
നമ്മുടെ സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതി എന്ന് വിശേഷിപ്പിക്കാവുന്നതാണല്ലോ 2024ൽ യാഥാർഥ്യമാകുമെന്ന് കരുതപ്പെടുന്ന സിൽവർ ലൈൻ അഥവാ കെ റെയിൽ പദ്ധതി. 63,941 കോടി ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പ്രകാരം തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള യാത്ര സമയം നാലു മണിക്കൂറായി കുറയ്ക്കാൻ പറ്റും എന്നതാണ് സവിശേഷത. കൊച്ചുവേളി കഴിഞ്ഞാൽ കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശ്ശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളാണ് ഇടനാഴി കടന്നു പോകുന്ന സ്ഥലങ്ങളായി വിഭാവനം ചെയ്തിരിക്കുന്നത്. ഏകദേശം അമ്പതിനായിരത്തോളം പേർക്ക് പ്രത്യക്ഷവും പരോക്ഷവുമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നതു വളരെ ശ്രദ്ധേയമാണ്.
കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ സാക്ഷാത്കരിക്കപ്പെട്ടാൽ നമ്മുടെ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ താളം തെറ്റും എന്ന മറുവാദം ആണ് പരിസ്ഥിതി സ്നേഹിതർ മുന്നോട്ടുവയ്ക്കുന്നത്. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ മാധവ്ഗാഡ്ഗിൽ, സിവിൽ റൈറ്റ്സ് അഭിഭാഷകനായ പ്രശാന്ത് ഭൂഷൻ തുടങ്ങിയവരുടെ അഭിപ്രായത്തിൽ അതിവേഗ റെയിൽപാത പദ്ധതി, കേരളത്തിന് വൻ പ്രകൃതി ദുരന്തം സൃഷടിച്ചേക്കാമെന്നു മാത്രമല്ല കാലക്രമേണ വൻ സാമ്പത്തിക ആഘാതവും ഉണ്ടാക്കാം. പ്രകൃതിക്കനുയോജ്യമായ സുസ്തിര വികസന മാതൃകകൾ അവലംബിക്കുകയെന്നത് കാലത്തിന്റെ അനിവാര്യതയാണ്.
ആഗോളതാപനം പരിസ്ഥിതിക്ക് ഗുരുതരമായ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സമുദ്രനിരപ്പ് ഉയരുന്നതിനും, തീരദേശ ഭൂമിയുടെ നഷ്ടത്തിനും, മഴയുടെ പാറ്റേണിലെ മാറ്റത്തിനും, വളർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും അപകട സാധ്യതകൾ വർധിപ്പിക്കുന്നതിനും, ജൈവ വൈവിധ്യത്തിൽ ഭീഷണി ഉണ്ടാക്കുന്നതിനും കാരണമാകുന്നു. പകർച്ചവ്യാധികൾ, ഉഷ്ണ തരംഗങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇവയെല്ലാം കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഉണ്ടാകുന്നു. മറ്റു ജീവജാലങ്ങൾക്ക് ഒപ്പം നമ്മുടെ അതിജീവനത്തിനും വെല്ലുവിളിയാകുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം കാലാവസ്ഥാ വ്യതിയാനത്താൽ പ്രതിവർഷം 1,50,000 മരണങ്ങളാണ് ഉണ്ടാകുന്നത്. 2030 ആകുമ്പോഴേക്കുമിത് ഇരട്ടിയാകാനും സാധ്യതയുണ്ട്. ആഗോളതാപനത്തിന് ഏറ്റവും കുറഞ്ഞ സംഭാവന നൽകിയ രാജ്യങ്ങളാണ് തിക്തഫലങ്ങൾ കൂടുതലായി അനുഭവിക്കേണ്ടി വരുന്നു എന്നത് നിർഭാഗ്യകരമാണ്. ഉദാഹരണത്തിന് പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം, സബ് സഹാറൻ ആഫ്രിക്ക എന്നിവിടങ്ങളിലെ തീരപ്രദേശങ്ങൾക്ക് കാലാവസ്ഥാവ്യതിയാനം കൊണ്ടുള്ള അപകടസാധ്യത വളരെ വലുതാണ്.
