
തെസ്സലോനികി: ഗ്രീസിൽ നിന്ന് ജർമ്മനിയിലേക്ക് പറന്ന റയൻഎയർ വിമാനത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. പറന്നുയരുന്നതിനിടെ എഞ്ചിന്റെ ഭാഗം അടർന്നുമാറി ജനൽ തകർത്തതിനെ തുടർന്ന് വിമാനത്തിനുള്ളിൽ ശക്തമായ വായുമർദ്ദവ്യതിയാനം അനുഭവപ്പെടുകയും ഒരു യാത്രക്കാരൻ പുറത്തേക്ക് തെറിച്ചുപോകുന്ന അവസ്ഥയിലാവുകയും ചെയ്തു.
വിമാനത്തിന്റെ ജനൽ പാളി വേർപെട്ടതോടെ 61 കാരനായ സെർബിയൻ വിനോദസഞ്ചാരിയുടെ തലയും തോളും വിമാനത്തിന് പുറത്താവുകയായിരുന്നു. യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാലും മറ്റ് യാത്രക്കാരുടെ സമയബന്ധിതമായ ഇടപെടലിനാലും വലിയൊരു ദുരന്തം ഒഴിവായി. ഘർഷണം മൂലമുള്ള പൊള്ളലേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.
ഗ്രീസിലെ തെസ്സലോനികിയിൽ നിന്ന് ജർമ്മനിയിലെ മെമ്മിംഗനിലേക്ക് പുറപ്പെട്ട എഫ് ആർ1879 റയൻഎയർ ബോയിംഗ് 737-8എ എസ് വിമാനത്തിലാണ് സംഭവം. വിമാനം ഉയർന്നുപൊങ്ങുന്നതിനിടെ എഞ്ചിനിൽ നിന്ന് ഏതോ ഭാഗം വേർപെടുകയും അത് വന്ന് ജനലിൽ ഇടിക്കുകയുമായിരുന്നു എന്നാണ് ഗ്രീക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നോർത്ത് മാസിഡോണിയയ്ക്ക് മുകളിലൂടെ പറക്കുമ്പോഴായിരുന്നു ഈ നടുക്കുന്ന സംഭവം.
"ഞങ്ങൾ മിക്കവരും ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് ടയർ പൊട്ടിത്തെറിക്കുന്നതുപോലെയുള്ള വലിയൊരു ശബ്ദം കേട്ടത്. പിന്നാലെ ആളുകളുടെ നിലവിളിയും ഉയർന്നു. വിമാനത്തിനുള്ളിൽ പെട്ടെന്ന് വായുമർദ്ദം കുറഞ്ഞു. ഓക്സിജൻ മാസ്കുകൾ താഴേക്ക് പതിച്ചു. നോക്കുമ്പോൾ ഒരു യാത്രക്കാരന്റെ പകുതി ശരീരം ജനലിന് പുറത്തായിരുന്നു. ഭാഗ്യത്തിന് അദ്ദേഹം സീറ്റ് ബെൽറ്റ് അഴിച്ചിരുന്നില്ല," എന്ന് ഒരു സഹയാത്രക്കാരി മാധ്യമങ്ങളോട് പറഞ്ഞു.
അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ സമീപത്തുണ്ടായിരുന്ന മറ്റ് യാത്രക്കാർ ചേർന്ന് ഇദ്ദേഹത്തെ വിമാനത്തിനുള്ളിലേക്ക് വലിച്ചുകയറ്റുകയായിരുന്നു.സംഭവത്തെത്തുടർന്ന് വിമാനം സുരക്ഷിതമായി തെസ്സലോനികി വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കിയതായി റയൻഎയർ പ്രസ്താവനയിലൂടെ അറിയിച്ചു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ജർമ്മനിയിലേക്ക് അയച്ചതായും കമ്പനി വ്യക്തമാക്കി.






