ന്യൂഡല്‍ഹി: നിര്‍ബന്ധിത ക്വാറന്റൈന് ഇല്ലാതെ തന്നെ വിദേശ സഞ്ചാരികള്‍ക്ക് ഇന്നുമുതല്‍ ഇന്ത്യയില്‍ പ്രവേശിക്കാം. രാജ്യത്ത് പകര്‍ച്ചവ്യാധി സ്ഥിതിമെച്ചപ്പെട്ട് 20 മാസത്തിന് ശേഷമാണ് സര്‍ക്കാരിന്റെ നീക്കം. വാക്സിന് സര്‍ക്കിഫിക്കറ്റ് പരസ്പരം അംഗീകരിച്ച രാജ്യങ്ങള്‍ക്കാണ് ഇളവ്. പൂര്‍ണമായി കുത്തിവയ്പ്പ് നടത്തിയ യുകെ, യുഎസ്എ, ഇസ്രായേല്‍, ബ്രസീല്‍, കാനഡ, റഷ്യ, ജര്‍മ്മനി എന്നിവയുള്‍പ്പെടെ 99 രാജ്യങ്ങളിലെ വിദേശസഞ്ചാരികള്ക്കാണ് ഇന്ത്യ ഇപ്പോള്‍ പ്രവേശനം അനുവദിച്ചിരിക്കുന്നത്.
ഇന്ത്യയിലേക്ക് പുറപ്പെട്ട് 72 മണിക്കൂറിനുളളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പുറമെ, ഈ 99 രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ എയര്‍ സുവിധ പോര്‍ട്ടലില്‍ അവരുടെ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണ്ടതുണ്ട്. ഇത്തരം വിനോദസഞ്ചാരികള്‍ ഇന്ത്യയില്‍ എത്തിയതിന് ശേഷം 14 ദിവസത്തേക്ക് അവരുടെ ആരോഗ്യം നിരീക്ഷിക്കണമെന്ന് മാത്രമാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.