പശ്ചിമഘട്ടത്തിനും ലക്ഷദ്വീപ് കടലിനും ഇടയ്ക്കുള്ള നമ്മുടെ സംസ്ഥാനം ജൈവ വൈവിധ്യത്താൽ സമ്പന്നമാണ്. എന്നാൽ അത്യധികം ഭീഷണിയും നേരിടുന്നു. ശാസ്താംകോട്ട ശുദ്ധജല തടാകം, വേമ്പനാട്ടു കായൽ, അഷ്ടമുടി കായൽ എന്നിങ്ങനെ മൂന്ന് സംസാർ സൈറ്റുകളാണ് (അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർതടങ്ങൾ നമുക്കുള്ളത്. ഭൂമിയിൽ ജലം സ്വാംശീകരിച്ച് നിർത്തുന്നതിന് തണ്ണീർത്തടങ്ങൾ അമൂല്യമായ പങ്ക് വഹിക്കുന്നു. എന്നാൽ വ്യത്യസ്ത സ്വഭാവത്തിലുള്ള തീവ്രതയിലും ഉള്ള അയ്യായിരത്തി ലധികം ഉരുൾപൊട്ടലുകൾ, അടിക്കടി ഉണ്ടാകുന്ന ന്യൂനമർദ്ദം, മേഘ വിസ്ഫോടനം, ചകവാതച്ചുഴി, ഇവയെല്ലാം സംസ്ഥാനത്തെ പിടിച്ചുലച്ചിരിക്കുകയാണ്. കവളപ്പാറ, കുട്ടിക്കൽ, കൊക്കയാർ ദുരന്തങ്ങൾ ഇവയെല്ലാം ഭാവിയിലെ വൻ ദുരന്തങ്ങൾക്കുള്ള മുന്നറിയിപ്പുകളായി നാം കരുതണം. ഇത്തരത്തിലുള്ള അസാധാരണമായ കാലാവസ്ഥ സംഭവങ്ങൾ നൂറുകണക്കിന് ആളുകളെയാണ് ഭവനരഹിതർ ആക്കിയിരിക്കുന്നത്. കുറച്ചുനാളുകളായി മുതൽ തീവ്ര കാലാവസ്ഥയെ തുടർന്നുള്ള അനിഷ്ട സംഭവങ്ങൾ കേരളം അനുഭവിച്ചു വരികയാണ്. 2016ലെ വരൾച്ച, 2017ലെ ഓഖി 2018-19 വെള്ളപ്പൊക്കവും ഉരുൾപൊട്ടലും ഇവയിൽ ചിലത് മാത്രം. മേഘവിസ്ഫോടനങ്ങളും (ഒരു മണിക്കൂറിൽ 10 സെൻറീമീറ്റർ മഴ ചെറു മേഘവിസ്ഫോടനങ്ങളും (രണ്ട് മണിക്കൂറിൽ 5 സെൻറീമീറ്റർ മഴ) വൻതോതിലുള്ള മണ്ണിടിച്ചിലിനു കാരണമാകുന്നു. ഈ വർഷം ആഗസ്റ്റിൽ പുറത്തിറക്കിയ കാലാവസ്ഥാ വ്യതിയാന ഇന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് റിപ്പോർട്ട്(ഐ.പി.സി.സി) പ്രകാരം മഴ വർദ്ധിക്കുന്നതോടൊപ്പം സമുദ്രനിരപ്പ് ഉയരുന്നു എന്നും സൂചിപ്പിക്കുന്നു. ശംഖുമുഖം കടൽപ്പുറം പ്രത്യക്ഷത്തിലുള്ള ഉദാഹരണമാണ്.
