയ്ക്കായി വിദേശനാടുകളെ ആശ്രയിക്കുന്നു. അവിടെ ജോലിക്കെത്തുന്ന അന്യനാട്ടുകാരാണ് മിക്കവാറും ചികിത്സയ്ക്കെത്തുന്നത്. നമ്മുടെ അറിവും പരിചയവും കൂടുതല്‍ രോഗികള്‍ക്ക് പ്രയോജനപ്പെടണമെന്നാണ് എന്റെ ആഗ്രഹം. നാട്ടിലാകുമ്പോള്‍ ധാരാളം രോഗികളെ കാണാം. അവരുടെ ആരോഗ്യപ്രശ്നങ്ങള്‍ കേള്‍ക്കാം. പരിഹാരം കാണാം.
തിരക്കിട്ട ജീവിതത്തിനിടെ ആരോഗ്യം, കുടുംബം?
താങ്ങാനാവാത്ത ജോലികള്‍ സ്വീകരിക്കാറില്ല. ആശുപത്രികളിലാണെങ്കിലും കൃത്യമായ സമയക്രമം പാലിക്കും. ഓ.പിയില്‍ കാണുന്ന രോഗികളെ പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ആരോഗ്യത്തെയും കുടുംബജീവിതത്തെയും ബാധിക്കുന്ന തിരക്കുകള്‍ ഉണ്ടാകാറില്ല. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കും.
യാത്രകളും വിനോദങ്ങളും ഉണ്ടാകും. കായിക വിനോദങ്ങള്‍ ഇഷ്ടമാണ്. എല്ലാ ദിവസവും രാവിലെ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ ഫുട്ബോള്‍ കളിക്കാന്‍ പോകും. പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതും പരിപാലിക്കുന്നതും വലിയ ഇഷ്ടമാണ്.
ആഹാര കാര്യത്തിലും വിശ്രമത്തിലും വിട്ടുവീഴ്ചകളുണ്ടാകില്ല. ഓരോ ദിവസവും മുന്‍കൂട്ടി തയറാക്കി തന്നെയാണ് മുന്നോട്ടുപോകുന്നത്. അതിനാല്‍ തിരക്കുകള്‍ വ്യക്തിജീവിതത്തെ ബാധിക്കില്ല.
പെരുമ്പാവൂരിനടുത്ത് പോഞ്ഞാശേരി, മലേക്കുടി എം.എ. മുസ്തഫയാണ് പിതാവ്. വൈദ്യുതി വകുപ്പില്‍ എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. റിട്ട. ഹെഡ്മിസ്ട്രസ് പാത്തുമ്മയാണ് മാതാവ്. ഭാര്യ ഡോ. ഫെബിന് സത്താര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ അനസ്തേഷ്യോളജിസ്റ്റാണ്. മക്കള്‍ നൗറിനും നേഹയും. കോട്ടയം മാന്നാനം കെ.ഇ.സ്കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് നൗറിന്. നേഹ ഇതേ സ്കൂളില്‍ നാലാം ക്ലാസിലും.