
മലപ്പുറം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ സർട്ടിഫിക്കറ്റിന് അപ്പീൽ വഴി അപേക്ഷിച്ചവർക്ക് ലഭിക്കാൻ കാലതാമസമുള്ളതായി പരാതി. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകണമെന്നായിരുന്നു സർക്കാർ നിർദേശം. ഇതിപ്പോൾ നീളുന്നതയാണ് പരാതി.
മുമ്പ് കോവിഡ് മരണമാണെന്ന് രജിസ്റ്റർ ചെയ്യാത്തവരും മരിച്ചവരുടെ വിവരം സാങ്കേതിക തകരാർ മൂലം വെബ്സൈറ്റിൽ ഉൾപ്പെടാത്തവരുമാണ് അപ്പീൽ വഴി അപേക്ഷിക്കുന്നത്.
സർട്ടിഫിക്കറ്റ് പരിശോധിച്ച് നൽകേണ്ടത് ജില്ലകളിലെ സമിതിയാണ്. അഡീഷനൽ ജില്ല മജിസ്ട്രേറ്റ് (അഡീഷനൽ ജില്ല കലക്ടർ), ജില്ല മെഡിക്കൽ ഓഫിസർ, അഡീഷനൽ ജില്ല മെഡിക്കൽ ഓഫിസർ/ ജില്ല സർവൈലൻസ് മെഡിക്കൽ ഓഫിസർ (കോവിഡ്), ജില്ലയിലെ ഒരു മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം മേധാവി (മെഡിക്കൽ കോളജ് ഇല്ലെങ്കിൽ ഡി.എസ്.ഒ (നോൺ കോവിഡ്), സാംക്രമിക രോഗങ്ങളുടെ തലവനോ പൊതുജനാരോഗ്യ വിദഗ്ധനോ (ലഭ്യമാകുന്നിടത്തെല്ലാം) എന്നിവർ ചേർന്നതാണ് ജില്ല കോവിഡ് മരണ നിർണയ സമിതി.