ഗ്ളാസ്ഗോ ഉച്ചകോടി
നമ്മുടെ അതിവേഗ റെയിൽപാത എന്ന പദ്ധതി ഗ്ളാസ്ഗോയിൽ നടന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ വെച്ച് ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഇന്ത്യ നൽകിയിട്ടുള്ള ഉറപ്പുകളെ ശീഥിലീകരിക്കുകയില്ലേ എന്നും ആശങ്കപ്പെടേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന് ഇടയാക്കുന്ന ഹരിതഗൃഹവാതകങ്ങളുടെ ഉല്പാദനവും ബഹിർഗമനവും നിയന്ത്രിച്ച്, അന്തരീക്ഷ ഊഷ്മാവിലെ വർദ്ധനവ് കുറയ്ക്കുന്നതിനായി ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ നൂറിലേറെ രാഷ്ട്രങ്ങൾ പങ്കെടുത്ത മഹാസമ്മേളനം ആണ് "ഗ്ളാസ്ഗോ ഉച്ചകോടി' അഥവാ "cop26' എന്നറിയപ്പെടുന്ന ആഗോള കാലാവസ്ഥ ഉച്ചകോടി. ഇതിൽ ഇന്ത്യ ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ ഹരിതാഭമായ പ്രത്യാശയാണ് പകർന്നത്. 2015 പാരീസിൽ വച്ച് നടന്ന ആഗോള കാലാവസ്ഥ ഉടമ്പടി പ്രകാരം, വ്യവസായവത്കരണം തുടങ്ങുന്നതിനു മുൻപുള്ള ആഗോള താപനിലയെക്കാൾ രണ്ട് ഡിഗ്രി സെൽഷ്യസ് കൂടാതെ നോക്കണമെന്നായിരുന്നു. ഈ ഉടമ്പടിയിലെ വ്യവസ്ഥകൾ നടപ്പിലാക്കിയാൽ പോലും ഇപ്പോഴത്തെ സ്ഥിതിയിൽ ആഗോളതാപനം 2.7 ഡിഗ്രി കൂടി ഉയരുമെന്ന ഐ.പി.സി.സി. റിപ്പോർട്ട് (ഇൻറർ ഗവൺമെൻറൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്) ആശങ്ക ഉണർത്തുന്നു. അതിനാൽ ആഗോള താപനില 1.5 ഡിഗ്രി സെൽഷ്യസ് ആയി നിലനിർത്തണമെന്നും, 30 വർഷങ്ങൾക്കുള്ളിൽ നെറ്റ് സീറോ എമിഷൻ കൈവരിക്കണമെന്നുമാണ് പടിഞ്ഞാറൻ രാജ്യങ്ങളും, ദ്വീപ് രാജ്യങ്ങളും അഭിപ്രായപ്പെട്ടത്.
താപനില ഉയർത്തുന്ന ഹരിതഗൃഹ വാതകമായ കാർബൺ ഡയോക്സൈഡ് പുറന്തള്ളുന്നതിനും തിരിച്ച് അന്തരീക്ഷത്തിൽ നിന്ന് മാറ്റുന്നതിന്റെയും തോത് സമം ആയിരിക്കുക എന്നതാണ് “നെറ്റ് സീറോ എമിഷൻ കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ കഴിഞ്ഞ ഗ്ലാസ് സമ്മേളനം പരിസ്ഥിതി, ഊർജ്ജം എന്നീ രണ്ട് ആശയങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ഈ ഉച്ചകോടിയിൽ ഉയർന്ന് കേട്ട് വളരെ പ്രധാനപ്പെട്ട വിഷയമാണ് വനനശീകരണം. ഓരോ വർഷവും നശിപ്പിക്കപ്പെടുന്ന വനഭൂമി 1.2 കോടി ഹെക്ടറാണ് എന്നത് അമ്പരപ്പിക്കുന്ന ഒരു കാര്യമാണ്. ഹരിതഗൃഹവാതക ബഹിർഗമനത്തിന്റെ ആകെ അളവില് 25% വനനശീകരണത്താലാണ് ഉണ്ടാകുന്നത്. അങ്ങനെ പ്രതിവർഷം 8000 കോടി യുഎസ് ഡോളറാണ് വനനശീകരണം മൂലം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം. 9 വർഷത്തിനുള്ളിൽ ലോകാതെ 80% വനവും സംരക്ഷിക്കാനുള്ള 1200 കോടി യു എസ് ഡോളർ പദ്ധതിയിൽ 110 ലോകാരാഷ്ട്രങ്ങളാണ് ഒപ്പുവച്ചത് എന്നത് ശ്രദ്ധേയമാണ്.ഹരിതഗൃഹവാതകങ്ങൾ കാരണം അന്തരീക്ഷ ഊഷ്മാവ്വിലെ വർദ്ധനവ് പ്രകൃതിയെ സാരമായി ബാധിച്ചിരിക്കുന്നു. ഉദാഹരണത്തിന് 1979- 92 കാലഘട്ടത്തിൽ ഉത്തരധ്രുവ മേഖലയിലെ ആർട്ടിക് സമുദ്രത്തിൽ, 6.95 മില്യൺ ചതുരശ്രകിലോമീറ്ററോളം ഭാഗത്ത് മഞ്ഞുമല ഉണ്ടായിരുന്നെങ്കിൽ, 2021 ആകുമ്പോഴേക്കും അത് 4.72 മില്യൻ ചതുരശ്ര കിലോമീറ്ററായി കുറഞ്ഞിരിക്കുന്നു. കുറച്ചു വർഷങ്ങളായി വേനൽക്കാലത്ത് ഇവിടെ ഉരുകുന്ന മഞ്ഞുപാളികളുടെ തോതില് വലിയ വർദ്ധനവുണ്ടെന്നും അതിനാല് ലോകരാഷ്ട്രങ്ങൾ ഇത് ഗൌരവത്തില് പരിഗണിക്കണമെന്നും വേൾഡ് വൈഡ് ഫൺഡ് ഫോർ നേച്ചർ ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെടുന്നു. ആകെ ഹരിതഗൃഹവാതകങ്ങളുടെ 6.8 ശതമാനം പുറന്തള്ളുന്ന ഇന്ത്യ 2070 ആകുമ്പോഴേക്കും നെറ്റ് സീറോ എന്ന ലക്ഷ്യം കൈവരിക്കുമെന്നാണ് അവകാശപ്പെടുന്നത്. യു എസ്, യൂറോപ്യൻ യൂണിയൻ, ഓസ്ട്രേലിയ, ബ്രസീൽ തുടങ്ങിയ ലോകരാഷ്ട്രങ്ങൾ 2050ൽ നെറ്റ് സീറോ കൈവരിക്കും എന്ന് പറയുമ്പോൾ ഹരിതഗൃഹവാതകങ്ങളുടെ 23.9 ശതമാനം വികിരണ പങ്കുള്ള ചൈന 2060 ആണ് നെറ്റ് സീറോ ലക്ഷ്യമിടുന്ന വർഷം. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങൾ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളുടെ അളവ് ആകെ അളവിൽ 72.5 ശതമാനം വരും .
ഇന്ത്യയുടെ പഞ്ചരത്നം
ഈ ഉച്ചകോടിയിൽ ഇന്ത്യ പ്രധാനമായും 5 തീരുമാനങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. നെറ്റ് സീറോ എമിഷൻ 2070നകം ആർജ്ജിക്കുക. ഇന്ത്യയുടെ ഫോസിൽ ഇതര ഊർജ്ജ ശേഷി 2030 ആകുമ്പോഴേക്കും 500 ജിഗാബൈറ്റ് ആയി ഉയർത്തുക ഊർജ ആവശ്യങ്ങൾ 50% പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽ നിന്നും നിറവേറ്റുക. 2030ന് അകം ഇന്ത്യയുടെ കാർബൺ ബഹിർഗമനം 100 കോടി ടൺ കുറയ്ക്കുക, സാമ്പത്തികമേഖലയിൽ കാർബൺ ഇന്ധനങ്ങൾ 45 ശതമാനത്തിൽ താഴെയാക്കുക എന്നതാണ് ഇന്ത്യയുടെ അഞ്ച് ലക്ഷ്യങ്ങൾ. അതോടൊപ്പം യു.കെ യുമായി ചേർന്ന് പ്രഖ്യാപിച്ച ഒരു സൂര്യൻ, ഒരു ലോകം, ഒരു ഗ്രിഡ് എന്ന പുനരുപയോഗ ഊർജ്ജ പദ്ധതിക്കും വലിയ അംഗീകാരമാണ് ലോകരാഷ്ട്രങ്ങളിൽ നിന്നും ലഭിച്ചത്.എന്നാൽ ഇവ പ്രാവർത്തികമാക്കണമെങ്കിൽ പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കേന്ദ്ര-സംസ്ഥാന ഗവൺന്റുകൾ കൃത്യമായി നടപ്പിലാക്കണം. അതിനൊപ്പം നമ്മുടെ നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ, ചെറുകാടുകൾ, കാവുകൾ, കണ്ടൽ കാടുകൾ, കുളങ്ങൾ എല്ലാം നിലനിർത്തിക്കൊണ്ടുള്ള സുസ്ഥിര വികസനം ആണ് വേണ്ടത് എങ്കിൽ മാത്രമേ നമുക്ക് ഈ 5 ലക്ഷ്യങ്ങൾ നിറവേറ്റാൻ സാധിക്കുകയുള്ളു.
സിൽവർ ലൈനും പാരിസ്ഥിതിക ആഘാതവും
അതിവേഗ റെയിൽപാത സ്ഥാപിക്കുന്നത് വഴി കാർബൺ എമിഷൻ അഥവാ കാർബൺഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാം എന്ന ആശയം നല്ലതാണെങ്കിലും പ്രയോഗികമാണോ എന്നു ചിന്തിക്കേണ്ടതുണ്ട്. ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള നമ്മുടെ സംസ്ഥാനത്ത്, ഈ പദ്ധതി നടപ്പിലാക്കാനായി വലിയ തോതിലുള്ള കുടിയൊഴിപ്പിക്കലുകൾ വേണ്ടിവരും. തണ്ണീർത്തടങ്ങൾ, നദികൾ നെൽവയലുകൾ, തടാകങ്ങൾ എന്നിവയിലൂടെ അതിവേഗ റെയിൽ പാത കടന്നു പോകുന്നതിനാൽ 1383 ഹെക്ടറോളം നിലംനികത്തൽ ആവശ്യമായിവരുന്നു. നീതി ആയോഗ് കണക്കുകൾ പ്രകാരം 28.157 കോടി രൂപയോളം ചിലവ് ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാര തുകയായി മാത്രം വേണ്ടിവരും വരും. സംസ്ഥാന ഗവൺമെന്റ് 2150 കോടി രൂപയുടെ ധനസഹായമാണ് കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. സെമി ഹൈസ്പീഡ് റയലിന് വിദേശ വായ്പ ലഭ്യമാക്കാനുള്ള കേരളത്തിന്റെ പദ്ധതിക്ക് സ്റ്റാൻഡിങ് ഗ്യാരണ്ടി നൽകണമെന്ന് നിർദ്ദേശത്തോട് കേന്ദ്ര സർക്കാർ ഉറച്ചുനിൽക്കുന്നു..
കെ റെയിൽ നൽകിയ വിവരാവകാശ മറുപടി പ്രകാരം പദ്ധതിക്കായി 9314 കെട്ടിടങ്ങളാണ് നശിപ്പിക്കേണ്ടി വരുന്നത്. പതിനായിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടതായി വരും. മെട്രോമാൻ ശിധരന്റെ അഭിപ്രായത്തിൽ ഇത് ഇരുപതിനായിരത്തിലധികവും ആകാം. സിൽവർ ലൈൻ റാപ്പിഡ് എൻവിയോൺമെന്റ് ഇമ്പാക്ട് അസ്സെസ്സ്മെന്റ് റിപ്പോർട്ട് (ആർ ഇ ഐ എ) സൂചിപ്പിക്കുന്നത്. പദ്ധതിയുടെ ആകെ മൊത്തം 530 കിലോമീറ്ററിൽ ഹൈഡ്രോളജിക്കൽ പാരിസ്ഥിതിക ആഘാത മേഖലകളായ 164 സ്ഥലങ്ങളുണ്ടെന്നാണ്. കൂടാതെ 500 മീറ്ററിനുള്ളിൽ ഭൂവിനിയോഗത്താൽ മാറ്റങ്ങൾ വരാം എന്ന് പ്രവചിക്കുന്നു. വിദഗ്ധരുടെ അഭിപ്രായത്തിൽ അത് 500 മീറ്ററിലധികവുമാകാം.
പദ്ധതിയുടെ ഭാഗമായി ആസൂത്രണം ചെയ്യുന്ന നിരവധി പാലങ്ങൾക്ക്, വൻതോതിൽ കരിങ്കല്ലും മണ്ണും, മണലും ആവശ്യമായിവരുന്നതുകൊണ്ടു തന്നെ പശ്ചിമഘട്ടത്തിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നത് കേരളത്തിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ആർ. വി ജെ. മേനോൻ അഭിപ്രായപ്പെടുന്നു. ഇപ്രകാരം തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള നിരവധി ഗ്രാമങ്ങളുടെ പാരിസ്ഥിതികവും, സാമ്പത്തികവും, സാമൂഹികവുമായ സന്തുലിതാവസ്ഥയെ ബാധിക്കുന്നു.
ഈ ഇടനാഴി കടന്നു പോകുന്ന സ്ഥലങ്ങളും പാരിസ്ഥിതികമായി ദുർബലപ്പെട്ടതും എന്നാൽ വംശനാശഭീഷണി നേരിടുന്ന അപൂർവയിനം ജൈവ വൈവിധ്യത്താലും സമ്പുഷ്ടമാണ്. അതിനാൽ തന്നെ ഇത് നടപ്പായാൽ ഉള്ള പാരിസ്ഥിതിക ആഘാതം വളരെ വലുതായിരിക്കും. ഉദാഹരണത്തിന് കണ്ണൂർ ജില്ലയിലെ മാടായി പാറ പാരിസ്ഥിതികമായി ദുർബലമായ കവ്വായി കായലുകളാലും, ചെറിയ നദികളാലും ചുറ്റപ്പെട്ട ലാറ്ററേറ്റ് കുന്നാണ്. കണ്ണൂരിന്റെ 0.01 ശതമാനത്തിൽ താഴെ മാത്രമാണ് ഈ കുന്നിൻ പ്രദേശമെങ്കിലും ജില്ലയിലെ സസ്യജാലങ്ങളുടെ 58.75 ശതമാനം ഇവിടെയാണുള്ളത്.
അപൂർവ്വ ഇനം സസ്യങ്ങളും, ഉരഗങ്ങളും, ഷഡ്പദങ്ങളും ഉള്ള ഈ ദുർബല പ്രദേശം ജൈവവൈവിധ്യത്താൽ അനുഗ്രഹീതമാണ് .പക്ഷേ സിൽവർലൈൻ ഈ പ്രദേശത്തിലൂടെ കടന്നു പോകുന്നതിനാൽ ഇവിടത്തെ ജൈവ വൈവിധ്യത്തെ സാരമായി ബാധിക്കുന്നു. മാടായിപ്പാറയിൽ നിന്നും ഏകദേശം 132 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന കടലുണ്ടി പക്ഷിസങ്കേതം, പരിസ്ഥിതിലോലപ്രദേശമായി പൊന്നാനി, തൃശൂർ കോൾ തടാകങ്ങൾ, നിരവധി കുളങ്ങൾ ഉള്ള തിരുനാവായ ഗ്രാമം ഇവയെല്ലാം ഉദാഹരണങ്ങൾ മാത്രം. അതിനാൽ പദ്ധതിക്കായി കൃത്യമായ ശാസ്ത്രീയവും, സാങ്കേതികവും, സാമൂഹികവും, പാരിസ്ഥിതികവും, സാമ്പത്തികവുമായ ആഘാത പഠനങ്ങൾ നടത്തിയതിനു ശേഷം മാത്രമേ ഈ പദ്ധതി നടപ്പിലാക്കാവു എന്നാണ് പരിസ്ഥിതി സ്നേഹികൾ സ്വരത്തിൽ ഒരേ ആവശ്യപ്പെടുന്നത്.
(കെ . എസ് .എം.ഡി .ബി കോളേജിലെ ഡിപ്പാർട്മെന്റ് ഓഫ് ബോട്ടണിയില് അസിസ്റ്റന്റ് പ്രൊഫസറാണ് ലക്ഷ്മി എസ്. കുമാർ)




